ഉത്തരകൊറിയൻ മിസൈലുകളേറ്റു തളർന്ന ഗതികെട്ട ഒരു പാറ; എന്താണ് കിമ്മിനിത്ര ദേഷ്യം?
Mail This Article
എല്ലാദിവസവും ഉത്തരകൊറിയയിൽ നിന്നു പൊട്ടലും ചീറ്റലുമൊക്കെയുണ്ടാകാറുണ്ട്.ഇപ്പോഴും അവിടെ സൈനികാഭ്യാസങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. എപ്പോഴും യുദ്ധത്തിനു റെഡിയായിരിക്കാനാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ സൈന്യത്തോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.അദ്ദേഹത്തിനു പലരോടും ദേഷ്യമുണ്ട്, പ്രത്യേകിച്ചും യുഎസിനോടും ദക്ഷിണ കൊറിയയോടുമൊക്കെ ദേഷ്യം അൽപം കൂടുതലുമാണ്. ഇപ്പോഴിതാ ചൈനയുമായും അൽപം ദേഷ്യം തുടങ്ങിയിട്ടുണ്ടെന്നു വിദഗ്ധർ പറയുന്നു. ചൈനയുമായുള്ള വടക്കൻ അതിർത്തിയിൽ ഉത്തര കൊറിയ വേലികെട്ടുന്നതായുള്ള റിപ്പോർട്ടുകളും ചിത്രങ്ങളുമൊക്കെ വെളിയിൽ വന്നിരുന്നു.
എന്നാൽ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു പാറക്കെട്ടിനോട് എന്താണു കിമ്മിനിത്ര ദേഷ്യം? ആൾസോം എന്നറിയപ്പെടുന്ന ഈ പാറക്കെട്ടിൽ 25 തവണയിലേറെയാണ് ഉത്തര കൊറിയ മിസൈലാക്രമണം നടത്തിയത്. ഉത്തര കൊറിയയുടെ വടക്കുകിഴക്കൻ തീരത്തിനു 18 കിലോമീറ്റർ മാറിയാണ് ആൾസോം ദ്വീപ് സ്ഥിതി ചെയ്യുന്നത്. അനേകം മിസൈൽ പരീക്ഷണങ്ങൾ ഉത്തര കൊറിയ ഇവിടെ നടത്തി. ഇത്രയും ആക്രമണങ്ങൾ ഒരു സ്ഥലത്തു തന്നെ നടത്തിയതോടെയാണ് പാറക്കെട്ടിനെക്കുറിച്ച് തമാശക്കഥകൾ പ്രചരിച്ചു തുടങ്ങിയത്. കിം ജോങ് ഉൻ ഏറ്റവും വെറുക്കുന്ന പാറക്കെട്ടാണ് ആൾസോമെന്ന് അതോടെ സമൂഹമാധ്യമങ്ങളിലെല്ലാം പ്രചരിച്ചു. ആർക്കും അവകാശമില്ലാത്ത സ്ഥലം എന്നാണ് ആൾസോം എന്ന വാക്കിന്റെ അർഥം.
Read More At: 2024ല്‍ പരിഗണിക്കാവുന്ന കുറഞ്ഞ വിലയുള്ള 5 സ്മാര്‍ട്ട് വാച്ചുകള്‍
എന്നാൽ ഇതെല്ലാം കഥയാണെന്നും കിം ജോങ് ഉന്നിന് ആൾസോം പാറക്കെട്ടിനോട് വിരോധമുണ്ടാകാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും ആയുധ വിദഗ്ധർ പറയുന്നു. ദക്ഷിണ കൊറിയയെ മൊത്തത്തിൽ പ്രഹരിക്കാൻ ശേഷിയുള്ള കെഎൻ 23 പോലുള്ള ഹ്രസ്വദൂര മിസൈലുകൾ പരിശോധിക്കാൻ പറ്റിയ ഇടമാണ് ആൾസോം പാറക്കെട്ടെന്ന് ഡെംപ്സി പറയുന്നു. കൃത്യതയോടെ മിസൈലുകൾ ഈ പാറക്കെട്ടിലേക്കു പായിക്കാൻ കഴിയും. ഇവ പാറക്കെട്ടുകളിൽ പതിക്കുമ്പോൾ സിനിമാറ്റിക് അനുഭവമുണ്ടാക്കുന്ന സ്ഫോടനം സംഭവിക്കുകയും ഇതു ഷൂട്ട് ചെയ്ത ശേഷം ഉത്തര കൊറിയയ്ക്ക് തങ്ങളുടെ പ്രൊപ്പഗാണ്ട വിഡിയോകളിൽ ഉപയോഗിക്കുകയും ചെയ്യാം.
ദക്ഷിണ കൊറിയ പാറക്കെട്ടുകൾ നിറഞ്ഞ ഈ ദ്വീപിനെ ശക്തമായി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇതിന് സമീപത്തേക്കു പോകാൻ ഉത്തര കൊറിയയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ. നേരത്തെ ഹ്രസ്വ ദൂരത്തെ യുദ്ധാവശ്യത്തിനായി സ്കഡ് വിഭാഗത്തിൽപ്പെട്ട മിസൈലുകളായിരുന്നു ഉത്തരകൊറിയ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ ഇവയ്ക്ക് കൃത്യത കുറവായിരുന്നു. അടുത്തിടെയായി കൃത്യത കൂടിയ മിസൈലുകൾ ഉത്തര കൊറിയ ഇറക്കിയിരുന്നു. ഇവയിൽ പലതും ജപ്പാനിൽ വരെയൊക്കെ എത്താൻ ശേഷിയുള്ളതാണ്. ഇനിയും കൂടുതൽ മിസൈലുകൾ ഉത്തര കൊറിയയുടെ പണിപ്പുരയിലുണ്ടെന്നുമാണ് അഭ്യൂഹം.
ആൾസോം പോലെ രസകരവും എന്നാൽ പ്രതിരോധപരമായി പ്രാധാന്യമുള്ളതുമായ സ്ഥലങ്ങൾ കൊറിയയിൽ വേറെയുമുണ്ട്. സൈനികമുക്ത മേഖലയായ പൻമുൻജോങ് ഇത്തരത്തിലൊന്നാണ്. ഇരു കൊറിയകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഉത്തരകൊറിയൻ ഭാഗവും ദക്ഷിണകൊറിയൻ ഭാഗവും ഇവയ്ക്കുണ്ട്. 2018ൽ കിമ്മും അന്നത്തെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും പാൻമുൻജോങ്ങിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു.