ഫെഡറേഷൻ കപ്പ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്നിറങ്ങുന്നു; ലക്ഷ്യം 90 മീറ്റർ
Mail This Article
മാന്ത്രിക ദൂരമായ 90 മീറ്റർ പിന്നിട്ട് ജാവലിൻ വീഴുന്നത് സ്വന്തം രാജ്യത്തു തന്നെയാകണം എന്നാണോ നീരജ് ചോപ്രയുടെ മോഹം? ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് പുരുഷ ജാവലിൻത്രോ ഫൈനലിനായി ഒളിംപിക്സ് ചാംപ്യൻ നീരജ് ചോപ്ര ഇന്നിറങ്ങുമ്പോൾ ഇന്ത്യ മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആ സ്വപ്ന നേട്ടത്തിനാണ്.
ഒളിംപിക്സും ലോക ചാംപ്യൻഷിപ്പുമടക്കമുള്ള വിസ്‌മയ നേട്ടങ്ങളുടെ പൊൻകവചമുള്ള ജാവലിൻ കൊണ്ട് നീരജിന് ഇതുവരെ കീഴടക്കാനാകാത്ത നേട്ടമാണ് 90 മീറ്റർ. 3 വർഷത്തെ ഇടവേളയ്ക്കുശേഷം സ്വന്തം നാട്ടിൽ മത്സരിക്കുന്ന നീരജ് ഇന്ന് ഭുവനേശ്വറിലെ മണ്ണിൽ ആ ലക്ഷ്യം കൈവരിച്ചാൽ ഇന്ത്യൻ കായികലോകത്തിന് അത് ഒളിംപിക്സിനു മുൻപുള്ള മധുരനേട്ടമായി മാറും. ഇന്നു വൈകിട്ട് ഏഴിനാണ് പുരുഷ ജാവലിൻത്രോ ഫൈനൽ.
പാരിസ് ഒളിംപിക്സിനായി യൂറോപ്പിൽ കഠിന പരിശീലനം നടത്തുന്നതിനിടെയായിരുന്നു രാജ്യത്തെ മത്സരവേദിയിലേക്കുള്ള നീരജിന്റെ അപ്രതീക്ഷിത മടങ്ങിവരവ്. 2021ലെ ഫെഡറേഷൻ കപ്പായിരുന്നു നീരജ് ഇന്ത്യയിൽ അവസാനം പങ്കെടുത്ത ചാംപ്യൻഷിപ്. ഒളിംപിക്സ് യോഗ്യതാ നേരത്തേ ഉറപ്പാക്കിയതിനാൽ സമ്മർദങ്ങളില്ലാതെ മത്സരിക്കാമെന്നതാണ് ഇത്തവണ ഭുവനേശ്വറിൽ നീരജിനുള്ള നേട്ടം. നാട്ടിലെ അന്തരീക്ഷവും ആരാധകരുടെ ആർപ്പുവിളിയും കരിയറിലെ ഏറ്റവും മികച്ച പ്രകടനം നടത്താൻ നീരജിന് അനുകൂല അന്തരീക്ഷമൊരുക്കും.2021 ടോക്കിയോ ഒളിംപിക്സിൽ 87.58 മീറ്റർ പ്രകടനത്തോടെ സ്വർണം നേടിയ നീരജ് അന്നു തോൽപിച്ചവരിൽ കരിയറിൽ
17 തവണ 90 മീറ്റർ പിന്നിട്ട ജർമനിയുടെ ജൊഹാനസ് വെറ്ററുമുണ്ടായിരുന്നു. എന്നാൽ അതിനുശേഷം ലോകത്തെ ജാവലിൻത്രോ പോരാട്ടങ്ങളുടെ കടുപ്പം കൂടി. നീരജിന്റെ പ്രകടനത്തിലും 2.36 മീറ്ററിന്റെ വളർച്ചയുണ്ടായി. 2022ലെ സ്റ്റോക്കോം ഡയമണ്ട് ലീഗിലെ 89.94 മീറ്റർ ദൂരമാണ് നിലവിൽ നീരജ് ചോപ്രയുടെ കരിയർ ബെസ്റ്റ്. 90 തൊടാൻ വെറും 6 സെന്റിമീറ്ററിന്റെ വ്യത്യാസമേയുള്ളൂവെങ്കിലും ആ ചെറിയ വർധനയ്ക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് 2 വർഷത്തോളമായി.
പാരിസ് ഒളിംപിക്സ് 2 മാസം അകലെ നിൽക്കെ ഒളിംപിക്സിലെ നീരജിന്റെ പ്രധാന എതിരാളികളെല്ലാം 90 മീറ്റർ കടമ്പ പിന്നിട്ടവരാണ്. നിലവിലെ ചാംപ്യന്റെ പകിട്ടോടെ പാരിസിനൊരുങ്ങുന്ന നീരജിന്റെ ആത്മവിശ്വാസം കുത്തനെ ഉയർത്താൻ ഒരു 90 മീറ്റർ പ്രകടനത്തിനു സാധിക്കും.
നീരജ് Vs ജന
12 പേർ മത്സരിക്കുന്ന ഇന്നത്തെ ജാവലിൻത്രോ ഫൈനലിൽ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ ഒഡീഷ താരം കിഷോർകുമാർ ജന പ്രധാന എതിരാളിയായുണ്ട്. ഏഷ്യൻ ഗെയിംസിനിടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച ജന (87.54 മീറ്റർ) മത്സരത്തിന്റെ ഒരു ഘട്ടത്തിൽ നീരജിനെ പിന്നിലാക്കുകയും ചെയ്തിരുന്നു. ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാവായ ഡി.പി.മനുവും ഭുവനേശ്വറിൽ മത്സരത്തിനുണ്ട്.