സര്വസൈന്യാധിപനോടുള്ള ആദരം, റിപ്പബ്ലിക് ദിനത്തിലെ 21 ഗൺ സല്യൂട്ട്; ചരിത്രം
Mail This Article
രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോവുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒന്നാണ് 21 ഗണ്‍ സല്യൂട്ട്. '25 പൗണ്ടര്‍' തോക്കാണ് ഈ സൈനിക ചടങ്ങില്‍ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 21 ഗണ്‍ സല്യൂട്ട് നടത്തുന്നത് ഇന്ത്യന്‍ നിര്‍മിത 105 എംഎം ഫീല്‍ഡ് തോക്കുകളാണ്.
ചരിത്രം
ഓരോ റിപ്പബ്ലിക് ദിനത്തിലും 21 ഗണ്‍ സല്യൂട്ട് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഇതിന്റെ ചരിത്രം നോക്കിയാല്‍ ബ്രിട്ടീഷ് കാലഘട്ടം വരെ പോകേണ്ടിവരും. ആയുധത്തില്‍ തിരയില്ലെന്ന് ഉറപ്പിക്കാനായി ബ്രിട്ടീഷ് നാവികര്‍ ശത്രുവിനോട് ആയുധം ആകാശത്തേക്ക് പ്രയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷ ഉറപ്പിക്കാന്‍ വേണ്ടിയായിരുന്നു ബ്രിട്ടീഷ് സൈനികര്‍ ഇങ്ങനെ ചെയ്തത്. പിന്നീട് ആകാശത്തേക്ക് വെടിപൊട്ടിക്കുന്ന ഈ ചടങ്ങ് സമാധാനത്തിന്റെ പ്രതീകമായി മാറി. ഇപ്പോള്‍ ഒരു രാഷ്ട്രം തന്നെ അവരുടെ സര്‍വസൈന്യാധിപനോട് ബഹുമാനം പ്രകടിപ്പിക്കുന്ന ചടങ്ങായി ഇതു മാറുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന് മുമ്പ് രാജാക്കന്മാരെയും നാടുവാഴികളേയും മറ്റും ആകാശത്തേക്ക് വെടിവെച്ച് ബഹുമാനിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് 19 പീരങ്കിയോ 17 പീരങ്കിയോ ഒക്കെയായിരുന്നു ആകാശത്തേക്കു വെടിവെക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം ഈ ചടങ്ങ് ഇന്ത്യന്‍ സൈന്യം തന്നെ പിന്തുടര്‍ന്നു. രാഷ്ട്രപതി സ്ഥാനമേല്‍ക്കുമ്പോഴും റിപ്പബ്ലിക് ദിനത്തിലുമാണ് 21 ഗണ്‍ സല്യൂട്ട് നടക്കുന്നത്. ഇന്ത്യയിലെ മൂന്നു സൈന്യങ്ങളുടേയും പരമാധികാരിയായ രാഷ്ട്രപതിയോട് സൈന്യം ബഹുമാനം പ്രകടിപ്പിക്കുന്ന ചടങ്ങാണ് ഇപ്പോൾ 21 ഗണ്‍ സല്യൂട്ട്.
ആരാണ് 21 ഗണ്‍ സല്യൂട്ട് നടത്തുക?
ഇന്ത്യന്‍ സൈന്യത്തിലെ 2,281 ഫീല്‍ഡ് റെജിമെന്റിനാണ് 21 ഗണ്‍ സല്യൂട്ട് നടപ്പാക്കാനുള്ള ചുമതല. ദേശീയഗാനത്തിന് അകമ്പടിയായാണ് 21 ഗണ്‍ സല്യൂട്ട് ചെയ്യുക. ദേശീയ ഗാനത്തിന്റെ ദൈര്‍ഘ്യവും ഈ ചടങ്ങിന്റെ ദൈര്‍ഘ്യവും തുല്യമാണ്. ദേശീയ ഗാനത്തിനൊപ്പം 21 ഗണ്‍ സല്യൂട്ടും ആരംഭിക്കും. മൂന്നു റൗണ്ടുകളിലായി 21 തവണ വെടിയുതിര്‍ക്കും. ഓരോ 2.25 സെക്കന്‍ഡ് ഇടവേളയിലുമാണ് വെടി പൊട്ടിക്കുക. 52ാമത്തെ സെക്കന്‍ഡില്‍ ദേശീയ ഗാനം അവസാനിക്കുന്നതോടെ 21 ഗണ്‍ സല്യൂട്ടും അവസാനിക്കും.
അതീവ സമയ കൃത്യതയോടെയാണ് ഓരോ തവണയും വെടിയുതിര്‍ക്കുക. ഇതിനായി പ്രത്യേകം നിര്‍മിച്ച ക്ലോക്കുകളും ഉപയോഗിക്കും. എന്തെങ്കിലും കാരണവശാല്‍ കൂട്ടത്തില്‍ ഏതെങ്കിലും തോക്ക് പ്രവര്‍ത്തന രഹിതമായാലോ? അതിനായി വേണ്ടതിലും അധികം തോക്കുകളും 2,281 ഫീല്‍ഡ് റെജിമെന്റ് കരുതിയിരിക്കും. ആകെ ഏഴു തോക്കുകളാണ് ഈ ചടങ്ങില്‍ ഉപയോഗിക്കുന്നത്.