റഷ്യയെ വിറപ്പിച്ചത് ടാക്ടിക്കൽ മിസൈൽ;യുക്രെയ്നു യുഎസിന്റെ രഹസ്യ സമ്മാനം
Mail This Article
കഴിഞ്ഞ ദിവസം ക്രൈമിയയിലെ വ്യോമസേനാ കേന്ദ്രത്തിലും മറ്റൊരു റഷ്യൻ അധിനിവേശ മേഖലയിലും യുക്രെയ്ൻ ടാക്ടിക്കൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവരികയാണ്. 300 കിലോമീറ്ററിലേറെ ദൂരത്ത് ആക്രമണം നടത്താനാകുന്നതാണ് യുഎസ് യുക്രെയ്നു രഹസ്യമായി നൽകിയ ഈ മിസൈൽ.ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റം അഥവാ എടിഎസിഎംഎസ് എന്നുപേരുള്ള ഈ മിസൈൽ നിർമിച്ചത് എൽടിവി എന്നൊരു യുഎസ് കമ്പനിയാണ്. 13 അടി പൊക്കവും 610 മില്ലിമീറ്റർ വ്യാസവുമുള്ള ഇത് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്നതാണ്.
ആധുനിക മിസൈലുകൾ യുഎസ് നേരത്തെ തന്നെ യുക്രെയ്നു നൽകുന്നുണ്ടായിരുന്നു. രണ്ടുവർഷം മുൻപ് യുഎസ് ഹിമാർസ് മിസൈലുകളും നൽകിയിരുന്നു. എം 142 ഹൈ മൊബിലിറ്റി ആർട്ടിലറി മൊബിലിറ്റി റോക്കറ്റ് സിസ്റ്റം എന്നതാണു ഹിമാർസ് മിസൈലുകളുടെ പൂർണരൂപം. ഹിമാർസിന്റെ ലോഞ്ചറുപയോഗിച്ചും ടാക്ടിക്കൽ മിസൈൽ തൊടുക്കാനാകും. യുക്രെയ്‌നിനായി അമേരിക്ക നൽകുന്ന ഏറ്റവും നവീനമായ ആയുധം എന്ന നിലയിൽ വലിയ ലോകശ്രദ്ധ ഹിമാർസ് മിസൈലുകൾ നേരത്തെ നേടിയിരുന്നു. റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ തുടങ്ങിയ ശേഷം 11ാമത്തെ ആയുധ പാക്കേജിലാണ് ഹിമാർസ് എത്തിയത്.
എന്നാൽ എടിഎസിഎംഎസിൽ നിന്നു വ്യത്യസ്തമായി ഹിമാർസ് ഹ്രസ്വദൂര മിസൈലാണ്.ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കു നീക്കാവുന്ന മൊബൈൽ ലോഞ്ചറുകളിൽ വിക്ഷേപിക്കാവുന്ന മിസൈലുകളാണ് ഇവ. ഒറ്റ ലോഞ്ചറിൽ തന്നെ അനേകം മിസൈലുകൾ വഹിക്കാം. 6 ജിപിഎസ് നിയന്ത്രിത ക്ലസ്റ്റർ റോക്കറ്റുകളെയോ, ഒരൊറ്റ പോഡ് ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനത്തെയോ ഇതിനു വഹിക്കാം.
ലോഞ്ചറിൽ നിന്നു വിക്ഷേപിക്കുന്ന മിസൈലുകൾക്ക് 75 കിലോമീറ്റർ വരെ റേഞ്ചുണ്ട്. മിനിറ്റുകൾക്കുള്ളിൽ ഓട്ടമാറ്റിക്കായി ലോഡ് ചെയ്യാവുന്ന സംവിധാനമാണ് ഈ മിസൈലുകൾക്ക് വലിയ പ്രഹരശേഷി നൽകുന്നത്. പിന്നീട് ഹിമാർസ് മിസൈലുകൾ ലാത്വിയയ്ക്കു നൽകാനും യുഎസ് തീരുമാനിച്ചിരുന്നു.