ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഹമാസിന്റെ 'രഹസ്യനഗരം'; 'ലാബ്രിന്ത്' കടക്കാൻ യഹലോം യൂണിറ്റുമായി ഇസ്രയേൽ
Mail This Article
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം ഇരുപത് ദിവസം പിന്നിട്ടിരിക്കുകയാണ്. ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഏഴായിരത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. കരയുദ്ധം ഉടൻ തുടങ്ങുമെന്ന് ഇസ്രയേൽ പറയുന്നുണ്ട്. കാരണം ഗാസയിലുള്ള വലിയ തുരങ്ക ശൃംഖലയ്ക്കുള്ളിൽ ഇസ്രയേലുകാർ ബന്ദികളായുണ്ടാകാമെന്നു വിവരമുണ്ട്.
നൂറുകണക്കിനു കിലോമീറ്റർ ദൂരവും 80 മീറ്റർ വരെ ആഴവുമുള്ള പല തുരങ്കങ്ങൾ ഗാസയിലുണ്ട്. ഇത്തരം തുരങ്കങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ഗാസ മെട്രോയെന്നും 'ടെറർ ലാബ്രിന്തെന്നു'മൊക്കെയാണ് (ഗ്രീക്ക് പുരാണത്തിലെ മിനോസ്എന്ന രാജാവിന്റെ ശിൽപി നിർമിച്ച കുരുക്കുകൾ നിറഞ്ഞ വിഭ്രമാത്മകമായ നിർമിതിയാണ് ലാബ്രിന്ത്).
ഗാസ മുനമ്പിൽ മൂന്നാഴ്ചയോളം തുടർച്ചയായി ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു. ഈ ഭൂഗർഭ ലാബ്രിന്ത് എളുപ്പത്തിൽ ഭേദിക്കാൻ സൈന്യത്തിന് കഴിയില്ലെന്നും വൻ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഉയർന്ന യുഎസ് ഉദ്യോഗസ്ഥർ ഇസ്രയേലിന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആക്രമണം നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുന്ന ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ഈ തുരങ്കങ്ങൾ. സ്കൂളുകളിലും ആരാധനാലയങ്ങളിലും വീടുകളിലും തുറക്കുന്ന രീതിയിൽ ഹമാസ് തന്ത്രപരമായാണ് അവ നിർമിച്ചിരിക്കുന്നത്. ബോംബിങ്ങിൽ നിന്നു രക്ഷപ്പെടാനായി ചില തുരങ്കങ്ങൾ കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്നു, മാത്രമല്ല വൈദ്യുതിയും വായു കടക്കാനുള്ള മാർഗങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ചില തുരങ്ക ശൃംഖലകൾക്ക് ആയുധങ്ങൾക്കും കുഴിച്ചെടുത്ത മണ്ണിനുമായുള്ള അടിസ്ഥാന ഗതാഗത മാർഗങ്ങളുമുണ്ടെന്നു റിപ്പോർട്ടുകൾ.
ഓരോ ചുവടിലും മരണം
ഭൂമിക്കടിയിൽ നിന്നെന്ന പോലെ പ്രത്യക്ഷപ്പെടുകയും ആക്രമണം നടത്തി മറയുകയും ചെയ്യുന്ന ഹമാസ് ആയുധധാരികളെയാവും ഗാസയിലേക്കു കടക്കാൻ ശ്രമിക്കുന്ന ഇസ്രയേലി സൈനികർക്കു നേരിടേണ്ടി വരിക. ഹമാസ് ചെറിയ കില്ലർ ടീമുകളെ രൂപീകരിക്കും, അത് ഭൂമിക്കടിയിലേക്ക് നീങ്ങുകയും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുകയും സ്ട്രൈക്ക് ചെയ്യുകയും ചെയ്യും. തിരിച്ചടിക്കു മുൻപ് വേഗത്തിൽ ഒരു തുരങ്കത്തിലേക്ക് തിരികെ മടങ്ങുകയും ചെയ്യും. മാത്രമല്ല പലവിധ കെണികളും (Booby Traps) സ്ഫോടക വസ്തുക്കളും ഈ തുരങ്ക ശൃംഖലയെ ഭീകരമാക്കുന്നു.
