ആകാശം കീഴടക്കിയ മഹാപെരുമ: വിഖ്യാത ചരിത്രം റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കാൻ വ്യോമസേന
Mail This Article
ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധേയമായ പ്രദർശനമൊരുക്കാൻ തയാറെടുത്തിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. ടാംഗെയിൽ ഫോർമേഷനിൽ അണിനിരക്കുന്ന വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ മഹനീയമായ ചരിത്രത്തെയും ഉയർത്തിക്കാട്ടും. ചരിത്രപ്രസിദ്ധമായ ഡക്കോട്ട, ഡോണിയർ ഡിഒ–228 വിമാനങ്ങൾ ഫോർമേഷനിലുണ്ടാകും. ബംഗ്ലദേശ് യുദ്ധത്തിനിടെ 1971 ഡിസംബർ 11ന് ശത്രുമേഖലയിൽ ആദ്യമായി എയർഡ്രോപ്പ് നടത്തിയതിന്റെ സ്മരണകൾ പുതുക്കുന്നതാകും ഈ ഫോർമേഷൻ. 'നഭഹ സ്പർശം ദീപ്തം' അഥവാ ‘ആകാശത്തെ തൊടുന്ന മഹാകീർത്തി’ എന്നർഥം വരുന്ന സംസ്കൃത വാക്യമാണ് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം.
ഇന്ത്യൻ വ്യോമസേന 1932ൽ രൂപീകൃതമായിട്ട് കഴിഞ്ഞ ഒക്ടോബർ എട്ടിന് 91 വർഷം തികഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനു നേരിടേണ്ടി വന്ന എല്ലാ പ്രധാന യുദ്ധങ്ങളിലും വ്യോമസേന നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ന് യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തെ മൂന്നാമത്തെ വ്യോമശക്തിയായി ഇന്ത്യൻ എയർഫോഴ്സ് മാറിയിട്ടുണ്ട്. വിശാലമായ നമ്മുടെ ആകാശങ്ങളെ തങ്ങളുടെ ചിറകുകളാൽ സംരക്ഷിച്ചുകൊണ്ട്.
ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വതന്ത്രയായ ശേഷം നടന്ന വിഭജനം സേനകളെയും ബാധിച്ചു. അന്നത്തെ റോയൽ ഇന്ത്യൻ എയർഫോഴ്സിന്റെ പത്തിൽ 3 സ്ക്വാഡ്രനുകൾ പാക്കിസ്ഥാനു നൽകി. സ്വാതന്ത്ര്യത്തെ തുടർന്ന് അധികം വൈകാതെ തന്നെ ആദ്യ ഇന്ത്യ –പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. ഒന്നാം കശ്മീർ യുദ്ധമെന്നാണ് ഇതറിയപ്പെട്ടത്. ഇന്ത്യയിൽ ചേരാതെ നിന്ന കശ്മീരിലേക്ക് പാക്ക് അധിനിവേശമുണ്ടാകുകയും തുടർന്ന് കശ്മീർ രാജാവ് ഇന്ത്യയിൽ ലയിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതെത്തുടർന്ന് കശ്മീർ സംരക്ഷിക്കാനായി ഇന്ത്യൻ സേനകൾ യുദ്ധമുഖത്തിറങ്ങി. ഇതോടെയാണ് ആദ്യ കശ്മീർ യുദ്ധം ഉണ്ടാകുന്നത്.
ആ സാഹസിക ദൗത്യം
പാക്കിസ്ഥാന്റെ പിന്തുണയുള്ള ആയുധസംഘങ്ങൾ കശ്മീർ തലസ്ഥാനമായ ശ്രീനഗറിലേക്കു മാർച്ച് ചെയ്തു തുടങ്ങി. രക്തരൂക്ഷിതമായിരുന്നു അവരുടെ മുന്നേറ്റം.വഴിനീളെ കൊലപാതകങ്ങളും നശീകരണവും നടന്നു. ഇന്ത്യൻ സേന ഉടനടി കശ്മീരിലേക്കെത്തേണ്ടത് അത്യന്താപേക്ഷിതമായി മാറി. ഇവിടെയായിരുന്നു എയർഫോഴ്സ് കരുത്ത് കാട്ടിയത്.ഇന്ത്യയിൽ ലയിക്കാൻ കശ്മീർ രാജാവ് സമ്മതിച്ചതിനു തൊട്ടുപിന്നാലെ ആദ്യ സേനാദൗത്യസംഘത്തെ എയർഫോഴ്സ് ഡകോട്ട വിമാനങ്ങൾ ശ്രീനഗറിലെത്തിച്ചു. പിൽക്കാലത്ത് ഫീൽഡ് മാർഷൽ സ്ഥാനം നേടിയ സാം മനേക് ഷാ ആയിരുന്നു ആ സേനാദൗത്യത്തെ നയിച്ചത്. അന്ന് കേണലായിരുന്നു അദ്ദേഹം.
ശ്രീനഗർ വിമാനത്താവളം പാക്ക് ആക്രമണകാരികളുടെ കൈവശമായോയെന്നു പോലും ഉറപ്പില്ലാതെയായിരുന്നു ആ സാഹസിക ദൗത്യം. താമസിയാതെ സിഖ് റെജിമെന്റിനെ എയർഫോഴ്സ് വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും ശ്രീനഗർ വിമാനത്താവളത്തിലെത്തിച്ചു. ഇവർ വിമാനത്താവളത്തിന്റെ സംരക്ഷണം ഏറ്റെടുത്തു.
