റഷ്യൻ നാവികസേനയ്ക്ക് യുക്രെയ്ൻ ആഘാതം; മുൻപ് മോസ്കോ ഇത്തവണ നൊവോഷെർകാസ്ക്
Mail This Article
യുക്രെയ്നിന്റെ മിസൈൽ ആക്രമണത്തിൽ യുദ്ധക്കപ്പൽ തകർന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രത്യാക്രമണത്തിൽ യുക്രെയ്നിന്റെ 2 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും പറഞ്ഞു. ക്രൈമിയയിലെ ഫിയഡോഷ്യ നഗരത്തിലെ നാവികത്താവളത്തിലുണ്ടായിരുന്ന നൊവോഷെർകാസ്ക് എന്ന കപ്പലാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. കഴിഞ്ഞ വർഷവും റഷ്യൻ നാവികസേനയ്ക്ക് യുക്രെയ്ൻ ആഘാതം സമ്മാനിച്ചിരുന്നു, കരിങ്കടൽ ഫ്ലീറ്റിലെ തങ്ങളുടെ അഭിമാനചിഹ്നവും കൊടിക്കപ്പലുമായ മിസൈൽ ക്രൂസർ മോസ്ക്വയെ യുക്രെയ്ൻ ആക്രമിച്ചതും തകരാർ വരുത്തിയതും റഷ്യയെ ഞെട്ടിച്ചു.
നെപ്ട്യൂൺ മിസൈലിന്റെ ഗവേഷണം
യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ വിഭാഗം സ്വതന്ത്രമായി രൂപകൽപന ചെയ്തു വികസിപ്പിച്ചെടുത്ത കപ്പൽവേധ മിസൈലാണു നെപ്ട്യൂൺ. സോവിയറ്റ് കാലഘട്ടത്തിലെ സ്വെസ്ഡ കെ–എച്ച് 35 ആന്റി–ഷിപ് മിസൈലിന്റെ ഒരു പുതിയ പതിപ്പാണ് നെപ്ട്യൂൺ. എന്നാൽ സ്വെസ്ഡയെക്കാൾ മികച്ച ഇലക്ട്രോണിക് സംവിധാനങ്ങളും കൂടുതൽ ബൃഹത്തായ റേഞ്ചും നെപ്റ്റ്യൂണിനുണ്ട്. ആ മിസൈൽ ഉപയോഗിച്ചാണ് മോസ്കോയെ മുക്കിയത്. 2013ലാണ് നെപ്ട്യൂൺ മിസൈലിന്റെ ഗവേഷണം തുടങ്ങിയത്.
2019 ആയതോടെ മിസൈൽ പൂർത്തീകരിച്ചു. അതേ വർഷം തന്നെ യുക്രെയ്ൻ സൈന്യം ഇവ ഉപയോഗത്തിനായി ഗവേഷണ സ്ഥാപനത്തിൽ നിന്നു വാങ്ങിച്ചുതുടങ്ങുകയും ചെയ്തു. 5 മീറ്ററോളം നീളമുള്ള ചെറുമിസൈലാണു നെപ്ട്യൂൺ. 140 കിലോ വരെ ഭാരമുള്ള പോർമുന ഇതിലുണ്ട്. 5000 ടൺ വരെ കേവുഭാരമുള്ള ഡിസ്ട്രോയറുകൾ, പടക്കപ്പലുകൾ തുടങ്ങിയവയെ മുക്കാൻ ഈ മിസൈലിനു കഴിയും. ഈ മിസൈലിനു സ്വന്തമായി ഒരു ഗതിനിയന്ത്രണ സംവിധാനമുണ്ട്. കടലിനു മുകളിൽ 10–15 മീറ്റർ ഉയരത്തിൽ പറക്കുന്ന ഈ മിസൈൽ പക്ഷേ ലക്ഷ്യവസ്തുവായ കപ്പലിനു സമീപമെത്തുമ്പോൾ ഏഴുമീറ്ററോളം താഴേക്കു പോകും.
