രക്ഷാപ്രവർത്തനം; ഒളിംപിക് മോഡൽ!
Mail This Article
പാരിസ് ഒളിംപിക്സ് എന്ന വലിയ സ്വപ്നത്തിന് അവധി കൊടുത്ത്, നാട്ടിലെ പ്രളയബാധിതർക്കു പിന്തുണയുമായി ബ്രസീലിലെ കായികതാരങ്ങൾ. പ്രളയത്തിൽ മുങ്ങിയ തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ സംസ്ഥാനത്തു നിന്നുള്ള റോവിങ് (തുഴച്ചിൽ) താരങ്ങളാണു മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടിയത്.
റോവിങ് താരങ്ങളായ എവാൾഡോ ബെക്കർ, പിയദ്രോ ടുഷൻഹേഗൻ എന്നിവർ ഒളിംപിക് യോഗ്യതാ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.
മികച്ച ഫോമിലുള്ള ഇരുവരും പാരിസ് ടിക്കറ്റ് ഉറപ്പിക്കാനിരിക്കെയാണു നാട്ടിൽ പ്രളയമുണ്ടായത്. അതോടെ ഒട്ടും മടിക്കാതെ പ്രളയബാധിതരെ രക്ഷിക്കാൻ നാട്ടുകാർക്കൊപ്പം വള്ളവുമായിറങ്ങി. സംസ്ഥാന തലസ്ഥാനമായ പോർട്ടോ അലെഗ്രയിലെ ഗ്വയ്ബ നദി കനത്തമഴയിൽ കര കവിഞ്ഞതോടെയാണു പ്രളയമുണ്ടായത്. ഇതോടെ ഇരുവരുടെയും പരിശീലനവും മുടങ്ങിയിരുന്നു. ‘ഞങ്ങളുടെ നാടും നാട്ടുകാരും ദുരിതത്തിൽ മുങ്ങുമ്പോൾ ഒളിംപിക് മോഹവുമായി മുന്നോട്ടുപോകാൻ ഞങ്ങൾക്കു തോന്നിയില്ല. അതാണു പരിശീലനം ഉപേക്ഷിച്ചു രക്ഷാപ്രവർത്തനത്തിനിറങ്ങിയത്’ – എവാൾഡോയും ടുഷൻഹേഗനും പറഞ്ഞു. മറ്റു ചില ബ്രസീൽ കായികതാരങ്ങളും രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നിട്ടുണ്ട്. പ്രളയത്തിൽ ഇതുവരെ 113 പേർ മരിച്ചു. 3 ലക്ഷം പേരെ പ്രളയം ബാധിച്ചെന്നാണു കണക്ക്.