ADVERTISEMENT

82 വർഷം മുൻപ് 1942 ഫെബ്രുവരി 24ൽ യുഎസിൽ സംഭവിച്ചതെന്താണ്. അതൊരു അന്യഗ്രഹ ആഗമനമായിരുന്നോ, മറ്റെന്തെങ്കിലും സംഭവവികാസമോ? ഇപ്പോഴും ദുരൂഹമായി തുടരുകയാണ് ആ സംഭവം. അന്നേരാത്രി യുഎസ് നഗരമായ ലൊസാഞ്ചലസ് ശാന്തനിദ്രയിലായിരുന്നു. രണ്ടുമണിയോടടുത്ത് കലിഫോർണിയയിലെ സൈനിക റഡാറുകൾ എന്തോ അസ്വാഭാവികമായ ശബ്ദങ്ങൾ പിടിച്ചെടുത്തു.

Representative image.. Photo .credits: 3000ad/ Shutterstock.com
Representative image.. Photo .credits: 3000ad/ Shutterstock.com

'ശത്രു നമ്മുടെ മാനത്ത്' റഡാറുകളിൽ നിന്നു സന്ദേശം പാഞ്ഞു. പിന്നീട് ലൊസാഞ്ചലസിൽ നഗരമെങ്ങും ബ്ലാക്ക് ഔട്ട് ഏർപെടുത്തി. തുളച്ചുകയറുന്ന പ്രകാശമുള്ള സേർച്‌ലൈറ്റുകളുമായി അമേരിക്കൻ സൈനികർ നഗരത്തിൽ നിലയുറപ്പിച്ചു.അവ ആകാശത്തേക്ക് തിരിച്ച് അവർ ശത്രുവിനെ പരതി. തുടർന്ന് എത്തിയത് വിമാനവേധ തോക്കുകളായിരുന്നു. ആകാശത്തേക്ക് വൻവെടിവയ്പ് നടന്നു. ഒരു മണിക്കൂറോളം നീണ്ട വെടിവയ്പിൽ 1300 തവണ വെടിയുതിർക്കപ്പെട്ടു എന്നാണു കണക്ക്.

ഇതൊക്കെ എന്തിനായിരുന്നു?

ആകാശത്ത് പ്രത്യക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന അജ്ഞാത ശത്രുവിനെതിരെയുള്ള പ്രതിരോധമായിരുന്നു നടന്നത്. എന്നാൽ ശത്രുവിനെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല. ശത്രു ഇങ്ങോട്ട് ആക്രമിച്ചിട്ടുമില്ല.അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും നിഗൂഢമായുള്ള ഏടുകളിൽ ഒന്നായ ആക്രമണമായ ഇതു പിൽക്കാലത്ത് ബാറ്റിൽ ഓഫ് ലൊസാഞ്ചലസ് എന്നറിയപ്പെട്ടു. വ്യക്തമായ ഒരു തെളിവുമില്ലാതെ ഉണ്ടോ ഇല്ലയോ എന്നുറപ്പില്ലാത്ത ഒരു ശത്രുവിനെതിരെ ഇത്രയും വമ്പൻ ആക്രമണം അമേരിക്കൻ സൈന്യം നടത്തിയതെന്തിന്. പല കാരണങ്ങൾ പറയുന്നുണ്ട്, അതിലൊന്നായിരുന്നു ജപ്പാനെക്കുറിച്ചുള്ള പേടി.

ബാറ്റിൽ ഓഫ് ലൊസാഞ്ചലസ് നടക്കുന്നതിന് രണ്ട് മാസം മുൻപാണ് ലോകത്തെ നടുക്കിയ ആ ആക്രമണം നടന്നത്.1941 ഡിസംബർ ഏഴിന്.ഹവായിക്കു സമീപം സ്ഥിതി ചെയ്തിരുന്ന പേൾ ഹാർബറിലെ അമേരിക്കൻ നാവിക കേന്ദ്രത്തിലേക്ക് പറന്നെത്തിയ ജാപ്പനീസ് വ്യോമസേന ആ കേന്ദ്രം തകർക്കുകയും നിരവധി പ്രശസ്തമായ യുഎസ് നാവികക്കപ്പലുകൾ മുക്കുകയും ചെയ്തു.

