കുത്തേറ്റില്ലായിരുന്നെങ്കിൽ മോണിക്ക സെലസ് എത്ര ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ കൂടി നേടിയേനെ!
Mail This Article
ടെന്നിസ് കോർട്ടിൽവച്ച് ഒരു കാണിയുടെ കുത്തേറ്റില്ലായിരുന്നെങ്കിൽ മോണിക്ക സെലസ് എത്ര ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ കൂടി നേടിയേനെ! ഇപ്പോഴും ആരാധകരുടെ നൊമ്പരമാണത്. ജർമൻ ടെന്നിസ് താരം സ്റ്റെഫി ഗ്രാഫിന് ശക്തമായ വെല്ലുവിളി ഉയർത്തിയാണ് സെലസ് കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധേയയായത്. 20 വയസ്സു പിന്നിടും മുൻപേ സെലസ് നേടിയത് 8 ഗ്രാൻസ്‌ലാം കിരീടങ്ങൾ. എന്നാൽ 1993ൽ ജർമനിയിലെ ഹാംബർഗിൽ മത്സരത്തിനിടെ സ്റ്റെഫിയുടെ ഒരു ആരാധകൻ സെലസിനെ കത്തികൊണ്ടു മാരകമായി കുത്തിപ്പരുക്കേൽപ്പിച്ചു. രണ്ടു വർഷത്തോളം കോർട്ടിൽനിന്നു വിട്ടുനിൽക്കേണ്ടി വന്ന സെലസിനു പിന്നീട് പഴയ ഫോമിലേക്കുയരാനായില്ല. എങ്കിലും നിശ്ചയദാർഢ്യത്തോടെ 1996 ഓസ്ട്രേലിയൻ ഓപ്പൺ നേടി സെലസ് ഗ്രാൻസ്‌ലാം നേട്ടം ഒൻപതാക്കി. 2000 സിഡ്നി ഒളിംപിക്സിൽ വനിതാ സിംഗിൾസിൽ വെങ്കലമെഡലും നേടി.
തനിക്കു സംഭവിച്ച ദുരന്തവും കിരീടനഷ്ടങ്ങളും അപാരമായ മനക്കരുത്തോടെ മറികടന്ന സെലസ് ഇപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മോട്ടിവേഷനൽ പ്രഭാഷണങ്ങളിലും സജീവമാണ്. പഴയ യുഗോസ്‌ലാവിയയിൽ ജനിച്ച സെലസ് പിന്നീട് യുഎസ് പൗരത്വം നേടി. അമേരിക്കൻ കോടീശ്വരൻ ടോം ഗോലിസാനോയാണ് അൻപതുകാരിയായ സെലസിന്റെ ഭർത്താവ്.