‘രാംചരൺ എപ്പോഴും ഒപ്പമുണ്ടായിരുന്നു, എന്റെ തെറപ്പിസ്റ്റാണ്’, പ്രസവാനന്തര വിഷാദത്തെ പറ്റി ഉപാസന
Mail This Article
ഗർഭകാലം പോലെ സ്ത്രീകൾക്ക് ശ്രദ്ധയോടെയുള്ള പരിചരണം വേണ്ട കാലയളവാണ് പ്രസവത്തിനു ശേഷമുള്ള നാളുകൾ. മാനസികവും ശാരീരികവുമായ മാറ്റങ്ങൾ വിഷാദരോഗത്തിലേക്ക് വളരെ വേഗത്തിൽ തള്ളിവിട്ടെന്നു വരാം. തന്റെ ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടത്തിൽ രാം ചരൺ എത്രയധികം പിന്തുണയേകി എന്ന് തുറന്നു പറയുകയാണ് ഭാര്യ ഉപാസന കമിനേനി. തനിക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും ആശ്വാസമേകിയ തെറപ്പിസ്റ്റ് എന്നാണ് രാം ചരണിനെ ഉപാസന വിശേഷിപ്പിക്കുന്നത്.
2023 ജൂണിലാണ് രാം ചരൺ - ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ക്ലിൻ കാര എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കാരയുടെ ജനനശേഷം തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഉപാസന കഴിഞ്ഞത്. ആ കാലയളവിൽ പ്രസവാനന്തര വിഷാദരോഗം പിടിമുറുക്കി. എന്നാൽ വിഷാദാവസ്ഥയിൽ സ്നേഹവും കരുതലും നൽകി പൂർണ പിന്തുണയുമായി രാം ചരൺ എന്നും ഒപ്പമുണ്ടായിരുന്നു. എപ്പോഴും ഭാര്യയ്ക്കും മകൾക്കുമരികിൽ താൻ ഉണ്ടാവണമെന്ന തോന്നലിൽ അദ്ദേഹം ഉപാസനയുടെ വീട്ടിലേക്ക് താമസം മാറുന്നതിനു പോലും തയാറായി. ഈ പരിഗണനകളിലൂടെ ഒരു തെറാപ്പിസ്റ്റ് നൽകാവുന്ന എല്ലാ സഹായങ്ങളുമാണ് തനിക്ക് രാം ചരൺ നൽകിയത് എന്ന് ഉപാസന പറയുന്നു.
മകൾ ജനിച്ചതു മുതലിങ്ങോട്ട് എല്ലാക്കാര്യത്തിലും രാം ചരൺ തന്നെയാണ് തന്റെ ശക്തി. എന്നാൽ ഭർത്താവ് നൽകുന്ന പിന്തുണകൊണ്ടു മാത്രം പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ നിന്നും കരകയറാനാവാത്ത സ്ത്രീകളുണ്ട്. പക്ഷേ ഇത്തരം സാഹചര്യങ്ങളിൽ കൃത്യമായി വൈദ്യസഹായം തേടാൻ എല്ലാ അമ്മമാരും തയാറാകാറില്ല. സ്വന്തം സന്തോഷവും ആരോഗ്യവും കുഞ്ഞിനൊപ്പം പ്രധാനമാണെന്ന് തിരിച്ചറിയണമെന്നാണ് ഇത്തരക്കാർക്ക് ഉപാസന നൽകുന്ന ഉപദേശം. ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളിൽ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടുന്നതിനും മടിക്കേണ്ടതില്ല.
മകളെ വളർത്തുന്നതിലെ തുല്യ പങ്കാളിത്തത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉപാസന തുറന്നുപറയുന്നുണ്ട്. മകളുടെ എല്ലാ കാര്യങ്ങളിലും രാം ചരൺ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും രാം ചരണിന്റെ സ്വാധീനം പ്രതിഫലിക്കുന്നത് കാണാം. ഭക്ഷണശീലങ്ങളിൽ പോലും ഇത് പ്രകടമാണ്. മകളെ വിട്ടു നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ കുഞ്ഞിനേക്കാൾ അധികം കരയുന്നത് താനും രാം ചരണുമാണെന്നും ഉപാസന പറയുന്നു. എന്നാൽ ജോലിചെയ്യുന്ന മാതാപിതാക്കൾ എന്ന നിലയിൽ ഇത്തരം സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയല്ലാതെ മറ്റു മാർഗമില്ല എന്ന് അവസ്ഥയാണ്.
കുഞ്ഞിനെ പരിചരിക്കാനായി പ്രിയപ്പെട്ടവരും സ്റ്റാഫുകളുമൊക്കെ ഉപാസനയെ സഹായിക്കുന്നുണ്ട്. അമ്മ ശോഭന കമിനേനിയാണ് രാം ചരണും ഉപാസനയും അരികിലില്ലാത്ത സമയങ്ങളിൽ കാരയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുന്നത്. സ്വകാര്യ ജീവിതവും പ്രൊഫഷണൽ ജീവിതവും ബാലൻസു ചെയ്തു കൊണ്ടുപോകാനാണ് ഉപാസനയുടെ ശ്രമം. വ്യക്തിഗത ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും പരിഗണന നൽകി ശീലിക്കുന്നത് തന്റെ മകൾക്കും ഗുണകരമായേ വരു എന്ന ഉറച്ച വിശ്വാസമാണ് ഉപാസനയെ നയിക്കുന്നത്.