വീണ്ടും ചൈനീസ് ബലൂൺ വാർത്തകളിൽ: ആകാശ നിരീക്ഷണത്തിൽ പരിഭ്രാന്തി, വിവാദം
Mail This Article
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ചൈനീസ് ബലൂണുകൾ വാർത്തകളിൽ നിറയുന്നു. തയ്‌വാനിലേക്കാണ് ഇത്തവണ ചൈന ബലൂൺ വിട്ടിരിക്കുന്നത്. തയ്‌വാൻ ഉൾക്കടൽ കടന്ന് ബലൂണുകൾ പറന്നെന്ന് അധികൃതർ ആരോപിച്ചു. മുപ്പതിനായിരം അടിയിൽ അധികം പൊക്കത്തിലായിരുന്നു ബലൂണുകളുടെ പറക്കൽ. ഇവ പിന്നീട് അപ്രത്യക്ഷമായി. നേരത്തെ തന്നെ ബലൂണുകൾ കാണുന്നുണ്ടെന്നും കഴിഞ്ഞ ഡിസംബറിൽ മാത്രം 6 സംഭവങ്ങൾ ഇത്തരത്തിലുണ്ടായെന്നും തയ്‌വാൻ വെളിപ്പെടുത്തിയിട്ടുണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ചൈനീസ് നിരീക്ഷണ ബലൂൺ യുഎസിലെത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മിസൈൽ വിക്ഷേപണ കേന്ദ്രം ഒക്കെയുള്ള തന്ത്രപ്രധാന മേഖലയായ മൊണ്ടാന സംസ്ഥാനത്തിനു മുകളിലൂടെയാണ് ബലൂണ്‍ പറന്നത്. ഒരാഴ്ചയോളം അമേരിക്കൻ സമൂഹത്തെ പരിഭ്രാന്തിയിലാക്കിയ ബലൂൺ ഒടുവിൽ യുഎസ് സൈന്യം വെടിവച്ചിട്ടു. കാലാവസ്ഥാ നിരീക്ഷണത്തിനാണ് ആ ബലൂൺ ഉപയോഗിക്കുന്നതെന്നായിരുന്നു ചൈനയുടെ നിലപാട്. തങ്ങളുടെ ബലൂൺ തകർത്ത യുഎസിനെതിരെ ചൈന ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അത്യാധുനിക ക്യാമറ സംവിധാനം, ഉപഗ്രഹങ്ങളെക്കാൾ മിഴിവുറ്റ ചിത്രങ്ങൾ
ചാരബലൂൺ ആയിരിക്കാമെന്നാണ് യുഎസിലെ ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ചാര ബലൂണുകളുടെ ഉപയോഗം വളരെക്കാലമായി ലോകത്തുണ്ട്. ബലൂണിൽ ഘടിപ്പിച്ച രീതിയിൽ താഴേക്കു കിടക്കുന്ന അത്യാധുനിക ക്യാമറ സംവിധാനം ഉപയോഗിച്ചാണ് ചാരബലൂണുകൾ ചിത്രമെടുക്കുന്നത്. പലപ്പോഴും ഇത്തരം ബലൂണുകൾ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സ്വതന്ത്രമായാണു സഞ്ചരിക്കുന്നത്. ചിലപ്പോൾ ഇവയിൽ ഗതി നിയന്ത്രണ സംവിധാനങ്ങളുമുണ്ടാകും. ഇന്നത്തെകാലത്ത് മിക്ക വൻശക്തികൾക്കും ബഹിരാകാശത്ത് ഉപഗ്രഹങ്ങളുണ്ട്. ചാരനിരീക്ഷണത്തിനായും ഇവ ഉപയോഗിക്കപ്പെടുന്നു.
ഉപഗ്രഹങ്ങളെക്കാൾ മിഴിവുറ്റതും വ്യക്തതയുള്ളതുമായ ചിത്രങ്ങളെടുക്കാൻ ബലൂണുകൾക്ക് കഴിവുണ്ട്. ഉപഗ്രഹങ്ങൾ ബഹിരാകാശത്താണുള്ളത്. എന്നാൽ ബലൂണുകൾ പൊതുവെ എൺപതിനായിരം മുതൽ ഒരു ലക്ഷം അടി മുകളിലാണു സ്ഥിതി ചെയ്യുന്നത്. ഉപഗ്രഹങ്ങൾ വളരെ വേഗത്തിൽ ഭൂമിയെ ഭ്രമണം ചെയ്യും. എന്നാൽ ബലൂണുകൾക്ക് ഈ വേഗമില്ലാത്തതിനാൽ മികച്ച ചിത്രങ്ങൾ അവ നൽകും. ബലൂൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഇതാദ്യമായൊന്നുമല്ല.
