ADVERTISEMENT

ലോകത്തിൽ പല പ്രശസ്ത കപ്പലുകളുമുണ്ട്. ക്രിസ്റ്റഫർ കൊളംബസിന്റെ സാന്റാ മരിയ, മഗല്ലന്റെ വിക്ടോറിയ തുടങ്ങി അനേകം. ഇക്കൂട്ടത്തിൽപെടുത്താവുന്ന ഒരു കപ്പലാണ് എച്ച്എംഎസ് ബീഗിൾ. ലോകശാസ്ത്രഗതിയെത്തന്നെ മാറ്റിമറിച്ച ചില നിരീക്ഷണങ്ങൾക്കു വഴിയൊരുക്കിയ കപ്പൽ. ഇതിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ഈ പ്രശസ്തിക്കു കാരണം. ആരായിരുന്നെന്നോ ആ ശാസ്ത്രകാരൻ? പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ജീവശാസ്ത്രത്തിലെ അതുല്യ പ്രതിഭയുമായ ചാൾസ് ഡാർവിൻ.

ലോകശാസ്ത്രചരിത്രത്തിൽ നാഴികക്കല്ലു സ്ഥാപിച്ച ഈ വിഖ്യാത കപ്പലിന്റെ മാതൃക തിരുവനന്തപുരം തോന്നയ്ക്കലിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. പേരിലെ എച്ച്എംഎസ് (ഹെർ മജസ്റ്റീസ് സർവീസ്) സൂചിപ്പിക്കുന്നതുപോലെ ഒരു ബ്രിട്ടിഷ് നാവികക്കപ്പലായിരുന്നു ബീഗിൾ. 1820ൽ ലണ്ടനിലെ വൂൾവിച്ച് ഡോക് യാഡിലാണ് ഈ കപ്പൽ നീറ്റിലിറക്കിയത്.

hms-2 - 1

10 തോക്കുകൾ വഹിക്കുന്ന പടക്കപ്പല്‍

10 തോക്കുകൾ വഹിക്കുന്ന പടക്കപ്പലായിരുന്ന ബീഗിളിനു പക്ഷേ പിന്നീട് വലിയ യുദ്ധപ്രാധാന്യമില്ലാതായി. തുടർന്നാണ് ഒരു പര്യവേഷണ യാനമായി ഇതു നിയോഗിക്കപ്പെട്ടത്. ക്യാപ്റ്റൻ റോബർട് ഫിറ്റ്‌സ്‌റോയിയായിരുന്നു ക്യാപ്റ്റൻ. 1826 മുതൽ 1843 വരെ നീണ്ട പര്യവേഷണയാത്രകളാണു ബീഗിളിൽ നടന്നത്. ഡാർവിൻ ഈ പര്യവേഷണ സംഘത്തിൽ പിൽക്കാലത്ത് അംഗമായി.

തെക്കേ അമേരിക്കയിലേക്കായിരുന്നു ബീഗിളിന്റെ ആദ്യയാത്ര.

hms-3 - 1

1826-1831 കാലയളവിൽ പാറ്റഗോണിയ, ടിയറ ഡെൽ ഫ്യൂഗോ മേഖലകളിൽ കപ്പൽ പര്യവേഷണം നടത്തി. ഡാർവിൻ ഈ യാത്രയിലും 1831 മുതൽ 36 വരെ നടന്ന രണ്ടാംയാത്രയിലും പങ്കെടുത്തു. ഇതും തെക്കേ അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ കറങ്ങുന്ന പര്യവേഷണമായിരുന്നു. ഡാർവിന്റെ സാന്നിധ്യത്താൽ ഈ രണ്ടാം യാത്ര ലോകപ്രശസ്തി നേടി.

കപ്പലിന്റെ മൂന്നാംയാത്ര ഓസ്‌ട്രേലിയൻ തീരങ്ങളിലേക്കായിരുന്നു. വെറും 27 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള ഒരു പായ്ക്കപ്പലായിരുന്നു ബീഗിൾ. രണ്ട് പായ്മരങ്ങളാണ് ഇതിന് ആദ്യം ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഒരെണ്ണംകൂടി കൂട്ടിച്ചേർത്തു.

തിയോഡോലൈറ്റ്, ക്രോണോമീറ്റർ, ബാരോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ കപ്പലിലുണ്ടായിരുന്നു. 235 ടണ്ണായിരുന്നു കപ്പലിന്റെ ഭാരം. പര്യവേഷണങ്ങളിൽ നിന്നു വിരമിച്ച ശേഷം ഈ കപ്പൽ ബ്രിട്ടിഷ് തീരസംരക്ഷണസേനയുടെ കൈവശമായി. വിഡബ്ല്യു7 എന്ന് ഇതിനു പേരും നൽകി. 1870ൽ ഈ കപ്പൽ പൊളിച്ചുനീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com