യുദ്ധക്കപ്പലുകളും പോർ വിമാനങ്ങളും കാരിയർ സ്ട്രൈക്ക് ഗ്രൂപ്പും ; മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ചു യുഎസ്
Mail This Article
ഇസ്രയേലും ഹമാസും യുദ്ധം ആരംഭിച്ചതിനുശേഷം മിഡിൽ ഈസ്റ്റിലെ സൈനിക സാന്നിധ്യം ഏറ്റവും ശക്തമായിത്തന്നെ വർധിപ്പിക്കുകയാണ് യുഎസ്. ഇസ്രയേൽ– ഹമാസ് സംഘർഷം ഒരു വലിയ പ്രാദേശിക യുദ്ധത്തിലേക്ക് വ്യാപിക്കുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് യുഎസ് അവകാശപ്പെടുന്നത്. പക്ഷേ ഇസ്രായേലിന് ഉപാധികളില്ലാത്ത സാമ്പത്തിക, സൈനിക, രാഷ്ട്രീയ പിന്തുണയാണ് യുഎസ് വാഗ്ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
പേർഷ്യൻ ഗൾഫ് മേഖലയിൽ ആണവ അന്തർവാഹിനിയും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും വിന്യസിച്ചിരിക്കുന്നു. സംഘർഷം തുടങ്ങിവച്ച ഒക്ടോബർ 7 മുതൽ 17350 സൈനികരെയാണ് മേഖലയിലേക്കു പെന്റഗണ്‍ അയച്ചതെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല എഫ് 35, എഫ് 16, എഫ് 15 തുടങ്ങിയ ഫൈറ്റർ ജെറ്റുകളെല്ലാം മേഖലയിലുണ്ട്.
ഏകദേശം 7,500 പേർ വീതമുള്ള രണ്ട് എയർക്രാഫ്റ്റ് കാരിയർ ഗ്രൂപ്പുകളും ആയിരക്കണക്കിന് നാവികരെ വഹിക്കുന്ന രണ്ട് ആംഫിബിയസ് നേവി കപ്പലുകളും നിരീക്ഷണം നടത്തുന്നു.
ഐസൻഹോവർ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്
വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഐസൻഹോവർ ആദ്യംതന്നെ ഇസ്രായേലിന്റെ തെക്ക് ചെങ്കടലിൽ എത്തിയിരുന്നു. സ്‌ട്രൈക്ക് ഗ്രൂപ്പിൽ ഒരു ഗൈഡഡ് മിസൈൽ ക്രൂയിസർ, രണ്ട് മിസൈൽ ഡിസ്ട്രോയറുകൾ, ഹെലികോപ്റ്ററുകൾ, ഫൈറ്റർ ജെറ്റുകൾ, 5,000 നാവികർ എന്നിവരടങ്ങുന്ന ഒരു മുഴുവൻ എയർ വിങും ഉൾപ്പെടുന്നു. സ്ട്രൈക്ക് ഗ്രൂപ്പ് പേർഷ്യൻ ഗൾഫിലേക്കാണ് പോകുന്നത്, ഇറാനുള്ള വ്യക്തമായ സന്ദേശമാണിതെന്നാണ് മീഡിയ റിപ്പോർട്ടുകൾ.
ഒഹായോ ക്ലാസ് അന്തർവാഹിനി
ആണവശക്തിയുള്ള കപ്പൽ - സൂയസ് കനാലിലൂടെ കടന്നതായി പെന്റഗൺ വെളിപ്പെടുത്തിയിരുന്നു. ഒഹായോ-ക്ലാസിനു 154 ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ വഹിക്കാനാകും.
ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്
ഫോർഡ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഒക്‌ടോബർ അവസാനത്തോടെ ഈ മേഖലയിലേക്ക് അയച്ചതിന് ശേഷം മെഡിറ്ററേനിയൻ കടലിലായിരുന്നു. സംഘത്തിൽ യുഎസ്എസ് ഫോർഡും മൂന്ന് ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കപ്പലുകളും ഉൾപ്പെടുന്നു. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ വിമാനവാഹിനിക്കപ്പലാണ്. 30 നോട്ടുകളിൽ (56 കി.മീ.) ഉയർന്ന വേഗതയിൽ, ഫോർഡ് ക്ലാസ് കാരിയറിനു സഞ്ചരിക്കാനാകും.
എന്താണ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്
യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിയുടെ യുദ്ധ ഗ്രൂപ്പാണ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ( സിഎസ്ജി ) . ഏകദേശം 7,500 പേർ അടങ്ങുന്നതാണിത്, ഒരു വിമാനവാഹിനിക്കപ്പൽ , കുറഞ്ഞത് ഒരു ക്രൂയിസർ , കുറഞ്ഞത് രണ്ട് ഡിസ്ട്രോയറുകളോ ഫ്രിഗേറ്റുകളോ ഉള്ള ഒരു ഡിസ്ട്രോയർ സ്ക്വാഡ്രൺ , 65 മുതൽ 70 വരെ വിമാനങ്ങളുള്ള ഒരു കാരിയർ എയർ വിങ് . അന്തർവാഹിനികൾ,ലോജിസ്റ്റിക് കപ്പലുകൾ , തരണ കപ്പൽ എന്നിവ ഉൾപ്പെടുന്നു .
ഒരു സൂപ്പർ കാരിയർ മുഴുവൻ രാജ്യങ്ങളുടെയും വ്യോമസേനയെ എതിർക്കാൻ മതിയായ ആയുധശേഖരം കൈവശം വയ്ക്കുന്നു.2023 മാർച്ച് വരെ യുഎസ് നേവിയിൽ 11 കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളുണ്ട്. സമുദ്രത്തിൽ രാവും പകലും എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാൻ കഴിയുന്ന വഴക്കമുള്ള നാവികസേനയാണ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ്.
അമേരിക്കയുടേതു 4 ലക്ഷ്യങ്ങൾ
സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനു യുഎസ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വിശദീകരണം നൽകുന്നു. 4 ലക്ഷ്യങ്ങളാണത്രെ ഇതിൽ യുഎസിനുള്ളത്.
1.മേഖലയിലെ യുഎസ് സേനയുടെയും പൗരന്മാരുടെയും സംരക്ഷണം.
2. ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിന് നിർണായകമായ സുരക്ഷാ സഹായം
3. അമേരിക്കൻ പൗരന്മാരുൾപ്പടെയുള്ള ബന്ദികളെ മോചിപ്പിക്കാനായി ഇസ്രയേലുമായുള്ള സഹകരണം.
4.സംഘർഷം രൂക്ഷമാകുന്നതിൽ ഇതര രാജ്യങ്ങളുടെ ഇടപെടൽ തടയൽ.
ഒക്‌ടോബർ 17 മുതൽ 30 വരെ, യുഎസും സഖ്യസേനയും ഇറാഖിൽ കുറഞ്ഞത് 14 തവണയും സിറിയയിൽ ഒൻപത് തവണയും ആക്രമണം നടത്തിയെന്നു മറ്റൊരു വാർത്താ കുറിപ്പിൽ പറയുന്നു.