അത്ര ഫ്രൻഡ്ലി അല്ല കാര്യങ്ങൾ!
Mail This Article
യുക്രെയ്ന് എതിരെയുള്ള യുദ്ധത്തിനുശേഷം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒഎ) വേദികളിലെല്ലാം റഷ്യയ്ക്കു വിലക്കുണ്ട്. അവരെ പിന്തുണയ്ക്കുന്നതിന്റെ പേരിൽ ബെലാറൂസിനും സമാന വിലക്കുണ്ട്. എന്നാൽ യോഗ്യത നേടുന്ന റഷ്യൻ, ബെലാറൂസ് താരങ്ങൾക്കു പാരിസ് ഒളിംപിക്സിൽ ന്യൂട്രൽ അത്‌ലീറ്റുകൾ ആയി മത്സരിക്കാം. മെഡൽ നേടിയാൽ രാജ്യത്തിന്റെ പേരിൽ കൂട്ടുകയില്ല.
ഐഒസിയുടെ ഈ നീക്കത്തിനെതിരെ റഷ്യയുടെ പ്രതിഷേധമാണ് ഒളിംപിക്സ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ സെപ്റ്റംബർ 15 മുതൽ 29 വരെ മോസ്കോയിൽ നടത്താൻ പോകുന്ന വേൾഡ് ഫ്രൻഡ്ഷിപ് ഗെയിംസ്. രാജ്യത്തിന്റെ പേരിലല്ല ഇവിടെ മത്സരം. താരങ്ങൾക്കു തനിയെ പങ്കെടുക്കാം. വിജയികൾക്കു കാഷ് അവാർഡുമുണ്ട്. കായികവേദിയെ രാഷ്ട്രീയവൽക്കരിക്കാനുള്ള ഗൂഢാലോചനയാണു റഷ്യയുടെ ‘സൗഹൃദമേള’യെന്നും താരങ്ങൾ അതു ബഹിഷ്കരിക്കണമെന്നുമാണു രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ ആഹ്വാനം.
ഇതാദ്യമല്ല ഇത്തരമൊരു വിമത ഗെയിംസ്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സ് ബഹിഷ്കരിച്ചതിനു പിന്നാലെ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ ഫ്രൻഡ്ഷിപ് ഗെയിംസ് സംഘടിപ്പിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് 1980ലെ മോസ്കോ ഒളിംപിക്സ് യുഎസിന്റെ നേതൃത്വത്തിൽ ബഹിഷ്കരിച്ചതിനു മറുപടി ആയിട്ടായിരുന്നു സോവിയറ്റ് നീക്കം. സോവിയറ്റ് രാജ്യങ്ങളും കിഴക്കൻ ജർമനി, ഉത്തര കൊറിയ, പോളണ്ട്, ക്യൂബ എന്നിവയുമൊക്കെ ഗെയിംസിനു വേദിയൊരുക്കി. 49 രാജ്യങ്ങളിൽനിന്നുള്ള കായികതാരങ്ങൾ മത്സരിക്കാനിറങ്ങി.
സോവിയറ്റ് യൂണിയൻ 126 സ്വർണം നേടി ഒന്നാമതെത്തി. രണ്ടാമത് കിഴക്കൻ ജർമനി- 50 സ്വർണം.