Representative Image. Photo Credit : PhonlamaiPhoto  / iStockPhoto.com
Representative Image. Photo Credit : PhonlamaiPhoto / iStockPhoto.com

രണ്ടു ലോകമഹായുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആക്രമണങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത അമേരിക്കൻ ജനതയും അവിടത്തെ ആഭ്യന്തര സേനകളും ഇതു മൂലം പേടിയിലായ നാളുകളായിരുന്നു അക്കാലത്തേത്. റഡാറിൽ നിന്നു തെറ്റായ സന്ദേശം നൽകിയതു മൂലമോ,അല്ലെങ്കിൽ കാലാവസ്ഥാ നിരീക്ഷണത്തിനു പോയ ഏതോ ബലൂണുകൾ റഡാർ പിടിച്ചെടുത്തതു കാരണമോ ഉണ്ടായ ഒരു മണ്ടത്തരമായാണ് അമേരിക്കൻ നാവിക സൈന്യാധിപർ പിന്നീടും ഇന്നും ലൊസാഞ്ചലസ് പോരാട്ടത്തെ നിർവചിക്കുന്നത്. എന്നാൽ അന്നും ഇന്നും ഇതിനെ എതിർക്കുന്നവരും ഉണ്ട്. ദുരൂഹതയേറെയുള്ള സംഭവമാണ് ഇതെന്ന് അവർ പറയുന്നത്.

 ബാറ്റിൽ ഓഫ് ലൊസാഞ്ചലസ് 

 ബാറ്റിൽ ഓഫ് ലൊസാഞ്ചലസ് നടന്ന സമയത്ത് അജ്ഞാതമായ വാഹനങ്ങളെ ആകാശത്തു കണ്ടെന്ന് പല യുഎസ് സൈനികരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ ലൊസാഞ്ചലസ് നിവാസികളിൽ ചിലരും ഇതു തന്നെ പറഞ്ഞു. സേനകളുടെ വിലയിരുത്തലുകളിലും വ്യത്യാസമുണ്ടായിരുന്നു. തെറ്റായ സന്ദേശം മൂലമുണ്ടായ ആക്രമണമെന്നു നാവിക സേന വിലയിരുത്തിയപ്പോൾ, വിമാനങ്ങളെ തങ്ങൾ കണ്ടെന്നായിരുന്നു കരസേനയുടെ അഭിപ്രായം. പിന്നീട് ഈ അഭിപ്രായം അവർ മാറ്റിപ്പറഞ്ഞു. ഇതെല്ലാം ജനങ്ങളിൽ ദുരൂഹത പടർത്തി. 

ഇതോടെ അന്യഗ്രഹജീവികളാകാം ലൊസാഞ്ചലസിന്‌റെ ആകാശത്ത് എത്തിയതെന്ന് ആളുകളിൽ പലരും വിശ്വസിച്ചു തുടങ്ങി. സാധാരണ വിമാനങ്ങളേക്കാൾ ഉരത്തിലാണ് ലൊസാഞ്ചലസിലെത്തിയ വാഹനങ്ങൾ പറന്നതെന്നും അതിനാൽ തന്നെ അവയെ വെടിവയ്ക്കാൻ വിമാനവേധ തോക്കുകൾക്കായില്ലെന്നും പല സൈനികരും പറഞ്ഞത് ഈ വിശ്വാസത്തിനു ബലമേകി. ഇന്നും ദുരൂഹമായി തുടരുകയാണ് ബാറ്റിൽ ഓഫ് ലൊസാഞ്ചലസ്. പിൽക്കാലത്ത് ഇൻഡിപെൻഡൻസ് ഡേ(1996), വേൾഡ് ഇൻവേഷൻ: ബാറ്റിൽ-ലൊസാഞ്ചലസ് (2011) തുടങ്ങിയ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങൾക്കും ഇതു പ്രമേയമായി മാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com