ADVERTISEMENT

പുതിയ ഫോൺ എടുക്കാൻ പ്ലാനുണ്ടോ?, 'അനിയാ നിൽ' ഇതൊന്നു വായിച്ചുനോക്കൂ.  ഒട്ടനവധി പുതുമകള്‍ പ്രതീക്ഷിക്കുന്ന ചില പ്രീമിയം മോഡലുകളും, മധ്യനിര മോഡലുകളും ഇന്ത്യയില്‍ ഉടന്‍തന്നെ അവതരിപ്പിച്ചേക്കും. കിടിലൻ പ്രൊസസിങ് കരുത്തും, മറ്റനവധി ഫീച്ചറുകളുമാണ് സ്മാർട്ഫോൺ ആരാധകർ പ്രതീക്ഷിക്കുന്നത്. ഉടനെ ഒരു പ്രീമിയം ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും പരിഗണിക്കേണ്ട ചില മോഡലുകൾ ഒന്നു നോക്കാം.

പ്രൊസസിങ് പവര്‍

ക്വാല്‍കം, മീഡിയടെക്, സാംസങ് തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഏറ്റവും കരുത്തുറ്റ പ്രൊസസറുകള്‍ പരിചയപ്പെടുത്തി കഴിഞ്ഞു. മുന്‍തലമുറ പ്രൊസസറുകളെ അപേക്ഷിച്ച് എഐയുടെ അധിക ശേഷിയും വരുന്നതോടെയാണ്  ഇവയുടെ പ്രകടന മികവിനെക്കുറിച്ചുളള ജിജ്ഞാസ ആന്‍ഡ്രോയിഡ് ഫോണ്‍ പ്രേമികളില്‍ പരന്നിരിക്കുന്നത്.

ഡിവൈസില്‍ തന്നെ എഐ മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ ഫോണുകള്‍. ഇമേജ് ജനറേഷന്‍, ലൈവ് ട്രാന്‍സ്‌ലേഷന്‍ തുടങ്ങി മുമ്പ് ലഭ്യമല്ലാത്ത ഫീച്ചറുകള്‍എത്തിയേക്കും. താമസിയാതെ ഇന്ത്യയില്‍ ഇറങ്ങുമെന്നു കരുതുന്ന ഏതാനും പ്രീമിയം സ്മാര്‍ട്ടഫോണുകള്‍ ഇതാ:

iqoo - 1

ഐക്യൂ 12ന് ബിഎംഡബ്ല്യൂവുമായി സഹകരണം

ഏറ്റവും കരുത്തുറ്റ സ്മാര്‍ട്ട്‌ഫോണായ ഐക്യൂ 12(iQOO 12) ഡിസംബര്‍ 12ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനിപ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യും ആയിരിക്കും പ്രൊസസർ. ഐക്യൂ 12ന്റെ രൂപകല്‍പ്പനയുടെ കാര്യത്തില്‍ ബിഎംഡബ്ല്യൂ കാര്‍ നിര്‍മാതാവിന്റെ സഹകരണം ലഭിച്ചിട്ടുണ്ടെന്നും ഐക്യൂ വെളിപ്പെടുത്തി. പോരെങ്കില്‍, ഐക്യൂ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന 64എംപി 3എക്‌സ് പെരിസ്‌കോപ് സൂം ക്യമറയും ഇതിലാണ് ഉള്ളത്.

ഐക്യൂ 12ന്റെ കരുത്തന്‍ പ്രൊസസറിന് 120w ഫാസ്റ്റ് ചാര്‍ജിങും സാധ്യമാണ്. ഫോണിന് 5000 എംഎഎച് ബാറ്ററിയുമുണ്ട്. നിര്‍ദ്ദിഷ്ട ചാര്‍ജര്‍ ഉപയോഗിച്ച് യുഎസ്ബി-സി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യുമ്പോഴാണ് അതിവേഗ ചാര്‍ജിങിന്റെ ശേഷി കാണാനാകുക. അതു കൂടാതെ, ഐക്യൂ 12ന് 16ജിബി വരെ റാമുള്ള വേരിയന്റുകളും, 512ജിബി സംഭരണ ശേഷി വരെയും പ്രതീക്ഷിക്കുന്നു.

