ADVERTISEMENT

തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയുടെ (ജിഎസ്എഫ്കെ) പ്രദർശനവേദിയിൽ ഒരു അപൂർവ അതിഥിയുണ്ട്. ടൈറാനോസറസ് റെക്സ് എന്ന മാംസഭോജിയായ ദിനോസറിന്റെ പൂർണകായ അസ്ഥികൂടം. ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് ആയിരുന്നു അതിലെ കേന്ദ്ര കഥാപാത്രം. 

gsfk-2 - 1

അപാരമായ ശരീരവലുപ്പമായിരുന്നു ടി റെക്സുകൾക്ക്. 12 അടി നീളം. 8870 കിലോ വരെ ഭാരം, അതായത് ഒരു ആനയുടെ ഇരട്ടി. വാലിനു മാത്രം ആയിരം കിലോ ഭാരം! ഒരു ടി–റെക്സിന്റെ വഴിയിൽ അബദ്ധവശാൽ ആരെങ്കിലു ചെന്നുപെട്ടെന്നിരിക്കട്ടെ, ടി–റെക്സ് അയാളെ ആക്രമിക്കാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ല. അവയുടെ കാലത്ത് മനുഷ്യരുണ്ടായിരുന്നെങ്കിൽ, മനുഷ്യർക്ക് ആയുധങ്ങളില്ലാതെ ടി–റെക്സിനോട് പിടിച്ചുനിൽക്കാനാകില്ല. 

അക്കാലത്തെ ഇന്ത്യൻ മേഖല‌യിൽ ഇവയുണ്ടായിരുന്നില്ല

6.6 കോടി വർഷം മുൻപാണ് ടി റെക്സുകൾ ഭൂമിയിൽ ജീവിച്ചത്. അന്ന് ഇവ വടക്കൻ അമേരിക്കയിൽ വ്യാപിച്ചിരുന്നത്രേ. 200 കോടിയിലധികം ടി റെക്സുകൾ പല കാലങ്ങളിലായി ഭൂമിയിൽ ജീവിച്ചിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു. എങ്കിലും അക്കാലത്തെ ഇന്ത്യൻ മേഖല‌യിൽ ഇവയുണ്ടായിരുന്നില്ല.

ടി.റെക്സ് വിഭാഗത്തിൽനിന്നു കണ്ടെത്തിയിട്ടുള്ള പ്രശസ്തമായ ഫോസിലാണു സ്റ്റാൻ. ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഒരു ടി.റെക്സ് ദിനോസറിന്റെ ഏറെക്കുറെ പരിപൂർണമായ ശേഷിപ്പാണ് ഇത്. 2020 ഒക്ടോബർ ആറിനു നടന്ന ഒരു ലേലത്തിൽ ഈ ഫോസിൽ, 3.18 കോടി യുഎസ് ഡോളറിന് (ഏകദേശം 230 കോടി രൂപയോളം) വിറ്റുപോയി.

സ്റ്റാൻ ദിനോസറിന്റെ ഫോസിൽ

T-Rex. Photo Credits : uuk de Kok/ Shutterstock.com
T-Rex. Photo Credits : uuk de Kok/ Shutterstock.com

1992 ൽ യുഎസിലെ സൗത്ത് ഡക്കോട്ടയിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണു സ്റ്റാൻ ദിനോസറിന്റെ ഫോസിൽ കുഴിച്ചെടുത്തത്. ഇരുപതു വർഷത്തോളം ഇത് സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ജിയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചു. ദിനോസറുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞർ അതിപ്രശസ്തമായ ഈ ഫോസിലിൽ ഒട്ടേറെ നിരീക്ഷണ പഠനങ്ങൾ നടത്തിയിരുന്നു. അബുദാബിയിൽ അടുത്തവർഷം പൂർത്തീകരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സ്റ്റാനിന്റെ ഫോസിൽ വയ്ക്കുമെന്നാണ് വിവരം.

ഭീകരൻമാരായ ടി–റെക്സുകളുടെ മുൻഗാമികൾക്ക് തീരെ വലുപ്പം കുറവായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇക്കാലത്തെ ഒരു കോഴിയുടെ വലുപ്പം മാത്രമുള്ള പെൻഡ്രെയിഗ് മിൽനറേ എന്ന ‍ചെറുദിനോസറിൽനിന്നു പരിണാമം സംഭവിച്ചാണു ടി–റെക്സുകൾ ഉണ്ടായതെന്നും ഭൂമിയുടെ അധിപൻമാരായി മാറിയതെന്നും ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം കണ്ടെത്തി. വലുപ്പം കുറവായിരുന്നെങ്കിലും ക്രൗര്യത്തിന്റെ കാര്യത്തിൽ പെൻഡ്രെയിഗ് മിൽനറേ ഒട്ടും പിന്നിലല്ലായിരുന്നു.ചീഫ് ഡ്രാഗൺ എന്ന പേരും ഇവയ്ക്കുണ്ടായിരുന്നു.

