ADVERTISEMENT

വിദേശത്തുനിന്നുള്ള ചാരൻമാർ തങ്ങളുടെ രാജ്യത്ത് കിടന്നു പുളച്ചുമറിയുകയാണെന്നാണ് ചൈന പറയുന്നത്. ഇതിനൊരു പ്രതിവിധിയൊരുക്കാനും വിദേശചാരൻമരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ചൈനയിലെ ജനങ്ങളിൽ വളർത്താനും പുതിയൊരു മാർഗവുമായി ഇറങ്ങിയിരിക്കുകയാണ് ചൈനീസ് ചാരസംഘടനകൾ. ഇതെക്കുറിച്ച് ഒരു കാർട്ടൂൺ കോമിക് തയാറാക്കി വിതരണം ചെയ്തിരിക്കുകയാണ് അവർ. ഷെനിയിൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് എന്നു പേരിട്ടിരിക്കുന്ന ഈ കോമിക്സിൽ ഒരു വിദേശചാരനെ പിടികൂടുന്നതിന്റെയും തുടർന്നുള്ള അന്വേഷണങ്ങളുമാണ് പ്രമേയം.

ഇരുമ്പുമറകളിൽ സ്ഥിതി ചെയ്യുന്നവയാണ്  ചൈനീസ് ചാരസ്ഥാപനങ്ങൾ. യുഎസിന്‌റെ സിഐഎ, ഇന്ത്യയുടെ റോ, ഇസ്രയേലിന്‌റെ മൊസാദ്, പാക്കിസ്ഥാന്‌റെ ഐഎസ്‌ഐ, ബ്രിട്ടന്‌റെ എംഐ6 തുടങ്ങിയ ഇന്‌റലിജൻസ് വിഭാഗങ്ങൾ ലോക പൊതുബോധത്തിൽ പ്രശസ്തമാണെങ്കിലും ചൈനയുടെ ചാരസംഘടനകളും ഇന്‌റലിജൻസ് വൃത്തങ്ങളും അത്ര പ്രശസ്തമല്ലാതെ സ്ഥിതി ചെയ്യുന്നവയാണ്.

Representational purpose only: Image generated with Canva
Representational purpose only: Image generated with Canva

വ്യത്യസ്തമായ രീതികൾ 

ചൈനീസ് ഇന്‌റലിജൻസ് സർവീസസ് (സിഐഎസ്) എന്ന പൊതുപ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന ചൈനീസ് ചാരസ്ഥാപനങ്ങൾ ലോകത്തെ മറ്റ് ചാരസംഘടനകളിൽ നിന്നു വ്യത്യസ്തമായ രീതികൾ അവലംബിക്കുന്നവയാണ്. പലവിധ ശ്രോതസ്സുകളിൽ നിന്ന് എത്ര ചെറിയ വിവരങ്ങളും ശേഖരിച്ച് അത് വിളക്കിച്ചേർത്ത് ഇന്‌റലിജൻസായി രൂപപ്പെടുത്തുക എന്ന ഇവരുടെ പ്രധാന ശൈലി ഒട്ടേറെ വിമർശനങ്ങളും മുൻപ് ക്ഷണിച്ചു വരുത്തിയിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലും ഇത്തരത്തിൽ ഇന്‌റലിജൻസ് നിലപാടുകൾ രൂപപ്പെടുന്നെന്നായിരുന്നു പ്രധാന ആരോപണം.

സിഐഎസിൽ പ്രധാനമായും സിവിൽ, മിലിട്ടറി വിഭാഗങ്ങളുണ്ട്. ഇന്‌റലിജൻസ് ബ്യൂറോ ഓഫ് ദ ജോയിന്‌റ് സ്റ്റാഫാണ് സൈന്യവുമായി ബന്ധപ്പെട്ടുള്ള പ്രധാന ഇന്‌റലിജൻസ് ഏജൻസി. സിവിലിയൻ രീതിയിലുള്ള വിവരശേഖരണം പ്രധാനമായും എംഎസ്എസ് അഥവാ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയാണ് നടത്തുന്നത്. ചൈനയുടെ ചാരവലയത്തിലെ ഏറ്റവും ശക്തമായ കണ്ണി ഇവരാണെന്നു പറയാം.