വണ്‍പ്ലസ് 12-അത്യുജ്വല സ്‌ക്രീന്‍, പെരിസ്‌കോപ് ക്യാമറ

സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3യില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മോഡലായ വണ്‍പ്ലസ് 12ന്, കമ്പനി ഇതുവരെ ഇറക്കിയിരിക്കുന്നതിലേക്കും വച്ച്  മികച്ച ട്രിപ്പിള്‍ പിന്‍ക്യാമറാ സിസ്റ്റം ഉണ്ടായിരിക്കുമെന്നാണ് പ്രവചനം. അതിലൊരു ക്യാമറ, പെരിസ്‌കോപ് സൂം ആയിരിക്കുമെന്നും കേട്ടതോടെ വൺ പ്ലസ് ആരാധകർ ആവേശത്തിലാണ്. ഫോള്‍ഡബ്ള്‍ അല്ലാത്ത ഒരു വണ്‍പ്ലസ് ഫോണിലും പെരിസ്‌കോപ് സൂം ഇതുവരെ ലഭ്യമാക്കിയിരുന്നില്ല.

2കെ റെസലൂഷനുള്ള സ്‌ക്രീനിന് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉണ്ട്. ബോയി (BoE) കമ്പനിയാണ് വണ്‍പ്ലസിന് ഡിസ്‌പ്ലെ നിര്‍മ്മിച്ചുനല്‍കിയിരിക്കുന്നത്. സ്‌ക്രീനില്‍ പ്രതിഫലിക്കുന്ന നിറങ്ങള്‍ക്ക് കൃത്യതയുണ്ടെന്നും, അതിന് 3,000 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസ് ലഭിക്കുമെന്നും പറയപ്പെടുന്നു. ലോകത്തെ ഏറ്റവും തെളിമയുളള സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുകളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

one-plus - 1

കൂടാതെ, 5,400എംഎഎച് കപ്പാസിറ്റിയുള്ള ബാറ്ററി, 100wഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് 14 കേന്ദ്രമാക്കി വികസിപ്പിച്ച ഓക്‌സിജന്‍ഓഎസ് 14 സ്‌കിന്‍അണിഞ്ഞായിരിക്കും വണ്‍പ്ലസ് 12 ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക എന്നതിനാല്‍, ഹാര്‍ഡ്‌വെയര്‍ കരുത്തും സോഫ്റ്റ്‌വെയര്‍ പുതുമകളും ഒരുമിച്ച് ആസ്വദിക്കാനായേക്കുമെന്നും വണ്‍പ്ലസിന്റെ ആരാധകര്‍ കരുതുന്നു. അവതരണ തിയതി ഇപ്പോള്‍ കൃത്യമായി അറിയില്ല.

വിലക്കുറവ് വേണ്ടവര്‍ക്ക്-വണ്‍പ്ലസ് 12ആര്‍

തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള മോഡലുകളിലൊന്നായ വണ്‍പ്ലസ് 11ആര്‍ ഫോണിന്റെ കീര്‍ത്തി ചൂഷണംചെയ്യാനുള്ള ശ്രമത്തിലാണ് പുതിയ മോഡലായ 12ആര്‍ അവതരിപ്പിക്കുന്നത്. ഇതൊരു മധ്യനിര ഫോണാണ്. ഒരു തലമുറ പഴയ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതുന്നത്. കേര്‍വ്ഡ് ഡിസ്‌പ്ലെയായിരിക്കും ഇതിന്റെ ഫീച്ചറുകളിലൊന്ന്.

