ADVERTISEMENT

ഓര്‍മശക്തികൊണ്ട് അമ്പരപ്പിക്കുന്ന പല ജീവജാലങ്ങളുമുണ്ട്. അവരുടെ കൂട്ടത്തില്‍ ചിമ്പാന്‍സികള്‍ ഏറെ മുന്നിലാണ്. നമ്മളൊക്കെ പ്രതീക്ഷിക്കുന്നതിനും അപ്പുറത്താണ് ചിമ്പാന്‍സികളുടെ ഓര്‍ത്തെടുക്കാനുള്ള കഴിവ്. 25 വര്‍ഷം മുമ്പു കണ്ടവരെ പോലും ചിമ്പാന്‍സികള്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 

ഇന്‍ഫ്രാ റെഡ് ഐ ട്രാക്കിങ് ക്യാമറകള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ ചിമ്പാന്‍സികളില്‍ പഠനം നടത്തിയത്. പല തരം ചിത്രങ്ങള്‍ കാണിച്ചുകൊടുത്ത് കൂട്ടത്തില്‍ പരിചയമുള്ളവരേയും കൂടി ഉള്‍പ്പെടുത്തി ചിമ്പാന്‍സികളുടെ ഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളെ രേഖപ്പെടുത്തുന്നതിനാണ് ഇത്തരം ക്യാമറകള്‍ ഉപയോഗിച്ചത്. തങ്ങള്‍ക്കൊപ്പം കഴിഞ്ഞവരും പരിചയമുള്ളവരുമായവരുടെ ചിത്രങ്ങളിലേക്ക് കൂടുതല്‍ സമയം ചിമ്പാന്‍സികള്‍ നോക്കുന്നുവെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. 

Representative Image. Photo Credit : Tatianazaets / iStockPhoto.com
Representative Image. Photo Credit : Tatianazaets / iStockPhoto.com

പരിചയമുള്ളവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ചിമ്പാന്‍സികളുടെ കണ്ണുകള്‍ അസാധാരണമാംവിധം വികസിക്കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് തിരിച്ചറിയലിന്റെ ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഏറെക്കാലമായി കണ്ടിട്ടില്ലാത്ത എന്നാല്‍ മുമ്പ് നല്ല ബന്ധത്തിലായിരുന്ന ചിമ്പാന്‍സികളെ കൂടുതല്‍ സമയം ഇവര്‍ നോക്കിയിരിക്കുകയും ചെയ്തു. 

കൂട്ടത്തില്‍ ലൂയിസ് എന്നു പേരുള്ള ഒരു ചിമ്പാന്‍സി അവളുടെ സഹോദരിയെ കഴിഞ്ഞ 26 വര്‍ഷമായി കണ്ടിരുന്നില്ല. എന്നിട്ടു പോലും സഹോദരിയുടെ ചിത്രം കാണിച്ചപ്പോള്‍ ലൂയിസ് ഏറെ സമയം നോക്കിയിരുന്നു. 'പല മൃഗങ്ങള്‍ക്കും പരസ്പരം തിരിച്ചറിയാനുള്ള വലിയ കഴിവുണ്ട്. എങ്ങനെയാണ് അവക്ക് അത് സാധിക്കുന്നതെന്ന് കൃത്യമായി നമുക്കറിയില്ല. എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷവും ഇഷ്ടമുള്ളവരെ തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്കുണ്ട്. നമ്മള്‍ മനുഷ്യക്കുരങ്ങുകളേക്കാള്‍ എത്രത്തോളം വ്യത്യസ്തരാണെന്നല്ല എത്രത്തോളം അടുപ്പമുള്ളവരാണെന്നാണ് ഈ പഠനം തെളിയിക്കുന്നത്' കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഡോ. ലോറ ലൂയിസ് പറയുന്നു. 

ഡോള്‍ഫിനുകള്‍ക്ക് 20 വര്‍ഷങ്ങള്‍ക്കു ശേഷവും പരസ്പരം തിരിച്ചറിയാന്‍ സാധിക്കുമെന്ന് നേരത്തെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഡോള്‍ഫിനുകളാണ് ഏറ്റവും ദീര്‍ഘകാലം ഓര്‍മ്മശക്തിയുള്ളവയെന്ന ധാരണയാണ് ഇപ്പോള്‍ ചിമ്പാന്‍സികള്‍ തിരുത്തിയിരിക്കുന്നത്. 60 മുതല്‍ 90 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടേയും ചിമ്പാന്‍സികളുടേയും പൊതു പൂര്‍വികരില്‍ നിന്നാണ് ദീര്‍ഘകാലം ഓര്‍മിക്കാനുള്ള ശേഷി മനുഷ്യനും ചിമ്പാന്‍സികള്‍ക്കും ലഭിച്ചതെന്ന ആശയത്തെ ഈ കണ്ടെത്തല്‍ ശക്തിപ്പെടുത്തുന്നു.

English Summary:

A recent study suggests that chimpanzees can retain memories of each other's faces for decades, even after prolonged periods of separation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com