ടിവി സാങ്കേതികവിദ്യയിലെ അത്ഭുതമായി ട്രാൻസ്പെരെന്റ് സ്ക്രീൻ; വിശദമായി അറിയാം
Mail This Article
ടിവി സാങ്കേതികവിദ്യയിലെ അത്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന ട്രാൻസ്പെരെന്റ് ടെലിവിഷന്‍ അവതരിപ്പിച്ച് എല്‍ജി. അമേരിക്കയിലെ ലാസ് വെഗാസില്‍ നടക്കുന്ന സിഇഎസ് 2024 ടെക് ഷോയിലാണ് ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ എല്‍ജി ട്രാൻസ്പെരെന്റ് വയര്‍ലെസ് ടിവി അവതരിപ്പിച്ചത്. പൊതുജനങ്ങള്‍ക്കുവേണ്ടി സിഇഎസ് തുറക്കുന്നതിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് 77 ഇഞ്ച് വയര്‍ലെസ് ടിവി എല്‍ജി പ്രദര്‍ശിപ്പിച്ചത്.
ലോകത്തിലെ ആദ്യ സുതാര്യമായ വയര്‍ലെസ് ഒഎല്‍ഇഡി ടിവി എന്നാണ് തങ്ങളുടെ ഉത്പന്നത്തെ വിശേഷിപ്പിക്കുന്നത്. പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ മുറിയുടെ നടുവില്‍ വെച്ചാല്‍ പോലും ട്രാൻസ്പെരെന്റായ ഒരു ചില്ലു വെച്ചതുപോലെ മാത്രമേ തോന്നുകയുള്ളു. ടിവി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ടിവിയുടെ അപ്പുറത്തുള്ള കാഴ്ചകളും നമുക്ക് കാണാനാവും. ഫലത്തില്‍ അധികമായി ഒരു ത്രിഡി ദൃശ്യാനുഭവം നല്കാന് എല്‍ജിയുടെ ഒഎല്‍ഇഡി ടിക്ക് സാധിക്കും. ട്രാൻസ്പെരെന്റായിരിക്കുവന്നത് ഇഷ്ടമല്ലെങ്കില്‍ സാധാരണ സ്ക്രീൻ ആക്കാനും സാധിക്കും.
'കൂടുതല്‍ വിശാലമായ കാഴ്ച്ചകള്‍ ഒല്‍ഇഡി ടി നല്‍കും. ഇനി മുതല്‍ മുറിയില്‍ ടിവി ഒരു അധികവസ്തുവാവില്ല. ഇന്നുവരെ ചിന്തിക്കാത്ത സ്ഥലങ്ങളിലും നിങ്ങള്‍ക്ക് ഈ ടിവി വെക്കാനാവും' എന്നാണ് എല്‍ജിയുടെ ഫ്രാങ്ക് ലീ പറഞ്ഞത്. വയര്‍ലെസ് ആണെന്നതുകൊണ്ടുതന്നെ മറ്റു ടിവികളെ പോലെ നീണ്ട വയറുകള്‍ ഒഎല്‍ഇഡി ടിക്കില്ല. ഈ ടിവിയുടെ വയര്‍ലെസ് ട്രാന്സ്മിഷന് ബോക്സ് 30 അടി അകലത്തിനുള്ളില്‍ എവിടെയും വെക്കാം.
ഏറ്റവും പുതിയ ആല്‍ഫ 11 ചിപ്പുകളാണ് ഒഎല്‍ഇഡി ടിയുടെ മറ്റൊരു സവിശേഷത. ഗ്രാഫിക് പെര്ഫോമെന്സില് എഐയുടെ സഹായത്തില്‍ നിലവിലെ ചിപ്പുകളേക്കാള്‍ 70 ശതമാനം മെച്ചപ്പെട്ട പ്രകടനമാണ് ആല്‍ഫ 11 ചിപ്പുകളുടേത്. പ്രൊസസിങ് സ്പീഡ് 30 ശതമാനം കൂടുതലാണ്. ഇതുവരെ ഒഎല്‍ഇഡി ടിവിയുടെ വില എല്‍ജി പ്രഖ്യാപിച്ചിട്ടില്ല. 65 ഇഞ്ച് വയര്‍ലസ് 8കെ ഒഎല്‍ഇഡി ടിവിക്ക് എല്‍ജി 87,000 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഇതുവെച്ചു നോക്കുമ്പോള്‍ ഒഎല്‍ഇഡി ടിയുടെ വില ഒരു ലക്ഷം ഡോളറില്‍ കൂടാനാണ് സാധ്യത.
സിഎഎസില്‍ എല്‍ജിയുടെ എതിരാളികളായ സാംസങും സുതാര്യമായ ടിവി അവതരിപ്പിച്ചിട്ടുണ്ട്. മൈക്രോ എല്‍ഇഡി പിക്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ് സാംസങിന്റെ ടിവി. വിപണിയിലെ മറ്റു ട്രാൻസ്പെരെന്റ് ടിവികളേക്കാള്‍ മികച്ച നിലവാരത്തിലുള്ളതാണ് തങ്ങളുടെ ടിവിയെന്നാണ് സാംസങിന്റെ അവകാശവാദം. അതേസമയം സാംസങിന്റെ ടിവി വാങ്ങാന്‍ ഉടനെങ്ങും സാധിക്കില്ല. ഒരു കണ്‍സെപ്റ്റ് മോഡലായാണ് സാംസങ് ഈ ടിവി അവതരിപ്പിച്ചിരിക്കുന്നത്.
ടെക് ലോകത്തെ പ്രധാന വാര്‍ഷിക അന്താരാഷ്ട്ര പ്രദര്‍ശനമാണ് ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ(CES). നിര്‍മിത ബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു കാലുകളുള്ള റോബോട്ടും എല്‍ജി ഈ പ്രദര്‍ശനത്തിനിടെ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടേയ് പറക്കും കാര്‍ കണ്‍സെപ്റ്റ് അടക്കം നേരത്തെ അവതരിപ്പിച്ചിട്ടുള്ളത് സിഇഎസിലാണ്.