ജോക്കോ റിട്ടേൺസ്; ആദ്യ 2 സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചുവരവ്, യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ
Mail This Article
ന്യൂയോർക്ക് ∙ പരാജയത്തിന്റെ വക്കിൽ നിന്നു തിരിച്ചടിച്ച് മത്സരം സ്വന്തമാക്കി മടങ്ങുന്ന നൊവാക് ജോക്കോവിച്ചിനെ പോരാട്ട വീര്യം ടെന്നിസ് ലോകം വീണ്ടും തിരിച്ചറിഞ്ഞു. യുഎസ് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൗണ്ടിലാണ് മുപ്പത്താറുകാരനായ ജോക്കോവിച്ച് ഉജ്വല തിരിച്ചുവരവ് നടത്തിയത്. സെർബിയൻ സഹതാരം ലാസ്‍ലോ ജെറെയ്ക്കെതിരായ മത്സരത്തിൽ ആദ്യ 2 സെറ്റുകൾ നഷ്ടപ്പെട്ട് ജോക്കോവിച്ച് അടുത്ത 3 സെറ്റുകൾ നേടി ജയമുറപ്പാക്കുകയായിരുന്നു (4-6, 4-6, 6-1, 6-1, 6-3). മത്സരം 4 മണിക്കൂറോളം നീണ്ടു.
വനിതാ സിംഗിൾസിലെ അട്ടിമറിയിൽ നാലാം സീഡ് എലേന റിബകീന പുറത്തായി. 30–ാം സീഡ് റുമേനിയയുടെ സൊറാന കിർസിറ്റിയയാണ് (6-3, 6-7, 6-4) റിബകീനയെ വീഴ്ത്തിയത്. ബൽജിയത്തിന്റെ എലിസ് മാർട്ടിനസിനെ തോൽപിച്ച് യുഎസിന്റെ കൊക്കോ ഗോഫ് നാലാം റൗണ്ടിലെത്തി (3-6, 6-3, 6-0). മുൻ ലോക ഒന്നാംനമ്പർ ഡെൻമാർക്കിന്റെ കരോലിന വോസ്നിയാക്കിയാണ് അടുത്ത റൗണ്ടിൽ ഗോഫിന്റെ എതിരാളി. ചൈനയുടെ ഷു ലീന്നിനെ തോൽപിച്ച് ഒളിംപിക് ചാംപ്യൻ ബെലിൻഡ ബെൻസിച്ചും മുന്നേറി. പുരുഷ സിംഗിൾസ് മൂന്നാംറൗണ്ടിൽ യുഎസിന്റെ ഫ്രാൻസിസ് ടിഫോയി ഫ്രഞ്ച് താരം അഡ്രിയാൻ മന്നറിനോയെ തോൽപിച്ചു ( 4-6, 6-2, 6-3, 7-6).
ബൊപ്പണ്ണ സഖ്യം മുന്നോട്ട്
യുഎസ് ഓപ്പൺ പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ സഖ്യം മൂന്നാം റൗണ്ടിലെത്തി. ബൊപ്പണ്ണയും ഓസ്ട്രേലിയുടെ മാത്യു ഏദനും ചേർന്നുള്ള സഖ്യം ആന്ദ്രേ ഗോൾബേവ്– രോമൻ സഫിൻ സഖ്യത്തെയാണ് തോൽപിച്ചത് (6–3 6–3). ബ്രിട്ടന്റെ ജൂലിയൻ കാഷ്– ഹെൻറി പാറ്റേൺ സഖ്യമാണ് അടുത്ത റൗണ്ടിൽ ഇവരുടെ എതിരാളികൾ.
English Summary : Novak Djokovic enterd US Open tennis fourth round