ADVERTISEMENT

മെൽബൺ ∙ ഒപ്പം ഉദിച്ചുയർന്നവരെല്ലാം കോർട്ടിൽ നിന്ന് അസ്തമിക്കുന്ന കാലത്ത് രോഹൻ ബൊപ്പണ്ണ ഉച്ചസൂര്യനെപ്പോലെ കത്തിജ്വലിച്ചു കൊണ്ടിരിക്കുകയാണ്! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ കിരീടം ചൂടി നാൽപത്തിമൂന്നുകാരൻ ബൊപ്പണ്ണ ലോക ടെന്നിസിലെഴുതിയത് പുതുചരിത്രം. പുരുഷ ഗ്രാൻസ്‌ലാമിലെ ഏതെങ്കിലും വിഭാഗത്തിൽ ചാംപ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് ബൊപ്പണ്ണ. ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനൊപ്പം ചേർന്നാണ് ബെംഗളൂരു സ്വദേശി ബൊപ്പണ്ണ ഇന്നലെ മെൽബൺ കോർട്ടിൽ കിരീടം കയ്യിലെടുത്തത്. ഒന്നേ മുക്കാൽ മണിക്കൂർ നീണ്ട ഫൈനലിൽ തോൽപിച്ചത് ഇറ്റാലിയൻ സഖ്യമായ സിമോൺ ബോലെല്ലി–ആൻഡ്രിയ വാവസോറി എന്നിവരെ. സ്കോർ: 7–6, 7–5. കരിയറിൽ ബൊപ്പണ്ണയുടെ രണ്ടാം ഗ്രാൻസ്‌ലാം കിരീടമാണിത്. 2017ൽ കനേഡിയൻ താരം ഗബ്രിയേല ദബ്രോവ്സ്കിക്കൊപ്പം ചേർന്ന് ഫ്രഞ്ച് ഓപ്പൺ മിക്സ്ഡ് ഡബിൾസ് കിരീടം നേടിയിരുന്നു.

കഴിഞ്ഞ യുഎസ് ഓപ്പണിൽ ഫൈനൽ വരെയെത്തി കീഴടങ്ങേണ്ടി വന്ന ബൊപ്പണ്ണ–എബ്ഡൻ സഖ്യം ആ നഷ്ടം തീർക്കുന്ന നിശ്ചയദാർഢ്യമുള്ള കുതിപ്പിലൂടെയാണ് ഇത്തവണ ചാംപ്യൻമാരായത്. ഫൈനലിൽ ഇറ്റാലിയൻ സഖ്യം കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മാനസികമായ മുൻതൂക്കം രണ്ടാം സീഡായ ഇന്ത്യൻ–ഓസ്ട്രേലിയൻ സഖ്യത്തിനു തന്നെയായിരുന്നു.

സെർവുകൾ നഷ്ടപ്പെടുത്താതെയും പിഴവുകൾ അധികമില്ലാതെയും ഇരുടീമും ഒപ്പത്തിനൊപ്പം നിന്നതോടെ ആദ്യ സെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടു. എന്നാൽ എയ്സുകളിലെ മേധാവിത്തം (8–1) ബൊപ്പണ്ണ–എബ്ഡൻ സഖ്യത്തിന് മുൻതൂക്കം നൽകി. ആദ്യ സെറ്റ് ടൈബ്രേക്കർ 7–0നാണ് ഇരുവരും സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും ഇറ്റാലിയൻ സഖ്യം പോരാട്ടം കാഴ്ച വച്ചെങ്കിലും എബ്ഡന്റെ സെർവിൽ ഒരു ഓവർഹെഡ് സ്മാഷിലൂടെ ബൊപ്പണ്ണ മത്സരം തീർത്തു.

കഴിഞ്ഞ ദിവസം പുരുഷ ഡബിൾസ് ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ബൊപ്പണ്ണ ഉറപ്പിച്ചിരുന്നു. നാളെ ഔദ്യോഗികമായി പുറത്തിറങ്ങുന്ന പട്ടികയിൽ മുന്നിലെത്തുന്നതോടെ  ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷതാരം എന്ന റെക്കോർഡും ബൊപ്പണ്ണയ്ക്കു സ്വന്തമാകും. യുഎസ് താരം മൈക് ബ്രയാനെയാണ് (41 വയസ്സ്) ബൊപ്പണ്ണ മറികടക്കുക. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർക്കു ശേഷം ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് ബൊപ്പണ്ണ. മുപ്പത്തിയാറുകാരൻ എബ്ഡനാകും പുതിയ പട്ടികയിൽ രണ്ടാം നമ്പർ.

രണ്ടു വർഷം മുൻപ്, ഒരു വിഡിയോ സന്ദേശത്തിലൂടെ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാൻ പറഞ്ഞിരുന്നു. അഞ്ചു മാസം ഒരു ജയം പോലുമില്ലാതെ നിന്ന സമയത്തായിരുന്നു അത്. എന്നാ‍ൽ അതിനു പിന്നാലെ വാശി എന്റെ മനസ്സിലുണ്ടായി...’’രോഹൻ ബൊപ്പണ്ണ

ഒരേയൊരു നവരത്‌ലോവ

ടെന്നിസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗ്രാൻസ്‌ലാം ചാംപ്യൻ  യുഎസിന്റെ ഇതിഹാസതാരം മാർട്ടിന നവരത്‌ലോവയാണ്. 2003 യുഎസ് ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ ഇന്ത്യൻ താരം ലിയാൻഡർ പെയ്സിനൊപ്പം കിരീടം നേടുമ്പോൾ 46 വയസ്സായിരുന്നു മാർട്ടിനയ്ക്ക്.

English Summary:

Rohan Bopanna won Australian Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com