ADVERTISEMENT

ഭൂമിയുടെ ഇരട്ട എന്ന വിളിപ്പേരുള്ള ഗ്രഹമാണ് ചൊവ്വ. പല കാര്യങ്ങളിലും ഭൂമിയോട് സാമ്യതയുള്ള ചൊവ്വയില്‍ പ്രതീക്ഷിച്ചതിലും വളരെയേറെ കൂടുതല്‍ വെള്ളമുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയുടെ ധ്രുവപ്രദേശത്തോടു ചേര്‍ന്നുള്ള മെഡൂസെ ഫോസെ ഫോര്‍മേഷന്‍ മേഖലയില്‍ നടത്തിയ റഡാര്‍ സര്‍വേയിലാണ് വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. മഞ്ഞുരൂപത്തിലുള്ള വെള്ളം കിലോമീറ്ററുകളോളം കനത്തിലാണുള്ളതെന്നാണ് റഡാര്‍ സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നത്. 

ചൊവ്വയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വെള്ളം കണ്ടെത്തിയത് ഇപ്പോഴത്തെ റഡാര്‍ സര്‍വേയിലാണെന്ന കാര്യവും ശ്രദ്ധേയമാണ്. ഭൂമിയിലെ ചെങ്കടലിലുള്ള അത്രയും അളവിലുള്ള വെള്ളം ഇപ്പോള്‍ കണ്ടെത്തിയ ഭാഗത്തുണ്ട്. മഞ്ഞുരുകി വെള്ളം ചൊവ്വയുടെ പുറത്തെത്തിയാല്‍ ഗ്രഹത്തെ പൂര്‍ണമായും 1.5 മീറ്റര്‍ മുതല്‍ 2.7 മീറ്റര്‍(4.9-8.9 അടി) വരെ ആഴത്തില്‍ മുക്കാന്‍ സാധിക്കും. 

ചൊവ്വക്കുള്ളില്‍ വെള്ളമുണ്ടെന്ന് 2007ലാണ് ആദ്യമായി തെളിവുകള്‍ ലഭിച്ചത്. അന്ന് പ്രതലത്തില്‍ നിന്നും 2.5 കിലോമീറ്റര്‍ വരെ ആഴത്തിലാണ് വെള്ളമുള്ളതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചൊവ്വയില്‍ കൂടുതല്‍ അളവില്‍ കുറഞ്ഞ ആഴത്തില്‍ ജലസാന്നിധ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. 'യൂറോപ്യന്‍  ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസിന്റെ ഭാഗമായുള്ള MARSIS റഡാര്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ 3.7 കിലോമീറ്റര്‍ വരെ കനത്തില്‍ ചൊവ്വക്കുള്ളില്‍ വെള്ളമുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു' എന്നാണ് സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ജിയോളജിസ്റ്റ് തോമസ് വാട്ടേഴ്‌സ് പറയുന്നത്. 

NASA/LASP/CU Boulder
NASA/LASP/CU Boulder

ചൊവ്വയില്‍ ഏതാണ്ട് അയ്യായിരം കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന പ്രദേശമാണ് മെഡൂസേ ഫോസേ ഫോര്‍മേഷന്‍. ചൊവ്വയുടെ ഉത്തര ധ്രുവത്തിലെ കിടങ്ങുകള്‍ക്കും ദക്ഷിണ ധ്രുവത്തിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ക്കും ഇടയില്‍ കിടക്കുന്ന ഭാഗമാണിത്. 2007ലാണ് ചൊവ്വയിലെ ഈ പ്രദേശത്ത് ഉള്‍ഭാഗത്തായി എന്തോ ഉണ്ടെന്ന സൂചനകള്‍ ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് പിന്നീട് നടത്തിയ റഡാര്‍ പരിശോധനയിലാണ് ജലസാന്നിധ്യം തിരിച്ചറിയുന്നത്. 

ജലസാന്നിധ്യമില്ലാത്ത പൊടി നിറഞ്ഞ ഗ്രഹമെന്ന ചൊവ്വയെക്കുറിച്ചുള്ള ധാരണകള്‍ അടുത്തിടെയാണ് വലിയ തോതില്‍ മാറിയത്. ചൊവ്വയുടെ പല ഭാഗത്തു നിന്നും ദീര്‍ഘകാലം ജലസാന്നിധ്യമുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. ഒരുകാലത്ത് ചൊവ്വയിലൂടെ നദികള്‍ ഒഴുകുകയും തടാകങ്ങളും സമുദ്രങ്ങളും വരെ ഉണ്ടാവുകയും ചെയ്തിരുന്നുവെന്ന കാര്യത്തില്‍ ഇന്ന് വലിയ എതിര്‍പ്പുകളില്ല. 

Credits: NASA/JPL-Caltech
Credits: NASA/JPL-Caltech

ചൊവ്വയില്‍ ഉണ്ടായിരുന്ന ജലം എവിടെ പോയൊളിച്ചു എന്ന കാര്യത്തില്‍ ഇന്നും വ്യക്തമായ ഉത്തരമില്ല. എങ്കിലും ഇന്ന് ചൊവ്വയില്‍ ഒഴുകുന്ന രൂപത്തിലുള്ള ജലമില്ലെന്നാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. ചൊവ്വയില്‍ നിന്നും ജലം നീരാവിയായി ബഹിരാകാശത്തേക്കു പോയാ അതോ ചൊവ്വക്കുള്ളില്‍ തന്നെ കുടുങ്ങി കിടക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും മെഡൂസേ ഫോസേ ഫോര്‍മേഷനില്‍ നടത്തിയ പഠനങ്ങള്‍ ഉത്തരം നല്‍കുമെന്നാണ് പ്രതീക്ഷ. 

ചൊവ്വയില്‍ ജലസാന്നിധ്യമുണ്ടെന്ന വിവരം ഭാവിയിലെ മനുഷ്യന്റെ ചൊവ്വാദൗത്യങ്ങളില്‍ നിര്‍ണായകമാണ്. ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കണമെങ്കില്‍ അവിടെയെത്തുന്ന മനുഷ്യന്റെ നിലനില്‍പിന് വെള്ളം ആവശ്യമാണ്. ചൊവ്വയില്‍ തന്നെ വെള്ളമുണ്ടെന്ന് കണ്ടെത്തിയാല്‍ അവിടെയെത്തുന്ന മനുഷ്യന്റെ അതിജീവനത്തിനെ അത് എളുപ്പമാക്കും. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് ജേണലിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com