റഷ്യൻ ചാരനെ പൊക്കി പോളണ്ട്: പുട്ടിനെ ഏറ്റവും കൂടുതൽ വെറുക്കുന്ന രാജ്യം
Mail This Article
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കൊലപ്പെടുത്താനുള്ള റഷ്യൻ പദ്ധതിക്കു സഹായം നൽകാൻ ശ്രമിച്ചെന്ന പേരിൽ ഒരാളെ പോളണ്ട് അറസ്റ്റ് ചെയ്തു. റഷ്യൻ ചാരൻമാരുമായി ചേർന്നു പ്രവർത്തിച്ച പോളിഷ് പൗരന്റെ പേര് പാവൽ എന്നാണെന്ന് അധികൃതർ അറിയിച്ചു. മറ്റു വിവരങ്ങൾ ലഭ്യമല്ല. യുക്രെയ്ൻ–പോളണ്ട് അതിർത്തിക്കു സമീപമുള്ള റ്സെസോ–ജാസിയൻക വിമാനത്താവളത്തിന്റെ സുരക്ഷാ വിവരങ്ങൾ റഷ്യൻ ചാരസംഘടനയ്ക്ക് കൈമാറാൻ ഇയാൾ ശ്രമം നടത്തിയെന്നാണ് പോളണ്ടിന്റെ വാദം. യുക്രെയ്നിലേക്കുള്ള മാനുഷിക– സൈനിക സഹായങ്ങളെല്ലാം പോകുന്ന നിർണായക വിമാനത്താവളമാണ് ഇത്.
2017ൽ 55 രാജ്യങ്ങളിൽ നടത്തിയ പ്രശസ്തമായ ഗാലപ് പോൾ പ്രകാരം പുട്ടിനെ ഏറ്റവും വെറുക്കുന്ന രാജ്യം പോളണ്ടാണ്. റഷ്യയുടെ അയൽരാജ്യമായ പോളണ്ട്.–76 എന്ന വളരെത്താഴ്ന്ന സ്കോറാണു പുട്ടിന്റെ ജനപ്രീതിക്ക് പോളണ്ടിൽ നിന്നു ലഭിച്ചത്.വർഷങ്ങൾക്ക് മുൻപ് പോളണ്ടിന്റെ നേതൃത്വത്തിൽ ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങൾ റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ യൂറോപ്യൻ നീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചു.
പോളണ്ട് റഷ്യയിൽ അധിനിവേശം നടത്തി അധികാരം പോലും പിടിച്ചു
അതിനു ശേഷം ചാരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പോളണ്ട് 3 റഷ്യൻ നയതന്ത്രജ്ഞരെയും പുറത്താക്കി.പോളണ്ടും സോവിയറ്റ് റഷ്യയും തമ്മിലുള്ള പ്രക്ഷുബ്ധമായ ചരിത്രത്തിൽ അത്ര സുഖകരമല്ലാത്ത ഏടുകൾ ധാരാളമുണ്ടായിരുന്നു.ചരിത്രത്തിൽ ധാരാളം പോളിഷ്–റഷ്യൻ യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രകാലത്ത് ഒരിക്കൽ പോളണ്ട് റഷ്യയിൽ അധിനിവേശം നടത്തി അധികാരം പോലും പിടിച്ചു.
പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ രൂപീകരിക്കപ്പെട്ട കാലത്ത് പോളണ്ടിനു മേൽ റഷ്യയ്ക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും അന്നത്തെ ജർമൻ സാമ്രാജ്യവും ലെനിനും തമ്മിൽ ഒപ്പിട്ട ഉടമ്പടി പ്രകാരം പോളണ്ട് ജർമൻ നിയന്ത്രണത്തിലായി. 1918ൽ ജർമൻ സാമ്രാജ്യം തകർന്നതോടെ സ്വതന്ത്രമായ പോളണ്ടിനെ സോവിയറ്റ് യൂണിയൻ ആക്രമിച്ചെങ്കിലും വിജയം പോളിഷ് സൈന്യത്തിനായിരുന്നു.