ചൈനീസ് പതാക (X/kizu91)
ചൈനീസ് പതാക (X/kizu91)

ചാരസംഘടന എന്നതിനപ്പുറം രഹസ്യപ്പൊലീസ് എന്ന നിലയിലും 

വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിനുള്ളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കുന്നത് ഇവരാണ്. ബെയ്ജിങ്ങിലാണ് ആസ്ഥാനമെങ്കിലും ചൈനയിലുടനീളം നഗരങ്ങളിലും പട്ടണങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.1983നു മുൻപ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്‌മെന്‌റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന എംഎസ്എസ് പിന്നീട് പേരിലും പ്രവർത്തനത്തിലും പരിഷ്‌കരിക്കപ്പെടുകയായിരുന്നു.

ചൈനീസ് നിയമത്തിലെ നാലാം ആർട്ടിക്കിൾ എംഎസ്എസിനു ശക്തമായ അധികാരങ്ങൾ നൽകുന്നുണ്ട്. ചാരസംഘടന എന്നതിനപ്പുറം രഹസ്യപ്പൊലീസ് എന്ന നിലയിലും പ്രവർത്തിക്കാൻ എംഎസ്എസിനു നിലനൽകുന്നതാണ് ഈ അധികാരങ്ങൾ. ചൈനീസ് സിവിലിയൻമാരെ അറസ്റ്റ് ചെയ്യാനും രഹസ്യത്തടങ്കലിൽ വയ്ക്കാനുമൊക്കെ ഇവർക്കു സാധിക്കും. സിഐഎയും എഫ്ബിഐയും ചേർന്നാൽ എങ്ങനെയിരിക്കും, അങ്ങനെയൊരു സംഘടന എന്നാണ് യുഎസ് നീതിന്യായ വകുപ്പ് എംഎസ്എസിനെ വിശേഷിപ്പിച്ചത്.

(Representative image by BrianAJackson/istockphoto)
(Representative image by BrianAJackson/istockphoto)

 ഗോഥിക് പാണ്ടയുടെയൊക്കെ പിന്നിൽ

ഈ സംഘടനയെപ്പറ്റി എംഎസ്എസിന്‌റെ മുൻ ഏജന്‌റായ ലി ഫെംഗ്‌സി നിർണായകമായ വിവരങ്ങൾ 2009ൽ പുറത്തുവിട്ടിരുന്നു.  സൈബർ എസ്പയണേജ് അഥവാ സൈബർ ചാരവൃത്തിയാണ് എംഎസ്എസിന്‌റെ പ്രധാനപ്പെട്ട ആയുധങ്ങളിലൊന്ന്. നിഗൂഡ സൈബർഗ്രൂപ്പുകളായ ഗോഥിക് പാണ്ടയുടെയൊക്കെ പിന്നിൽ എംഎസ്എസാണെന്ന് 2017ൽ സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക ചാരവൃത്തിയും ഇവരുടെ ഇഷ്ടമേഖലയാണെന്ന് ഇടയ്ക്ക് എഫ്ബിഐ വെളിപ്പെടുത്തിയിരുന്നു.

യുഎസിൽ മാത്രം മൂവായിരത്തിലധികം കമ്പനികൾ?

യുഎസിൽ മാത്രം മൂവായിരത്തിലധികം കമ്പനികളെ സാമ്പത്തിക ചാരവൃത്തിക്കായി എംഎസ്എസ് ഉപയോഗിക്കുന്നുണ്ടെന്നും എഫ്ബിഐ അന്നു പറഞ്ഞു. 2017ൽ ചൈനീസ് സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ എന്ന നിലയിൽ എംഎസ്എസ് ഉദ്യോഗസ്ഥർ യുഎസിൽ കടക്കുകയും ചൈന വിട്ട വിമതൻ ഗ്യു വെൻഗ്വിയുമായി ചർച്ച നടത്തി, ചൈനയിലേക്കു തിരിച്ചെത്തി ശിക്ഷ ഏറ്റുവാങ്ങാൻ നിർബന്ധിച്ചു.

representative image (Photo Credit : Marco_Piunti/istockphoto)
representative image (Photo Credit : Marco_Piunti/istockphoto)

ഇതു വെൻഗ്വി വിഡിയോ രേഖകൾ സഹിതം എഫ്ബിഐയെ അറിയിച്ചത് വലിയ വിവാദത്തിനു വഴിവച്ചു. തൊട്ടടുത്ത വർഷം എംഎസ്എസുമായി ബന്ധമുള്ള എപിടി 10 എന്ന സൈബർ ചാരകുറ്റവാളി സംഘത്തെ യുഎസ് അറസ്റ്റ് ചെയ്തു.2021ൽ ബ്രിട്ടിഷ് പാർലമെന്‌റിലുംചൈനീസ് ചാരപ്രവർത്തനം നടന്നിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com