ADVERTISEMENT

റഷ്യയെ ഞെട്ടിച്ച യുക്രെയ്‌ന്റെ നീക്കങ്ങളിലൊന്നായിരുന്നു മോസ്‌ക്വ എന്ന മിസൈല്‍ ക്രൂസര്‍ കപ്പലിനെ കടലില്‍ മുക്കിയത്. ഇങ്ങനെയൊരു അപ്രതീക്ഷിത നീക്കത്തിന് യുക്രെയ്‌നെ സഹായിച്ചതില്‍ കാലാവസ്ഥാ പ്രതിഭാസത്തിനും പങ്കുണ്ടെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. സ്വീഡനിലെ റഡാര്‍ വിദഗ്ധരായ പ്രതിരോധ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. റഷ്യന്‍ കപ്പലിന്റെ സ്ഥാനം കൃത്യതയോടെ നിര്‍ണയിക്കാന്‍ യുക്രെയിന് കാലാവസ്ഥയും സഹായിച്ചുവെന്നാണ് ഇവരുടെ വാദം. 

അമേരിക്കന്‍ മെറ്റിയൊറോളജിക്കല്‍ സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരങ്ങളുള്ളത്. ലാര്‍സ് നോറിന്‍, നിക്‌ലാസ് വെല്ലാന്‍ഡര്‍, അബേ ദേവാസ്തലേ എന്നിവരാണ് പഠനം നടത്തിയത്. റഷ്യന്‍ കപ്പല്‍ മോസ്‌ക്വ മുങ്ങിയ സമയത്തെ പ്രദേശത്തെ കാലാവസ്ഥയുടെ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ട് ഇവര്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ തെളിഞ്ഞത്. 

2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈന്‍ യുദ്ധം അരംഭിക്കുന്നത്. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ അപ്രതീക്ഷിത ചെറുത്തുനില്‍പ്പു നടത്താന്‍ യുക്രൈന് സാധിച്ചിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ റഷ്യന്‍ ടാങ്കുകളും സായുധ വാഹനങ്ങളും തകര്‍ത്തും റഷ്യന്‍ സൈനികരെ വധിച്ചും യുക്രൈന്‍ റഷ്യയേയും ലോകത്തെ തന്നെയും ഞെട്ടിച്ചിരുന്നു.

russian-ship-ai-1 - 1

മോസ്ക്വ എന്ന വമ്പൻ കപ്പൽ

സ്‌ലാവ എന്ന പേരിലാണ് മോസ്ക്വ 1983 ൽ സോവിയറ്റ് യൂണിയൻ കാലത്ത് പുറത്തിറക്കിയത്. അമേരിക്കൻ കപ്പൽ പടയിലെ വിമാനവാഹിനി ഉൾപ്പടെ തകർക്കാൻ പോന്നതരം കപ്പലാണിത്. ഇത്തരം രണ്ടെണ്ണം കൂടിയുണ്ട്. 500 കിലോമീറ്റർ റേഞ്ചുള്ള വൾക്കാൻ ഉൾപ്പെടെ, ദീർഘദൂരത്തേക്ക് പായിക്കാവുന്ന മിസൈലുകൾ വഹിക്കുന്നു. വൻ നഗരങ്ങളെ വരെ ഈ കപ്പലിൽനിന്ന് ആക്രമിക്കാം. നീ

യുദ്ധം ആരംഭിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു റഷ്യയെ ഞെട്ടിച്ച മോസ്‌ക്വ പടക്കപ്പല്‍ യുക്രൈന്‍ മുക്കിയത്. കരിങ്കടലിലെ റഷ്യയുടെ കൊടിക്കപ്പലെന്ന വിശേഷണമുള്ള മോസ്‌ക്വയുടെ പതനം സംഭവിച്ചത് യുക്രൈന്‍ സൈന്യം തൊടുത്ത രണ്ട് നെപ്റ്റിയൂണ്‍ മിസൈലുകള്‍ കാരണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നെപ്ട്യൂണിന് 5 മീറ്ററാണു നീളം. മണിക്കൂറിൽ 900 കിലോമീറ്റർ സ്പീഡിൽ പറക്കും. റഡാറുകൾ കണ്ടെത്താതിരിക്കാൻ കടലിൽ 10 മീറ്റർ മാത്രം ഉയരത്തിലാണു പറക്കുന്നത്. കപ്പലിനു ക്ഷതമേറ്റെന്ന് സമ്മതിച്ചെങ്കിലും അത് കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണെന്നാണ് റഷ്യ വിശദീകരിച്ചത്. എന്നാല്‍ യുക്രെയ്ന്‍ ആക്രമണത്തിലാണ് റഷ്യന്‍ കപ്പല്‍ മുങ്ങിയതെന്ന് യു.എസ് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചത്. 