ഒരു ടി–റെക്സിന്റെ മുന്നിൽ പെട്ടാൽ 

ഒരു ടി–റെക്സിന്റെ മുന്നിൽ പെട്ടാൽ പിന്നെ രക്ഷയില്ല. എന്നാൽ പെൻഡ്രെയിഗ് മിൽനറേയുടെ മുന്നിൽ ആരെങ്കിലും ചെന്നുപെട്ടാലും ഒരു കൈ പോരാടി നോക്കാൻ അവസരമുണ്ട്. വലുപ്പം കുറവായതിനാൽ വലിയ അപകടം ആളുകളിലുണ്ടാക്കാനും അവയ്ക്കു കഴിവില്ല.എന്നാൽ ഇവ കൂട്ടമായാണു വരുന്നതെങ്കിൽ അപകടം സുനിശ്ചിതം.

ടി–റെക്സുകൾ ഭൂമിയിൽ ഉത്ഭവിക്കുന്നതിനും 15 കോടി വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത്. കൂട്ടമായി വേട്ടയാടാനും ഇവയ്ക്കു പ്രത്യേക ശേഷിയായിരുന്നു. ടുവാടാറ എന്നറിയപ്പെടുന്ന ഒരു പ്രത്യേകയിനം പല്ലിയായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. ഇത്തരം പല്ലികൾ ഇന്ന് മിക്കയിടങ്ങളിലും അപ്രത്യക്ഷമായി. എന്നാൽ ന്യൂസീലൻഡിൽ മാത്രം ഇവ ഇപ്പോഴുമുണ്ട്.

Tyrannosaurus rex Walked Slower than Previously Thought

ജുറാസിക് പാർക്ക്  സിനിമയിൽ ദിനോസർ വേഗത്തിൽ ഓടി ആളുകളെ പിന്തുടരുന്ന രംഗങ്ങളൊക്കെയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററൊക്കെ വേഗത്തിലാണ് ഈ ഓട്ടം ചിത്രീകരിച്ചിരിക്കുന്നത്. ഒരു സീനിൽ ഒരു ജീപ്പിൽ പോകുന്നവരെ പോലും ചേസ് ചെയ്യുന്നുണ്ട്. ‘മസ്റ്റ് ഗോ ഫാസ്റ്റർ’ എന്നു ജീപ്പിലിരിക്കുന്നയാൾ പറയുന്നതും കേൾക്കാം. എന്നാൽ ഇതൊക്കെ തെറ്റാണെന്നു സമർഥിച്ചു കൊണ്ട് ഒരു പുതിയ പഠനം ഇടക്കാലത്ത് പുറത്തു വന്നു. 

ഇത്രയും വലുപ്പവും ഭാരവുമുള്ള ഒരു മൃഗത്തിന് അതിവേഗത്തിൽ പോകുക സാധ്യമല്ലെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നു. ദിനോസറിന്റെ ഭാരവും മറ്റു ശാരീരിക മാനദണ്ഡങ്ങളും വച്ചു നടത്തിയ സിമുലേഷൻ പഠനത്തിന്റെ ഫലങ്ങൾ ഇതു ശരിവച്ചു. മണിക്കൂറിൽ 4 കിലോമീറ്റർ എന്ന രിതീയിൽ വളരെ പതുക്കെയാണ് ഇവ നടന്നിരുന്നത്.  അബദ്ധത്തിലെങ്ങാനും ജുറാസിക് പാർക്കിൽ പോയി ടി റെക്സിനു മുന്നിൽപെട്ടാൽ ഓടി രക്ഷപ്പെടാവുന്നതേയുള്ളൂ.

ജിഎസ്എഫ്‌കെ: പ്രദര്‍ശനം ആരംഭിക്കുക 20ന്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയിലെ പ്രദര്‍ശനം ഈ മാസം 20നായിരിക്കും ആരംഭിക്കുക. ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു തിങ്കളാഴ്ച(15-01-2024) മുതല്‍ പ്രദര്‍ശനം ആരംഭിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം ആരംഭിക്കുന്നത് ഇരുപതാം തിയതിയിലേക്കു മാറ്റുകയാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഫെസ്റ്റിവല്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയും, 20 മുതല്‍ ഫെസ്റ്റിവല്‍ വേദിയില്‍ സജ്ജീകരിച്ച കൗണ്ടറുകളില്‍നിന്ന് നേരിട്ടും ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com