കപ്പലിന്റെ നിരീക്ഷണ സംവിധാനങ്ങളെ കബളിപ്പിക്കാനായാണ് ഇത്. 275 കിലോമീറ്ററോളം റേഞ്ചുള്ള മിസൈലാണ് നെപ്ട്യൂൺ. കര, വായു, വെള്ളം എന്നിവയിൽ എവിടെ നിന്നും ഇതു പ്രയോഗിക്കാം. നെപ്ട്യൂൺ വിക്ഷേപിക്കുന്ന 20 ലോഞ്ചറുകളാണ് ഇപ്പോൾ യുക്രെയ്ൻ സേനയുടെ പക്കലുള്ളത്.90 എണ്ണം കൂടി വാങ്ങാൻ യുക്രെയ്നു പദ്ധതിയുണ്ടായിരുന്നെങ്കിലും റഷ്യൻ യുദ്ധം മൂലം അതു നടന്നില്ല.യുക്രെയ്ൻ സേനയുടെ ഒരു പടക്കപ്പലും കഴിഞ്ഞവർഷം മുങ്ങിയിരുന്നു. യുക്രെയ്ൻ നാവികസേനയുടെ ഏറ്റവും വലിയ പടക്കപ്പലായ ഹെറ്റ്മാൻ സഹായ്ഡച്നി കരിങ്കടലിൽ മുങ്ങി.
യുക്രെയ്ൻ തന്നെ കപ്പൽ മുക്കിയ കഥ
പകുതി മുങ്ങിയ നിലയിലുള്ള ക്രിവാക് ത്രീ ക്ലാസ് വിഭാഗത്തിൽ പെടുന്ന ഹെറ്റ്മാൻ കപ്പലിന്റെ ചിത്രങ്ങൾ അന്നു പ്രചരിച്ചിരുന്നു. യുക്രെയ്നിലെ പിവ്ഡെന്നി ബഹ് നദി കരിങ്കടലിലേക്ക് ചെന്നു ചേരുന്നിടത്തു സ്ഥിതി ചെയ്യുന്ന മൈക്കലീവ് തുറമുഖനഗരത്തിനു സമീപമാണ് ഹെറ്റ്മാൻ മുങ്ങിക്കിടക്കുന്നത്. നിക്കോലീവ് എന്നും ഈ തുറമുഖത്തിനു പേരുണ്ട്.റഷ്യൻ നാവികസേനയുടെ കൈയിൽ പെടാതിരിക്കാനായി യുക്രെയ്ൻ തന്നെ കപ്പൽ മുക്കിയതാണെന്നും അതല്ല റഷ്യൻ നാവികസേനയുടെ ആക്രമണത്തിൽ മുങ്ങിയതാണെന്നും അന്നു വാദങ്ങളുണ്ടായി. എന്നാൽ യുക്രെയ്ൻ തന്നെ മുക്കിയതാണെന്നു പിന്നീട് സ്ഥിരീകരിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വ്യോമസേനകളിലൊന്നാണു റഷ്യയ്ക്കുള്ളത്. ഇതിൽ തന്നെ ഏറ്റവും മാരകശേഷിയുള്ളതും വികസിതവുമായ വിമാനമാണ് സുഖോയ് 35. ഇതിനെ കഴിഞ്ഞവർഷം യുക്രെയ്ൻ വെടിവച്ചിട്ടിരുന്നു. റഷ്യയുടെ ഏറ്റവും വികസിതമായ എയർക്രാഫ്റ്റാണ് സുഖോയ് 35. സിംഗിൾ സീറ്റ്, മൾട്ടിറോൾ ഗണത്തിൽ പെടുന്ന ഈ എയർക്രാഫ്റ്റിന്റെ സാങ്കേതികമായ പുരോഗതി മൂലം ഇതിനെ ഫോർത്ത് ജനറേഷൻ പ്ലസ് പ്ലസ് എയർക്രാഫ്റ്റ് എന്നു വിശേഷിപ്പിക്കാറുണ്ട്.
ശബ്ദത്തിന്റെ 2.25 മടങ്ങ് വേഗം ഈ എയർക്രാഫ്റ്റിന് 36000 അടി പൊക്കത്തിൽ കൈവരിക്കാം. 8000 കിലോ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇതിന്റെ റേഞ്ച് 1600 കിലോമീറ്ററാണ്. ഇത്രയും വികസിപ്പിക്കപ്പെട്ട ഒരു എയർക്രാഫ്റ്റിനെയാണു യുക്രെയ്ൻ യുദ്ധവിമാനം വെടിവച്ചിട്ടത്. സുഖോയ് 35 വിമാനത്തിനു സ്റ്റെൽത്ത് ഇല്ല എന്ന ന്യൂനത മുതലെടുത്തായിരുന്നു യുക്രെയ്ന്റെ ആക്രമണമെന്ന് അന്നു വിലയിരുത്തപ്പെടുന്നു.