ആദ്യം ഫ്രാൻസിൽ, പിന്നെ ബലൂണുകളുടെ സാധ്യത തിരിച്ചറിഞ്ഞ യുഎസ്
ചരിത്രമനുസരിച്ച് ഫ്രാൻസിലാണ് ചാരബലൂണുകൾ ആദ്യമായി വിന്യസിക്കപ്പെട്ടത്. 1794ലെ ഫ്രഞ്ച് വിപ്ലവ യുദ്ധ സമയത്ത് നിരീക്ഷണത്തിനായി ഇവ ഉപയോഗിക്കപ്പെട്ടിരുന്നു. ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ് എന്നിവർക്കെതിരെ ഫ്രാൻസ് നടത്തിയ ഫ്ലൂറസ് യുദ്ധത്തിലും ഇവ ഉപയോഗിക്കപ്പെട്ടിരുന്നു.
അക്കാലത്ത് ഒരു ശക്തിയായി വളർന്നുകൊണ്ടിരുന്ന യുഎസ്, ബലൂണുകളുടെ സാധ്യത തിരിച്ചറിഞ്ഞിരുന്നു. പിൽക്കാലത്ത് യുഎസ് ആഭ്യന്തര യുദ്ധസമയത്ത് ലിങ്കണിന്റെ നേതൃത്വത്തിലുള്ള യൂണിയൻ ആർമി കോൺഫഡറേറ്റ് പ്രദേശങ്ങളിലേക്ക് തങ്ങളുടെ ബലൂണുകൾ അയച്ചു.
തഡിയൂസ് ലോവ് എന്ന ശാസ്ത്രജ്ഞനായിരുന്നു ഈ ബലൂണുകൾ രൂപീകരിച്ചത്. 7 ബലൂണുകളുണ്ടായിരുന്നു. ഇവ പ്രവർത്തിക്കാനാവശ്യമായ ഹൈഡ്രജൻ നിർമിക്കാനുള്ള ജനറേറ്ററുകളും ലോവ് തന്നെ നിർമിച്ചു. യൂണിയൻ ആർമിയുടെ ശത്രുക്കളായ കോൺഫഡറേറ്റ് സഖ്യം പതിനായിരം അടി പൊക്കത്തിൽ പറന്ന ഈ ബലൂണുകളെ വെടിവച്ചിടാൻ പഠിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാൽ നടന്നില്ല. ഈ ബലൂണിനുള്ളിൽ ആളുകളുമുണ്ടായിരുന്നു. ഇവർ ടെലിഗ്രാഫും കൊടികളുമൊക്കെ ഉപയോഗിച്ചാണ് പരസ്പരം ആശയവിനിമയം നടത്തിയത്.
വിമാനവേധ തോക്കുകളുള്ള ബലൂണുകളും
ഒന്നാം ലോകയുദ്ധ സമയത്ത് വ്യാപകമായി ബലൂണുകൾ ഉപയോഗിക്കപ്പെട്ടു. ബലൂണുകൾ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയാവുന്ന വ്യോമസേനകൾ ശത്രുക്കളുടെ ബലൂണുകളെ നിഷ്കരുണം വെടിവച്ചിടാൻ തുടങ്ങി. 1200 മുതൽ 1800 മീറ്റർ വരെ പൊക്കത്തിലായിരുന്നു അന്ന് ബലൂണുകൾ പറന്നിരുന്നത്. മോട്ടോറുകൾ ഘടിപ്പിച്ച ബലൂണുകൾ എത്തിത്തുടങ്ങിയതും അന്നാണ്. രണ്ടാം ലോകയുദ്ധ സമയത്ത് ബാറേജ് ബലൂണുകൾ വികസിപ്പിക്കപ്പെട്ടു. ഒരു ഗ്രൗണ്ട് സ്റ്റേഷനുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലുള്ള ബലൂണുകളായിരുന്നു ഇവ.
ഈ ബലൂണുകളിൽ വിമാനവേധ തോക്കുകളുണ്ടായിരുന്നു. അതിനാൽ തന്നെ ഇത്തരം ബലൂണുകളുള്ള സ്ഥലങ്ങളിൽ വിമാനങ്ങൾ ഉയർന്നു പറന്നു. എന്നാൽ ഇത്തരം ബലൂണുകൾ പിന്നീട് ജർമനിയുടെ ഹൈ ആൾട്ടിറ്റ്യൂഡ് വിമാനങ്ങൾക്ക് ഇരയായിത്തുടങ്ങിയതോടെ അവ ഉപേക്ഷിക്കപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യുഎസും സോവിയറ്റ് യൂണിയനും തമ്മിൽ ശീതയുദ്ധം തുടങ്ങി. സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാനായി യുഎസ് ഒരുക്കിയ ബലൂൺ പദ്ധതികൾ പ്രോജക്ട് മോബി ഡിക്, പ്രോജക്ട് ജനട്രിക്സ് തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടു.