അന്ന് ആ നദി ഇല്ലായിരുന്നെങ്കിൽ! റഷ്യ കീവ് പിടിക്കാതെ യുക്രെയ്നെ കാത്ത ഇർപിൻ
Mail This Article
രണ്ട് വർഷം മുൻപ് യുക്രെയ്ൻ തലസ്ഥാന നഗരം കീവ് ഉൾപ്പെടുന്ന മേഖല പിടിക്കാനായി റഷ്യ കനത്ത അക്രമവും അധിനിവേശവും നടത്തി. എന്നാൽ ഒരുമാസത്തിലധികം നീണ്ടുനിന്ന ഈ ആക്രമണ പരമ്പരയ്ക്കും കീവിനെ കീഴ്പ്പെടുത്താൻ സാധിച്ചില്ല.കീവ് മേഖലയിൽ നിന്ന് റഷ്യൻ സൈന്യത്തെ തുരത്തിയതിന്റെ രണ്ടാം വാർഷികം ആചരിക്കുകയാണ് യുക്രെയ്ൻ. ഈ നിർണായക നേട്ടത്തിന് അവർക്ക് കരുത്ത് നൽകിയതിൽ ഒരു നദിക്കും പങ്കുണ്ട്. ഇർപിൻ നദി.
യുക്രെയ്‌നിയൻ സൈന്യം അണക്കെട്ട് തുറന്നുവിട്ടതിനാൽ പ്രളയം സംഭവിച്ചു. ഇതോടെ മേഖലയിലൂടെ ഒഴുകുന്ന ഇർപിൻ നദി കരകവിഞ്ഞ് ഗ്രാമം വെള്ളത്തിൽ മുങ്ങുകയും ആയിരക്കണക്കിന് ഏക്കറോളം താമസ, കൃഷിഭൂമി നശിക്കുകയും ചെയ്തു. സംഭവിച്ച നഷ്ടങ്ങൾക്കിടയിലും മുന്നോട്ടു മാർച്ച് ചെയ്യുന്ന റഷ്യൻ സേനയെയും ടാങ്ക് ഉൾപ്പെടെയുള്ള ആയുധവിന്യാസത്തെയും തടഞ്ഞുനിർത്താൻ ഈ നീക്കത്തിനായിരുന്നു. തലസ്ഥാനമായ കീവ് പിടിക്കാനായി ഡെമിഡീവ് വഴി മുന്നേറ്റം നടത്തുന്നതിൽ നിന്നു റഷ്യയെ തടഞ്ഞതിൽ നിർണായകമായ ഒരു പങ്ക് ഈ സംഭവത്തിനുണ്ട്.
നായകതുല്യമായ പരിവേഷം
ഇർപിൻ നദിക്ക് ഇതോടെ നായകതുല്യമായ പരിവേഷമാണ് യുക്രെയ്ൻ ജനതയ്ക്കിടയിൽ വന്നുചേർന്നത്. 2022 ഫെബ്രുവരിയിൽ യുദ്ധം അതിന്‌റെ ആദ്യഘട്ട തീവ്രതയിൽ നിൽക്കുമ്പോഴാണ് ഡെമിഡീവിലെ മനുഷ്യനിർമിത പ്രളയം അരങ്ങേറിയത്. പണ്ട് യുക്രെയ്ൻ സോവിയറ്റ് യൂണിയന്‌റെ ഭാഗമായി നിന്നപ്പോൾ ഇവിടുള്ള 32000 ഏക്കറോളം തണ്ണീർത്തടത്തിൽ നിന്നു ജലമൊഴിപ്പിച്ച് സോവിയറ്റ് അധികൃതർ കൃഷി നടത്തിയിരുന്നു.എന്നാൽ അണക്കെട്ട് തുറന്നുവിട്ടുണ്ടാക്കിയ പ്രളയത്തോടെ ഈ സ്ഥലങ്ങളിലെല്ലാം വെള്ളം തിരിച്ചുകയറുകയും തണ്ണീർത്തടങ്ങൾ വീണ്ടും രൂപപ്പെടുകയും ചെയ്തു.
അന്ന്ആദ്യമായല്ല ഇർപിൻ നദി തലസ്ഥാനനഗരമായ കീവിനെ സംരക്ഷിക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആദ്യകാല കീവൻ റൂസ് സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ പോഴോവ്റ്റിയൻസ്, പെചെനെഗ്‌സ് തുടങ്ങിയ ഗോത്രസേനകൾ കീവ് ആക്രമിക്കാൻ വന്നു. എന്നാൽ ഇർപിൻ നദിയുടെ തടപ്രദേശങ്ങളിലെ ചതുപ്പു മൂലം അവയ്ക്കു മുന്നേറാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ ആദിമകാലം മുതൽ തന്നെ നഗരത്തിന്‌റെ സംരക്ഷകയായി ഇർപിൻ നദി പ്രവർത്തിക്കുന്നുണ്ടെന്നു ബോറെയ്‌കോ പറയുന്നു.
യൂറോപ്പിന്‌റെ ആമസോൺ എന്ന പേരിൽ അറിയപ്പെട്ട ജൈവവൈവിധ്യമേഖല
1941ൽ രണ്ടാംലോകയുദ്ധകാലത്ത് നാത്സി ജർമനിയുടെ പടയ്‌ക്കെതിരെയും യുക്രെയ്ൻ പ്രതിരോധിച്ച് നിന്നത് ഇർപിൻ നദിയുടെ സഹായത്താലാണ്. സോവിയറ്റ് വികസനപ്രവർത്തനങ്ങൾക്കു മുൻപ് ഇർപിൻ നദീതടപ്രദേശങ്ങൾ യൂറോപ്പിന്‌റെ ആമസോൺ എന്ന പേരിൽ അറിയപ്പെട്ട ജൈവവൈവിധ്യമേഖലയായിരുന്നെന്ന് യുക്രെയ്ൻ നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി അധികൃതർ പറയുന്നു. ജയന്‌റ് കാറ്റ്ഫിഷ്, സ്റ്റർജൻ ഉൾപ്പെടെ ഒട്ടേറെ അപൂർവമത്സ്യങ്ങളും വൈറ്റ് ടെയ്ൽഡ് ഈഗിൾ തുടങ്ങി ഒട്ടേറെ പക്ഷികളും ഇവിടെയുണ്ടായിരുന്നു.