ചുവപ്പ് ലിപ്സ്റ്റിക്ക് സ്ത്രീകളെ ആകർഷണീയമാക്കും, കൂടുതൽ മേക്കപ്പും വേണ്ട; വിചിത്ര നിയമങ്ങളുമായി ഉത്തര കൊറിയ
Mail This Article
കിം ജോങ് ഉൻ ഉത്തരകൊറിയയിലെ ജനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അസാധാരണമായ വിലക്കുകൾ അടിക്കടി വാർത്താ പ്രാധാന്യം നേടാറുണ്ട്. അപരിഷ്കൃതമായ പല വിലക്കുകളും ഉത്തര കൊറിയയിലെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്നവയാണ്. ആ പട്ടികയിൽ അവസാനമായി ഒന്നുകൂടി ഇപ്പോൾ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നാണ് ഭരണകൂടം ജനങ്ങൾക്ക് നൽകുന്ന പുതിയ നിർദേശം.
ആഗോളതലത്തിൽ പ്രചാരം നേടിയ പല ഫാഷൻ - കോസ്മെറ്റിക് ബ്രാൻഡുകൾക്കും മുൻപ് തന്നെ ഉത്തരകൊറിയയിൽ നിരോധനമുണ്ട്. ഈ നിരോധന ഉത്തരവുകൾ ലംഘിക്കുന്ന ആളുകൾ കഠിനമായ ശിക്ഷകളും നേരിടേണ്ടി വരും. ചുവപ്പു നിറത്തിന് കമ്മ്യൂണിസവുമായി ചരിത്രബന്ധം ഉണ്ടെങ്കിലും ഉത്തര കൊറിയൻ നേതൃത്വം ചുവപ്പിനെ മുതലാളിത്തത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. എന്നാൽ ഇതിനുമൊക്കെ അപ്പുറം വലിയതോതിൽ മേക്കപ് ധരിക്കുന്നത് പൊതുവേ ഉത്തര കൊറിയൻ ഭരണകൂടം പ്രോത്സാഹിപ്പിക്കാറില്ല. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സ്വാധീനത്തിന്റെ പ്രതിഫലനമായാണ് മേക്കപ്പിനെ ഇവർ കാണുന്നത്.
എന്നാൽ ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയതിന് പിന്നിൽ മറ്റുചില കാരണങ്ങൾ കൂടിയുണ്ട്. ചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ചാൽ സ്ത്രീകൾക്ക് ആകർഷണീയത വർധിക്കും. എല്ലാ കാര്യങ്ങളിലും ലാളിത്യവും എളിമയും കാത്തുസൂക്ഷിക്കണമെന്ന ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് വിപരീതമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിയമപ്രകാരം ഉത്തരകൊറിയയിലെ സ്ത്രീകൾക്ക് കുറഞ്ഞ അളവിൽ മാത്രമേ മേക്കപ് ധരിക്കാൻ പോലും അനുവാദമുള്ളൂ.
മേക്കപ്പിൽ മാത്രമല്ല വസ്ത്രധാരണത്തിലും ഒട്ടേറെ വിലക്കുകൾ ഉത്തര കൊറിയയിൽ നിലനിൽക്കുന്നുണ്ട്. സ്കിന്നി അല്ലെങ്കിൽ നീല നിറത്തിലുള്ള ജീൻസ് തിരഞ്ഞെടുക്കുന്നത്, ശരീരഭാഗങ്ങൾ തുളച്ച് ആഭരണങ്ങൾ ധരിക്കുന്നത്, പുരുഷന്മാർ മുള്ളറ്റ് ഹെയർ സ്റ്റൈൽ പിന്തുടരുന്നത്, സ്ത്രീകൾ മുടി നീട്ടി വളർത്തുന്നത് എന്നിവയെല്ലാം നിയമങ്ങൾക്ക് എതിരാണ്. എന്തിനേറെ ഭരണകൂടം അംഗീകരിച്ചിട്ടുള്ള ഹെയർ സ്റ്റൈലുകളിൽ മാത്രമേ സ്ത്രീകളും പുരുഷന്മാരും മുടിവെട്ടാൻ പാടുള്ളൂ എന്നതുവരെ രാജ്യത്തെ കർശന നിയമമാണ് . കിം ജോങ് ഉന്നിന്റെ ഹെയർ സ്റ്റൈൽ രാജ്യത്തെ ജനങ്ങൾ അനുകരിക്കരുത് എന്ന നിയമം മുൻപുതന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.
ഫാഷൻ സംബന്ധമായ ഇത്തരം നിയമങ്ങൾ ജനങ്ങൾ ലംഘിക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ഫാഷൻ പോലീസും ഉത്തര കൊറിയയിലുണ്ട്. ആരെങ്കിലും ഫാഷൻ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ പലവിധത്തിലുള്ള ശിക്ഷകളാണ് നടപ്പാക്കുന്നത്. വലിയ തുക പിഴയായി ഈടാക്കുന്നത് മുതൽ നടുറോഡിൽ തടഞ്ഞുനിർത്തി നിയമത്തിനെതിരായ വസ്ത്രം മുറിച്ചു നീക്കുന്നതടക്കമുള്ളവ ശിക്ഷാ നടപടികളിൽ ഉൾപ്പെടുന്നു.