ബജ്‌രംഗ് പുനിയയ്ക്ക് ആഗോള വിലക്ക് , സസ്പെൻഷൻ ഈ വർഷം അവസാനം വരെ
Mail This Article
ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു തയാറായില്ല എന്ന കാരണത്താൽ ഇന്ത്യൻ ഗുസ്തി താരം ബജ്‌രംഗ് പുനിയയ്ക്ക് ലോക ഗുസ്തി സംഘടനയുടെ (യുണൈറ്റഡ് വേൾഡ് റസ്‌ലിങ് –യുഡബ്ല്യുഡബ്ല്യു) സസ്പെൻഷൻ.
ഈ വർഷം അവസാനം വരെയാണു മത്സരങ്ങളിൽനിന്നു വിലക്കിയിരിക്കുന്നത്. പരിശോധനയ്ക്കു തയാറാകാതിരുന്ന പുനിയയെ ദേശീയ ഉത്തേകജ വിരുദ്ധ ഏജൻസി (നാഡ) ഏതാനും ദിവസം മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു രാജ്യാന്തര ഗുസ്തി സംഘടനയുടെയും നടപടി.
ഇതിനിടെ ബജ്‌രംഗിനു വിദേശ രാജ്യത്തു പരിശീലനം നടത്താൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) 8.82 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും താൻ പരിശീലനത്തിനു പോകുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മാർച്ച് 10നു ഹരിയാനയിൽ നടന്ന ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള സിലക്‌ഷൻ ട്രയൽസിൽ പരാജയപ്പെട്ട ബജ്‌രംഗ് ഉത്തേജക പരിശോധനയ്ക്കു സാംപിൾ നൽകാതെ വേദി വിട്ടുപോയിരുന്നു. അതിനു ശേഷം സാംപിൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചില്ലെന്നു കാട്ടിയാണു നാഡ ബജ്‌രംഗ് പുനിയയെ ഏപ്രിൽ 23നു സസ്പെൻഡ് ചെയ്തത്.