പിൽക്കാലത്ത് പല കാര്യങ്ങളിലും സോവിയറ്റ് യൂണിയന് എതിരായി നിന്ന പോളണ്ട് ജോസഫ് സ്റ്റാലിനു കരടായിരുന്നു. സോവിയറ്റ് യൂണിയനെതിരായി വിപ്ലവം പ്രോത്സാഹിപ്പിക്കാനായി പോളണ്ട് രഹസ്യ ഏജന്റുകളെ അയച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.പോളിഷ് ഓപ്പറേഷൻ എന്നപേരിൽ സോവിയറ്റ് യൂണിയനിലും സമീപത്തും താമസിച്ച പോളണ്ടുകാരെ കൂട്ടക്കൊല ചെയ്ത സംഭവം ആയിടെയുണ്ടായി.
വിള്ളൽ വീഴ്ത്തിയ ഈ സംഭവം
രണ്ടാം ലോകയുദ്ധ കാലത്ത് സ്റ്റാലിനു കീഴിലുള്ള സോവിയറ്റ് സീക്രട്ട് പൊലീസ് 22000 പോളണ്ടുകാരെ വധിച്ച കാറ്റ്യിൻ സംഭവം പോളണ്ടിൽ വൈകാരികമായാണു കാണുന്നത്. ഈ സംഭവം പോളണ്ട്– റഷ്യൻ ബന്ധത്തിൽ ഇന്നുമൊരു കരടാണ്.1940ൽ ആണ് സോവിയറ്റ് യൂണിയനും പോളണ്ടും തമ്മിലുള്ള ബന്ധത്തിൽ ദീർഘമായ വിള്ളൽ വീഴ്ത്തിയ ഈ സംഭവം അരങ്ങേറുന്നത്.പിന്നീട് പോളണ്ടിന്റെ നല്ലൊരു ശതമാനം സ്ഥലങ്ങൾ സ്റ്റാലിന്റെ അധീനതയിലായി. എന്നാൽ 1990കളോടെ പോളിഷ് രാഷ്ട്രീയത്തിൽ സോവിയറ്റ് സ്വാധീനം കുറഞ്ഞു. അപ്പോഴേക്കും സോവിയറ്റ് യൂണിയനും തകർന്നിരുന്നു.
പിന്നീട് റഷ്യയും പോളണ്ടുമായുള്ള ബന്ധത്തിൽ ഉയർച്ചകളും താഴ്ചകളും ഉടലെടുത്തിരുന്നു. നാറ്റോയിൽ ചേരാനും യുക്രെയ്ന്റെ സ്വാതന്ത്ര്യം ആദ്യം അംഗീകരിക്കാനും 2004ൽ, റഷ്യൻ പക്ഷത്തുള്ള യുക്രെയ്ൻ പ്രസിഡന്റായ വിക്ടർ യാനുകോവിച്ചിനെതിരായ ഓറഞ്ച് വിപ്ലവത്തിനു പിന്തുണ കൊടുത്തതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി.
2010ൽ കാറ്റ്യിൻ കൂട്ടക്കൊലയുടെ വാർഷികദിനത്തിൽ പുടിൻ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിരുന്നു. കാറ്റ്യിൻ കൂട്ടക്കൊലയുടെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്ന ആദ്യ റഷ്യൻ നേതാവെന്ന നിലയിൽ ചരിത്രപരമായ മുഹൂർത്തമായിരുന്നു അത്. എന്നാൽ പ്രസംഗത്തിനിടെ, അക്കാലത്തെ സോവിയറ്റ് സൈനികർ പോളിഷ് ക്യാംപുകളിൽ മരിച്ചതിന്റെ പ്രതികാരമായാകാം കാറ്റ്യിൻ കൂട്ടക്കൊല അരങ്ങേറിയതെന്നു പുടിൻ പറഞ്ഞതു വിവാദമായി. ഇതു പോളണ്ടിൽ പുട്ടിൻ വിരുദ്ധ വികാരത്തിനു വഴി തെളിച്ചു.
2019 മുതൽ രണ്ടാം ലോകയുദ്ധത്തിനു കാരണക്കാരായ രാജ്യമായി പോളണ്ടിനെയും വിമോചകരായി സോവിയറ്റ് യൂണിയനെയും ഉയർത്തിക്കാട്ടാൻ പുടിനും അനുയായികളായ ചരിത്രകാരൻമാരും ശ്രമിക്കുന്നെന്ന ആരോപണവും പോളണ്ടുകാർക്കിടയിൽ ശക്തമായിരുന്നു.