മോസ്ക്വയെ കണ്ടെത്തിയത് ആര്?

മോസ്ക്വ, തങ്ങളുടെ തീരത്തുനിന്ന് 115 കിലോമീറ്റർ അകലെ കടലിൽ ഉണ്ടെന്ന് 2022 ഏപ്രിൽ 13നാണ് യുക്രെയ്നിനു രഹസ്യവിവരം കിട്ടുന്നത്. കടലിൽ കപ്പലുകളെ കണ്ടെത്താൻ പ്രയാസമാണ്. ഇത്രയും ദൂരെ സഞ്ചരിച്ചിരുന്ന റഷ്യന്‍ കപ്പലിന്റെ സ്ഥാനം എങ്ങനെ കൃത്യമായി മനസിലാക്കി മിസൈല്‍ തൊടുക്കാന്‍ യുക്രെയ്ന്‍ സംവിധാനങ്ങള്‍ക്കായി എന്നത് ദുരൂഹതയായി തുടര്‍ന്നിരുന്നു. യുക്രെയ്ന്‍ റഡാര്‍ സംവിധാനങ്ങളുടെ പരിധിയുടെ അപ്പുറത്തായിരുന്നു മോസ്‌ക്വ ആക്രമിക്കപ്പെടുമ്പോഴുണ്ടായിരുന്നതെന്നാണ് കരുതിയിരുന്നത്. 

moskva-russian-ship
മോസ്ക്വ യുദ്ധക്കപ്പൽ കരിങ്കടലിൽ (File Photo: REUTERS/Stringer)

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് റഷ്യന്‍ കപ്പലിനെക്കുറിച്ച് യുക്രെയ്‌ന് വിവരം നല്‍കിയതെന്ന് പിന്നീട് തെളിഞ്ഞു. തങ്ങളുടെ റഡാറില്‍ റഷ്യന്‍ കപ്പല്‍ തെളിഞ്ഞുവെന്നും ഇത് അടിസ്ഥാനമാക്കിയാണ് മിസൈല്‍ വിക്ഷേപിച്ചതെന്നുമാണ് യുക്രെയ്ന്‍ പ്രതിരോധ വക്താക്കള്‍ പറഞ്ഞിരുന്നത്. ഈ അവകാശവാദം സത്യമായിരുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 

സെവസ്റ്റൊപോളിൽ നങ്കൂരമിട്ടിരിക്കുന്ന മോസ്‌ക്വ കപ്പലിനു (വലത്) സമീപം റഷ്യൻ നാവിക സേനയുടെ പട്രോളിങ് കപ്പൽ (File Photo by OLGA MALTSEVA / AFP)
സെവസ്റ്റൊപോളിൽ നങ്കൂരമിട്ടിരിക്കുന്ന മോസ്‌ക്വ കപ്പലിനു (വലത്) സമീപം റഷ്യൻ നാവിക സേനയുടെ പട്രോളിങ് കപ്പൽ (File Photo by OLGA MALTSEVA / AFP)

യുക്രെയ്ന്‍ മിസൈല്‍ റഷ്യന്‍ കപ്പലിനെ വീഴ്ത്തിയ ദിവസത്തേയും അനുബന്ധ ദിവസങ്ങളിലേയും വിശദമായ കാലാവസ്ഥാ പഠനമാണ് സ്വീഡിഷ് സംഘം നടത്തിയത്. ഇതില്‍ നിന്നും സമുദ്ര നിരപ്പിനോടു ചേര്‍ന്ന ഭാഗത്ത് തണുത്ത വായുവും മുകളിലേക്കു പോവും തോറും ചൂടുള്ള വായുവുമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

ഈ സവിശേഷ കാലാവസ്ഥയില്‍ സാധാരണയേക്കാള്‍ വളരെയധികം കൂടുതല്‍ ദൂരം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കാന്‍ റഡാര്‍ സിഗ്നലുകള്‍ക്ക് സാധിക്കും. അതോടെയാണ് റഷ്യന്‍ കപ്പലിന്റെ സ്ഥാനം അതീവകൃത്യതയോടെ യുക്രെയ്ന്‍ റഡാറില്‍ തെളിഞ്ഞത്. റഷ്യന്‍ കപ്പല്‍ മുക്കിയതില്‍ യുക്രെയ്ന്‍ സൈന്യത്തിനൊപ്പം കാലാവസ്ഥക്കും നിര്‍ണായക പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com