ADVERTISEMENT

ആപ്പിള്‍ വാച്ചിന്റെ ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ക്ക് അമേരിക്കയില്‍ വില്‍പന നിരോധനം. പകര്‍പ്പവകാശം ലംഘിച്ചുവെന്ന കേസില്‍ യു.എസ് ഐടിസിയുടെ വിധി പ്രതികൂലമായി വന്നതോടെയാണ് ആപ്പിള്‍ വാച്ചുകള്‍ക്ക് അമേരിക്കയില്‍ പിന്‍വലിക്കുന്നത്.

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഡിസംബര്‍ 21നും ആപ്പിള്‍ സ്റ്റോറുകളില്‍ നിന്നും ഡിസംബര്‍ 24 നും പിന്‍വലിക്കാനാണ് ആപ്പിളിന്റെ തീരുമാനം. അമേരിക്കയില്‍ നിരോധിച്ചെങ്കിലും ഇതേ വാച്ചുകള്‍ ഇന്ത്യ അടക്കമുള്ള വിപണികളില്‍ ലഭ്യമാണ്. 

വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ മാസിമോ പകര്‍പ്പവകാശ ലംഘനത്തിന് നല്‍കിയ പരാതിയിലാണ് ആപ്പിളിന് തിരിച്ചടിയേറ്റത്. മാസിമോയുടെ പള്‍സ് ഓക്‌സിമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവു നോക്കാനായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. പുതിയ ആപ്പിള്‍ വാച്ചുകളില്‍ ഉപയോഗിച്ചിരിക്കുന്ന SpO2 സെന്‍സിങ് സാങ്കേതികവിദ്യ മാസിമോയുടേതാണെന്ന് 9to5Mac റിപ്പോര്‍ട്ടു ചെയ്തിരുന്നു. 

ഈ വര്‍ഷം പുറത്തിറങ്ങിയ എസ്ഇ2 ബജറ്റ് ആപ്പിള്‍ വാച്ചുകള്‍ക്കെതിരെ ഈ ആരോപണം ഉയര്‍ന്നിരുന്നില്ലെന്നതും ശ്രദ്ധേയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴും എസ്ഇ2 ആപ്പിള്‍ വാച്ചുകള്‍ അമേരിക്കയില്‍ അടക്കം ലഭ്യമാണ്. ഈ മോഡലില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്ന സെന്‍സര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ത്യയും ബ്രിട്ടനും അടക്കം അമേരിക്കക്ക് പുറത്തുള്ള വിപണികളില്‍ ആപ്പിളിന്റെ അള്‍ട്രാ 2, സീരീസ് 9 വാച്ചുകള്‍ വാങ്ങാന്‍ സാധിക്കും. 

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് ആപ്പിള്‍. 'ഡിസംബര്‍ 25 വരെ ഈ വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സമയമുണ്ട്. എങ്കിലും ഇതിനു മുമ്പ് തന്നെ വേണ്ട നടപടികള്‍ ആപ്പിള്‍ സ്വീകരിക്കുകയാണ്. സീരീസ് 9, അള്‍ട്രാ 2 ആപ്പിള്‍ വാച്ചുകള്‍ അമേരിക്കയില്‍ ഡിസംബര്‍ 21 മുതല്‍ വെബ്സൈറ്റുകളില്‍ ലഭ്യമാവില്ല. ഡിസംബര്‍ 24 വരെ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകളില്‍ അവ ലഭിക്കും. ഐ.ടി.സി വിധിക്കെതിരെ നിയമപരമായും സാങ്കേതികവുമായ നടപടികള്‍ സ്വീകരിച്ച ശേഷം ആപ്പിള്‍ വാച്ചുകള്‍ ഉപഭോക്താക്കളിലേക്കെത്തിക്കും' എന്നാണ് ആപ്പിള്‍ പ്രതികരിച്ചതെന്നും 9to5Mac റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഐ.ടി.സി വിധി നിലനില്‍ക്കുകയാണെങ്കില്‍ ആപ്പിള്‍ വാച്ചിന്റെ പുതിയ സീരീസ് മോഡലുകള്‍ അമേരിക്കന്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും ആപ്പിള്‍ ശ്രമിക്കുന്നുണ്ട്. മികച്ച വില്‍പന നടക്കുന്ന ക്രിസ്മസ്-പുതുവത്സര അവധികള്‍ക്കു മുന്നോടിയായി ആപ്പിള്‍ വാച്ചുകള്‍ക്ക് അമേരിക്കയില്‍ വില്‍പന നിയന്ത്രണം വന്നത് ആപ്പിളിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ആപ്പിള്‍ വാച്ചുകള്‍ റീ ഡിസൈന്‍ ചെയ്ത് വിപണിയിലിറക്കാന്‍ ശ്രമമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com