പിന്നീട് ഉറിയിലും മറ്റും കരസേനാംഗങ്ങൾക്ക് ഉറച്ച പിന്തുണ എയർഫോഴ്സ് നൽകി. ഭക്ഷണവും ആയുധങ്ങളും എയർഡ്രോപ് ചെയ്തു. പൂഞ്ചിൽ ശത്രുക്കൾ സ്ഥാപിച്ച ഫീൽഡ് ഗണ്ണുകൾ വ്യോമസേന തകർത്തു. പാക്ക് മുന്നേറ്റം തടയാനായി സാഹസികമായ ദൗത്യത്തിൽ ഡൊമെൽ, കിഷൻഗംഗ നദികൾക്കു കുറുകയെുള്ള പാലങ്ങൾ തകർത്തു.1948 ഡിസംബർ 31ന് യുഎൻ മധ്യസ്ഥതയെത്തുടർന്ന് ആദ്യ കശ്മീർ യുദ്ധം അവസാനിച്ചു.
ഓപ്പറേഷൻ വിജയ് എന്ന ദൗത്യം
1961ൽ പോർച്ചുഗലിൽ നിന്നു ഗോവ തിരികെപ്പിടിക്കാൻ ഓപ്പറേഷൻ വിജയ് എന്ന ദൗത്യം ഇന്ത്യ തുടങ്ങി. കര,വ്യോമ, നാവിക സേനകൾ ഈ ദൗത്യത്തിലുണ്ടായിരുന്നു. ഗോവയിലേക്കു ട്രൂപ്പുകളെ എത്തിക്കുന്നതിലും പോർച്ചുഗലിന്റെ അധീനതയിലുള്ള എയർ സ്ട്രിപ്പുകൾ നശിപ്പിക്കാനുമൊക്കെ എയർഫോഴ്സ് നിർണായകമായ പങ്കുവഹിച്ചു.
1962ൽ ചൈനയുമായി നടന്ന യുദ്ധത്തിൽ ഗതാഗതത്തിനാണ് എയർഫോഴ്സ് വിമാനങ്ങൾ പ്രധാനമായും ഇന്ത്യൻ സേന ഉപയോഗിച്ചത്. 1965ൽ പാക്കിസ്ഥാനുമായി നടന്ന രണ്ടാം യുദ്ധത്തിൽ എയർഫോഴ്സ് സജീവമായി പങ്കെടുത്തു. ഇന്ത്യൻ വ്യോമസേനയും പാക്ക് വ്യോമസേനയും പരസ്പരം തീവ്രമായി ഏറ്റുമുട്ടിയതിന്റെ ചരിത്രം 1965 യുദ്ധത്തിനുണ്ട്. അന്ന് പാക്ക് വ്യോമസേന 2364 സോർട്ടികൾ(അപ്രതീക്ഷിത ദൗത്യങ്ങൾ) പറന്നപ്പോൾ ഇന്ത്യൻ വ്യോമസേന 3937 സോർട്ടികൾ നടത്തി.1965 സെപ്റ്റംബർ ഒന്നിനാണ് വ്യോമസേന യുദ്ധമുഖത്തേക്കിറങ്ങുന്നത്.
12 വാംപയർ, 14 മിസ്റ്റെർ യുദ്ധവിമാനങ്ങൾ ജമ്മുവിലെ പത്താൻകോട്ടു നിന്നു പറന്നു പൊങ്ങി. ആദ്യദിനത്തിൽ തന്നെ 10 പാക്കിസ്ഥാനി ടാങ്കുകൾ, 2 വിമാനവേധ തോക്കുകൾ, 40 വാഹനങ്ങൾ എന്നിവ എയർഫോഴ്സ് തകർത്തു.എയർഫോഴ്സ് അതിന്റെ ശക്തി പുറത്തെടുത്ത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് 1971ലെ ലോംഗേവാല പോരാട്ടം.
ഓപ്പറേഷൻ സഫേദ് സാഗർ
1971 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധങ്ങളിലൊന്ന് നടന്ന വർഷമാണ്. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയും നിർണായകമായ പങ്കുവഹിച്ചു. കരസേന നടപ്പാക്കിയ ഓപ്പറേഷൻ വിജയ് എന്ന വിജയദൗത്യത്തിനൊപ്പം തന്നെ ഓപ്പറേഷൻ സഫേദ് സാഗർ എന്ന ദൗത്യവുമായി വ്യോമസേനയും യുദ്ധമുഖത്ത് അണിചേർന്നു.ഒട്ടേറെ പെരുമകളുള്ളതായിരുന്നു ഈ ദൗത്യം. ഇതാദ്യമായിരുന്നു ഒരു ഹ്രസ്വകാലയുദ്ധമുഖത്ത് ഇന്ത്യൻ വ്യോമസേന അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു സഫേദ് സാഗറിന്.
റിപ്പബ്ലിക് ദിനത്തെക്കുറിച്ചുളള അറിവ് അളക്കാം, പങ്കെടുക്കൂ