കപ്പാസിറ്റി കൂടിയ ബാറ്ററി, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് ശേഷി, അലേര്‍ട്ട് സ്ലൈഡര്‍ തുടങ്ങി മറ്റു പല ഫീച്ചറുകളും പ്രതീക്ഷിക്കുന്നു. അധകം കലര്‍പ്പില്ലാത്ത ആന്‍ഡ്രോയിഡ് അനുഭവം നല്‍കുന്ന ഓക്‌സിജന്‍ഓഎസും പ്രതീക്ഷിക്കുന്നു. ഇതിന്റെ വില 40,000 രൂപ ആയിരിക്കുമെന്നാണ് കേള്‍ക്കുന്നത്. അതു ശരിയാണെങ്കില്‍, രാജ്യത്തു ലഭിക്കുന്ന, സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഏറ്റവും വില കുറഞ്ഞ മോഡല്‍ എന്ന പേരും ഇത് സ്വന്തമാക്കിയേക്കും.

വിവോ എക്‌സ്100, എക്‌സ്100 പ്രോ-സൈസ് ക്യാമറാ ലെന്‍സ്

മീഡിയടെക് കമ്പനിയുടെ കരുത്തുറ്റ പ്രൊസസറായ ഡിമെന്‍സിറ്റി 9300-ചിപ് കേന്ദ്രമായി നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ മോഡലുകളായിരിക്കും വിവോ എക്‌സ്100 സീരിസിലുള്ളത്. ഈ ഫോണുകള്‍ക്ക് പ്രീമിയം രൂപകല്‍പ്പനയും, പിന്നില്‍ പല ക്യാമറകളടങ്ങുന്ന സിസ്റ്റവും പ്രതീക്ഷിക്കുന്നു. വിഖ്യാത ലെന്‍സ് നിര്‍മ്മാതാവായ സൈസ് ആയിരിക്കും ഒന്നോ, ഒന്നേലേറെയോ ക്യാമറകള്‍ക്കുള്ള ലെന്‍സുകള്‍ നല്‍കുക എന്നും കേള്‍ക്കുന്നു.

എടുക്കുന്ന ചിത്രങ്ങളിലുള്ള കളറിന് കൃത്യത ലഭിക്കാനുള്ള ട്യൂണിങും ഉണ്ടായിരിക്കുമെന്നും കരുതപ്പെടുന്നു. തൊട്ടു മുമ്പിറക്കിയ വിവോ സീരിസില്‍ കണ്ടതു പോലെ ക്യാമറാ പ്രകടനം അടുത്ത തലത്തിലേക്ക്ഉയര്‍ത്തും എക്‌സ്100 സീരിസെന്നും കരുതുന്നു. ഇരു മോഡലുകള്‍ക്കും കേര്‍വ്ഡ് അമോലെഡ് സ്‌ക്രീനുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 120ഹെട്‌സ് വരെ റിഫ്രെഷ് റെയ്റ്റും കണ്ടേക്കുമെന്നാണ് കേട്ടുകേള്‍വി. ഐപി68-വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റന്‍സും ഉണ്ടായേക്കും.

ഷഓമി 14 പ്രോ ചുറ്റികയാക്കാവുന്ന സ്‌ക്രീന്‍!

xiomi - 1

തങ്ങളുടെ ഫ്‌ളാഗ്ഷിപ് മോഡലായ ഷഓമി 14 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രൊസസറായിരിക്കും ഇതിന് കരുത്തുപകരുക. ഫോണിന്റെ മറ്റൊരു സവിശേഷത അതിന്റെ സ്‌ക്രീനാണ്. 

ലോങ്ജിങ് ഡ്രാഗണ്‍ ക്രിസ്റ്റല്‍ ഗ്ലാസ് ആണ് ഇതിലുള്‍പ്പെടുത്തിയരിക്കുന്നത്. നാളിതുവരെ ഒരു സ്മാര്‍ട്ട്‌ഫോണിലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഠിന്യമുളള ഗ്ലാസാണ് ഇത്. ഷഓമി 14 പ്രോയ്ക്ക്ഐഫോണ്‍ 15 പ്രോ സീരിസില്‍ കണ്ടതു പോലെ ടൈറ്റാനിയം ഫ്രെയിമും ഉണ്ടായേക്കും. പ്രീമിയം വസ്തുക്കള്‍ ഉപയോഗിച്ച്, പ്രീമിയം രൂപകല്‍പ്പനാ രീതിയില്‍ നിര്‍മ്മിച്ചെടുത്തതായിരിക്കും ഈ മോഡലെന്നാണ് കരുതുന്നത്.

