സ്റ്റാലിന്റെ പേരിലുള്ള നഗരം ആക്രമിച്ച നാത്സി! രണ്ടാംലോകയുദ്ധത്തിലെ തീവ്രതയാർന്ന പോരാട്ടം
Mail This Article
രണ്ടാംലോകയുദ്ധത്തിലെ ഏറ്റവും തീവ്രമായ പോരാട്ടം. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്ന്– അതായിരുന്നു ബാറ്റിൽ ഓഫ് സ്റ്റാലിൻഗ്രാഡ്. നഗരയുദ്ധത്തിന്റെ ഏറ്റവും സുവ്യക്തമായ ഉദാഹരണങ്ങളിലൊന്നുമായിരുന്നു ഈ യുദ്ധം. സ്റ്റാലിൻഗ്രാഡ് പോരാട്ടം പോലെ ലോകശ്രദ്ധ നേടിയ മറ്റൊരു പോരാട്ടവും രണ്ടാം ലോകയുദ്ധത്തിലില്ലായിരുന്നെന്ന് ഗവേഷകർ പറയുന്നു.
റഷ്യയുടെ(യുഎസ്എസ്ആർ) തെക്കൻഭാഗത്ത് സ്ഥിതി ചെയ്തിരുന്ന വോൾഗോഗ്രാഡ് എന്ന പട്ടണമാണ് അക്കാലയളവിൽ സ്റ്റാലിൻഗ്രാഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ സ്റ്റാലിന്റെ പേരിൽ തന്നെ. വളരെ തന്ത്രപ്രധാനമായ നഗരമായിരുന്നു വോൾഗ നദിക്കരയിൽ സ്ഥിതി ചെയ്ത സ്റ്റാലിൻഗ്രാഡ്. സോവിയറ്റ് യൂണിയന്റെ എണ്ണ സമ്പന്നമായ കോക്കസസ് മേഖലയിലേക്കുള്ള പ്രവേശന കവാടമായിരുന്നു വലിയ വ്യാവസായിക പ്രാമുഖ്യമുള്ള ഈ നഗരം.
ഓപ്പറേഷൻ ബാർബറോസ
ഓപ്പറേഷൻ ബാർബറോസ എന്ന പേരിൽ നാത്സികൾ റഷ്യയിൽ ആക്രമണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. മോസ്കോയും ലെനിൻഗ്രാഡും (സെന്റ് പീറ്റേഴ്സ്ബർഗ്) പിടിച്ചടക്കാൻ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം പക്ഷേ എങ്ങുമെത്താത്ത സ്ഥിതിയിലായിരുന്നു. എന്നാൽ ഈ നഗരങ്ങൾ പിടിച്ചടക്കുന്നതിനേക്കാളെല്ലാം മൂല്യമുള്ള വിജയം സ്റ്റാലിൻഗ്രാഡ് പിടിക്കുന്നതിലൂടെ ലഭിക്കുമെന്ന് നാത്സികൾ കണക്കുകൂട്ടി. സ്റ്റാലിന്റെ പേരിൽ തന്നെയുള്ള നഗരം വീണാൽ അതു സോവിയറ്റ് യൂണിയന്റെ ആത്മവിശ്വാസം കുറയ്ക്കുമെന്നായിരുന്നു അവരുടെ ധാരണ.
1942ൽ ആണ് യുദ്ധം തുടങ്ങിയത്. പതിനായിരക്കണക്കിനു ജർമൻകാരും സഖ്യകക്ഷികളായ ഇറ്റാലിയൻ, ഹംഗേറിയൻ, റുമേനിയൻ പടയാളികളും നഗരത്തെ ആക്രമിക്കാൻ തുടങ്ങി. സോവിയറ്റ് പ്രതിരോധവും പക്ഷേ ശക്തമായിരുന്നു.നാത്സി സൈന്യാധിപനായിരുന്ന ഫ്രഡറിക് പോലസിനായിരുന്നു ജർമൻ മുന്നണിയുടെ ആക്രമണച്ചുമതല.
പത്തു ദിനത്തിൽ നഗരം പിടിച്ചടക്കണമെന്ന് പോലസ് കണക്കുകൂട്ടി. ഇതിനായി കരയുദ്ധത്തിനു പുറമെ ശക്തമായ വ്യോമാക്രമണങ്ങളും നടത്തി. പതിനായിരക്കണക്കിന് നഗരവാസികൾ ദിനംപ്രതി കൊല്ലപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങൾ പൊട്ടിത്തകർന്നു നശിച്ചു. ഇവ തങ്ങളുടെ ആക്രമണക്കോട്ടകളാക്കി സോവിയറ്റ് സൈന്യം കാത്തിരുന്നു.
രണ്ട് മുന്നണികളിലും ഭക്ഷണത്തിന്റേതുൾപ്പെടെ കടുത്ത ക്ഷാമം ഉടലെടുത്തു. എന്നാൽ അഭിമാനപ്പോരാട്ടത്തിൽ നിന്നു പിൻമാറാൻ സ്റ്റാലിനോ ഹിറ്റ്ലറോ ഒരുക്കമായിരുന്നില്ല. അവർ കൂടുതൽ ആയുധങ്ങളും പടയാളികളെയും തങ്ങളുടെ മുന്നണികളിൽ എത്തിച്ചു.നശീകരണത്തിന്റെ തോത് ത്വരിതവേഗത്തിലായി. ഇരുമുന്നണികളിലുമായി പത്തുലക്ഷത്തിലധികം ആളുകൾ പരസ്പരം പോരടിച്ചുകൊണ്ടിരുന്നു. താമസിയാതെ റഷ്യൻ സൈന്യം നാലുപാടുനിന്നും വന്നു.
ടാങ്കുകളും പീരങ്കികളും പടയാളികളും
നാത്സി മുന്നണിയിലെ മൂന്നുലക്ഷത്തോളം സൈനികർ ചക്രവ്യൂഹത്തിലകപ്പെട്ടതു പോലെയായി.പിന്നീട് പൊരിഞ്ഞ പോരാട്ടം നടന്നു. സോവിയറ്റ് യൂണിയൻ പൗരൻമാരായ 10 ലക്ഷം പേരെങ്കിലും ഈ കൊടും യുദ്ധത്തിൽ മരണപ്പെട്ടെന്നാണ് കണക്ക്. നാൾക്കു നാൾ നാത്സികൾ പരാജയത്തോടടുത്തു. ഒടുവിൽ 1943 ഫെബ്രുവരിയിൽ അവർ പരാജയം സമ്മതിച്ചു പിന്തിരിഞ്ഞു.