ഇന്ത്യയുടെ സ്വന്തം വ്യോമ പ്രതിരോധ സംവിധാനം ആകാശിനു ആവശ്യക്കാര്‍ ഏറുന്നു
Mail This Article
ഇന്ത്യന്‍ നിര്‍മിത ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് രാജ്യാന്തര തലത്തില്‍ ആവശ്യക്കാര്‍ ഏറുന്നു. ഫിലിപ്പീന്‍സ്, ബ്രസീല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ആകാശ് സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചു കഴിഞ്ഞു. അര്‍മേനിയയുമായി 600 ദശലക്ഷം ഡോളറിന്റെ(ഏകദേശം 4,990 കോടി രൂപ) കരാറില്‍ ഇതിനകം ഇന്ത്യ എത്തിയിട്ടുണ്ട്. അര്‍മേനിയയിലേക്കുള്ള ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ വിതരണം ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് പ്രതിരോധ വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ടു ചെയ്തു.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡി.ആര്‍.ഡി.ഒ) നിര്‍മിച്ചതാണ് ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ് ആകാശ്. ഇതിനിടെ പല തരത്തിലുള്ള ആധുനികവല്‍ക്കരണം ആകാശ് വ്യോമപ്രതിരോധത്തില്‍ വരുത്താന്‍ പ്രതിരോധ ഗവേഷകര്‍ക്ക് സാധിച്ചിരുന്നു.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അടക്കം നേരത്തെ ആകാശിലുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ആകാശില്‍ വരുത്തിയ ഏറ്റവും പുതിയ മാറ്റങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ്. ആകാശമാര്‍ഗം ആക്രമിക്കാനായി വരുന്ന നാലു ലക്ഷ്യങ്ങളെ ഒരേസമയം ആകാശ് മിസൈല്‍ സംവിധാനം തകര്‍ത്ത് കരുത്തു തെളിയിച്ചിരുന്നു. സൂര്യലങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഡിസംബര്‍ 12ന് നടന്ന അഷ്ട്ര ശക്തി 2023 എന്നു പേരിട്ട വ്യോമാഭ്യാസത്തിനിടെയായിരുന്നു ഈ പ്രകടനം.
ഡിആര്‍ഡിഒക്കു കീഴില്‍ വിവിധ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വ്യവസായസ്ഥാപനങ്ങളും ചേര്‍ന്നാണ് ആകാശ് മിസൈല്‍ സിസ്റ്റം യാഥാര്‍ഥ്യമാക്കിയത്. ഇന്ത്യന്‍ വ്യോമസേനയും കരസേനയും കഴിഞ്ഞ പത്തു വര്‍ഷമായി ആകാശിനെ ഉപയോഗിക്കുന്നുണ്ട്. 2019 സെപ്തംബറില്‍ വ്യോമസേന വീണ്ടും ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നു.
തുടര്‍ച്ചയായി ആധുനികവല്‍ക്കരണവും മാറ്റങ്ങളും ആകാശ് മിസൈല്‍ സംവിധാനത്തില്‍ വരുത്തുന്നതില്‍ ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞര്‍ വിജയിച്ചിരുന്നു. ഇതും പശ്ചിമേഷ്യയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നും കൂടുതല്‍ ആവശ്യക്കാര്‍ വരുന്നതിന് കാരണമായി. വിജയകരമായ മാതൃകയെന്ന നിലയില്‍ ഐഐടി മുംബൈയില്‍ ആകാശ് മിസൈലിന്റെ രൂപം സ്ഥാപിച്ചിട്ടുണ്ട്. പ്രതിരോധ ഗവേഷണ രംഗത്തേക്ക് കൂടുതല്‍ യുവജനങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഡി.ആര്‍.ഡി.ഒ മേധാവി സമിര്‍ വി കാമത്താണ് ഇത് അനാവരണം ചെയ്തത്.