ഏറ്റവും ഉഗ്രന്‍ ക്യാമറ?

ഷഓമി 14 പ്രോയ്ക്ക് ഉന്നത നിലവാരമുളള ക്യാമറാ പ്രകടനവും പ്രതീക്ഷിക്കുന്നു. മറ്റധികം സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളില്‍ കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള സെന്‍സറാണ് ഈ മോഡലിന്റെ പ്രധാന ക്യാമറയെ വേറിട്ടതാക്കുന്നത്. അധിക വ്യക്തതയോടെ ഫോട്ടോ എടുക്കാന്‍ സാധിക്കുന്ന ഇതിലെ ടൈപ്-1 സെന്‍സര്‍, ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് പ്രിയപ്പെട്ടതായേക്കും. അതിനു പുറമെ, എഫ്1.4 മുതല്‍ എഫ്4 വരെ മാറ്റാവുന്ന അപര്‍ചറും ഉണ്ടായിരിക്കും. ഷഓമി ഇന്നേവരെ ഇറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും മികച്ച ക്യാമറാ സിസ്റ്റം ആയിരിക്കും എന്നത് ഉറപ്പാണെന്നതു കൂടാതെ, ഇപ്പോള്‍ വില്‍ക്കപ്പെടുന്ന ഏതു ഫോണിനോടും കിടപിടിക്കത്തക പ്രകടനവും ഷഓമി 14 പ്രോയില്‍ പ്രതീക്ഷിക്കുന്നു.

റെഡ്മി നോട്ട് 13 പ്രോപ്ലസ്-200എംപി ക്യാമറ

മധ്യനിര ഫോണുകള്‍ വാങ്ങാനാഗ്രഹിക്കുന്നവരിൽ ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന മോഡലുകളിലൊന്നാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് വാങ്ങാനായേക്കും. താരതമ്യേന വില കുറഞ്ഞ ഫോണുകള്‍ ഇറക്കി പ്രശസ്തമായ കമ്പനിയാണ് ഷഓമിയുടെ സബ്ബ്രാന്‍ഡ് ആയ റെഡ്മി. ഇതിന് 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഉള്ള കേര്‍വ്ഡ് അമോഡലെഡ് ഡിസ്‌പ്ലെയാണ് ഉള്ളത് എന്നാണ് കേള്‍വി. സ്‌ക്രീനില്‍ തന്നെയാണ് ഫിങ്ഗര്‍പ്രിന്റ് സെന്‍സറും.

മീഡിയാടെക് 7200 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 13 പ്രോപ്ലസിന് 16ജിബി റാം വരെയുള്ള വേരിയന്റുകളും, 512ജിബി ആന്തരിക സംഭരണശേഷിയുമുണ്ടായേക്കും. പ്രധാന ക്യാമറയ്ക്ക് 200എംപി റെസലൂഷനുള്ള സെന്‍സറാണ് പ്രതീക്ഷിക്കുന്നത്.

ഫോണിന് 4കെ വിഡിയോ റെക്കോഡിങ് സാധ്യമായേക്കും. താരതമ്യേന വില കുറഞ്ഞ മോഡലാണെങ്കിലും, ഇതിന്റെ നിര്‍മാണത്തിന് അലൂമിനിയം ഫ്രെയിം ഉപയോഗിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഇതു വില്‍ക്കാന്‍ പോകുന്ന ചില മാര്‍ക്കറ്റുകളിലെങ്കിലും ഐപി68 വാട്ടര്‍-ഡസ്റ്റ്റെസിസ്റ്റന്‍സും ഉണ്ടെന്നും പറയപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com