യഹലോം യൂണിറ്റും അയൺ സ്റ്റിങും സ്പഞ്ച് ബോംബും!
തുരങ്കങ്ങൾ കൈകാര്യം ചെയ്യാൻ ഇസ്രയേൽ സൈന്യത്തിന് പ്രത്യേക യൂണിറ്റുകളും യുദ്ധോപകരണങ്ങളും ഉണ്ട്. ഐഡിഎഫ് കോംബാറ്റ് എൻജീനീയറിംഗ് കോർപ്സിന് യഹലോം യൂണിറ്റ് പോലെയുള്ള പ്രത്യേക യൂണിറ്റുകൾ ഉണ്ട്. ടണലുകളിലെ യുദ്ധം നിയന്ത്രിക്കാനായി ഇസ്രയേൽ രൂപീകരിച്ചതാണ് യഹാലോം എന്ന സവിശേഷ കമാൻഡോ യൂണിറ്റ്. അതിലെ സൈനികർ തുരങ്കങ്ങൾ കണ്ടെത്തുന്നതിലും നശിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോൺ സ്പെൻസർ പറയുന്നതു പ്രകാരം ഭൂഗർഭ യുദ്ധങ്ങൾക്കായും ഇസ്രയേലിനു ആയുധങ്ങളുണ്ട്. തുരങ്കങ്ങളിൽ അന്വേഷണം നടത്താൻ പരിശീലനം ലഭിച്ച ഒകെറ്റ്സ്(oketz) എന്ന നായ്ക്കളുടെ യൂണിറ്റും ഉണ്ട്.
തുരങ്ക യുദ്ധത്തിൽ വൈദഗ്ധ്യമുള്ളവരുടെ ഇസ്രയേൽ സേന ഗാസ അധിനിവേശത്തിനായി തീവ്രപരിശീലനം നടത്തുന്നുണ്ടെന്നും ഹമാസ് തുരങ്കങ്ങളെ അനുകരിച്ചു നിർമിച്ച തുരങ്കങ്ങളിലാണ് പരിശീലനം നടക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ ബങ്കർ ബസ്റ്റർ യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോൾ 'അയൺ സ്റ്റിംങ്' ലേസറും പ്രിസിഷൻ ഗൈഡഡ് മോർട്ടറും യുദ്ധരംഗത്തേക്കു വന്നിട്ടുണ്ട്.
സ്പോഞ്ച് ബോംബുകളും
ഹമാസിനെ തുരങ്കയുദ്ധത്തിൽ നേരിടാനായി സവിശേഷ സ്പോഞ്ച് ബോംബുകളും ഇസ്രയേൽ തയാറാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ബോംബ് എന്നു പേരുണ്ടെങ്കിലും സ്പഞ്ച്(spounge) ബോംബിൽ സ്‌ഫോടകവസ്തുക്കളില്ല. കെമിക്കൽ ഗ്രനേഡുകളാണ് ഇവ. ബോംബ് പ്രവർത്തിക്കുമ്പോൾ പുറത്തേക്കു തെറിക്കുന്ന പത പെട്ടെന്ന് വ്യാപിക്കുകയും ഘനീഭവിക്കുകയും ചെയ്തു. ഗാസയിലെ തുരങ്കങ്ങളിൽ പോരാടുമ്പോൾ കവാടങ്ങളും മറ്റു രഹസ്യവഴികളുമൊക്കെ അടയ്ക്കാനായി സ്പോഞ്ച് ബോംബ് ഉപയോഗിക്കാമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്.
ഒരു പ്ലാസ്റ്റിക് കാരിയറിനുള്ളിൽ രണ്ട് ദ്രാവകങ്ങളടങ്ങിയതാണ് സ്പോഞ്ച് ബോംബ്. ഇവയെ തമ്മിൽ വേർതിരിക്കുന്നത് ഒരു ലോഹപാളിയാണ്. ബോംബ് പ്രവർത്തിച്ചുതുടങ്ങുമ്പോൾ ലോഹപാളി നീങ്ങുകയും ദ്രാവകങ്ങൾ തമ്മിൽ കലരുകയും ചെയ്യും. ഇതോടെയാണ് ബോംബ് പ്രവർത്തിക്കുന്നത്.ഇസ്രയേൽ സേന 2021 മുതൽ ഇത്തരം ബോംബുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.