ഇസ്രയേൽ മിസൈലുകളെ തടുക്കാൻ ഇറാനുമുണ്ട് ഒരു ‘അയൺ ഡോം’ പദ്ധതി!
Mail This Article
ഇറാൻ നടത്തിയ ആദ്യ നേരിട്ടുള്ള ആക്രമണത്തിനു ശേഷം ഇപ്പോഴിതാ ഇസ്രയേൽ പ്രതികാര ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇസ്രയേൽ-ഹമാസ് സംഘർഷങ്ങളിൽ പ്രസിദ്ധി നേടിയ മിസൈൽ പ്രതിരോധ സംവിധാനം അയൺ ഡോം ഇറാന്‍ മിസൈലുകളും ഡ്രോണുകളും അയച്ചപ്പോഴും ശ്രദ്ധ നേടിയിരുന്നു. 2011ൽ ആണ് ഇസ്രയേൽ അയൺ ഡോം സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സംയുക്തമായാണ് അയൺ ഡോം വികസിപ്പിച്ചത്.
4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷി ഈ സംവിധാനത്തിനുണ്ട്. കടലിൽ യുദ്ധക്കപ്പലിലും സ്ഥാപിക്കുന്ന അയൺ ഡോം സംവിധാനങ്ങൾ ഇസ്രയേൽ വികസിപ്പിച്ചിട്ടുണ്ട്.ഇസ്രയേലിന്റെ അയൺ ഡോം പോലെ ഒരു മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ വികസനം ഇറാനും പദ്ധതിയാക്കിയിട്ടുണ്ട്. 2021ൽ ഇത്തരത്തിൽപുതുതായി രൂപകൽപന ചെയ്ത മിസൈൽ വേധ സംവിധാനത്തിന്‌റെ വിഡിയോ ഇറാൻ പുറത്തിറക്കിയിരുന്നു.
ഇന്‌റഗ്രേറ്റഡ് എയർ ഡിഫൻസ് നെറ്റ്വർക് എന്ന ഗണത്തിൽ വരുന്ന മിസൈൽവേധ സംവിധാനത്തിന്‌റെ പേര് സ്‌കൈ ഡിഫൻഡേഴ്‌സ് വെലായത് 1400 എന്നാണ്. അന്നത്തെ, വിഡിയോയിൽ വിവിധ പ്രകടനങ്ങളിൽ സംവിധാനം ഉപയോഗിച്ച് വിവിധ മിസൈലുകളെ നിർവീര്യമാക്കുന്നതു കാണാമായിരുന്നു.ക്രൂയിസ് മിസൈലുകളെ നേരിടാനാണ് പ്രധാനമായും പുതിയ സംവിധാനം വികസിപ്പിച്ചതെന്ന് ഇറാൻ സൈന്യത്തിലെ ഉന്നത അധികൃതർ അന്ന് അഭിപ്രായപ്പെട്ടു. നിലവിൽ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന മിസൈൽ ഡിഫൻസ് സംവിധാനങ്ങളിൽ നിന്നു വ്യത്യസ്തമാണ് ഇതെന്നും സൈന്യം അന്നു പറഞ്ഞിരുന്നു.
നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈൽ വേധ റോക്കറ്റുകൾ വിക്ഷേപിക്കാം. ദക്ഷിണാഫ്രിക്കയുടെ ഉംഖോണ്ടോ മിസൈൽ സംവിധാനവുമായി വളരെയേറെ സാമ്യം ഇതു പുലർത്തുന്നതായി പ്രതിരോധ വിദഗ്ദർ അന്ന് നിരീക്ഷിച്ചിരുന്നു. 360 ഡിഗ്രിയിൽ റേഞ്ചുള്ള റഡാർ സംവിധാനം ഉപയോഗിച്ചാണ് വെലായത് 1400 പ്രവർത്തിക്കുന്നത്. റഷ്യൻ മിസൈൽ വേധ സംവിധാനമായ പാൻസിറിനെ അടിസ്ഥാനപ്പെടുത്തിയാണ് സംവിധാനം രൂപപ്പെടുത്തിയതെന്നും അഭ്യൂഹമുണ്ടായിരുന്നു.
സിറിയയിൽ വ്യാപകമായി പാൻസിർ സംവിധാനം റഷ്യ ഒരുക്കിയിട്ടുണ്ട്. റഷ്യൻ ആയുധങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആയുധനിർമിതി ഇറാൻ കുറച്ചുകാലമായി പുലർത്തുന്നുണ്ട്. റഷ്യയുടെ എസ് 300 മിസൈൽ സംവിധാനവുമായി സാമ്യമുള്ള ബവാർ 373 ഇടയ്ക്ക് റഷ്യ വികസിപ്പിച്ചെടുത്തിരുന്നു. എന്നാൽ അന്നത്തെ വിഡിയോയ്ക്ക് ശേഷം വെലായത് 1400നെ കുറിച്ച് കാര്യമായി വിവരങ്ങൾ പുറത്തിറങ്ങിയിട്ടില്ല. ഇറാനിൽ എവിടെയെല്ലാം ഇത് ഉപയോഗിക്കുന്നുണ്ടോ? മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല.