ADVERTISEMENT

കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്നു പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ് ലോകം. ചൈനയിൽ നിന്നായിരുന്നു കൊറോണ വൈറസിന്റെ ഉദ്ഭവം. അടുത്തതായി ലോകത്തെ ബാധിക്കാൻ പോകുന്ന മഹാമാരി ഒരുപക്ഷേ ഒട്ടും വിചാരിക്കാത്ത ഇടത്തുനിന്നാകാം എത്തുകയെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഉത്തരധ്രുവമേഖലയിൽ നിന്നാകാം ഇനി വൈറസ് എത്തുക.ഇവിടങ്ങളിലെ സ്ഥിര ഹിമ മേഖലയായ പെർമഫ്രോസ്റ്റിലുള്ള മെതുസെല വൈറസ് എന്ന പ്രാചീന നിർജീവ വൈറസുകൾ അവിടത്തെ മഞ്ഞുരുകുന്നതിനനുസരിച്ച് സജീവമായാൽ ലോകത്ത് വളരെ വിചിത്രമായ വൈറസ് മഹാമാരി എത്താനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ പങ്കുവച്ചത്.

46,000 വർഷങ്ങൾ സൈബീരിയയിലെ പെർമഫ്രോസ്റ്റ് എന്ന നിബിഡ മഞ്ഞുപാളികൾക്കിടയിൽ ഉറങ്ങിയ വിരയെ ശാസ്ത്രജ്ഞർ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് അടുത്തിടെ പ്രധാനപ്പെട്ട വാർത്തകളിലൊന്നായിരുന്നു.ഉത്തരധ്രുവ മേഖലയിലെ കാലങ്ങളോളം പഴക്കമുള്ള മഞ്ഞുപാളികളാണ് പെർമഫ്രോസ്റ്റ്. ഉത്തരമേഖലയിലെ പരിസ്ഥിതിയുടെ ഭാഗമായ ഈ നിബിഡ മഞ്ഞുപാളികൾ ഉരുകുന്നത് ലോകത്തെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പ്രധാന ആശങ്കകളിലൊന്നാണ്. ലോകമെമ്പാടും അന്തരീക്ഷ കാർബൺ സാന്നിധ്യം കൂടുമെന്നതും പെർമഫ്രോസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിസന്ധിയാണ്. ഇത് ആഗോളതാപനത്തിന്റെ തോത് വീണ്ടും കൂട്ടും. എന്നാൽ ഇതിനെല്ലാമപ്പുറം പെർമഫ്രോസ്റ്റ് ഉരുകിയാൽ ആഗോളതലത്തിൽ മഹാമാരികളുണ്ടാകാൻ അതു വഴിവയ്ക്കും.

2016ൽ ധ്രുവപ്രദേശത്തിന്റെ ഭാഗമായുള്ള സൈബീരിയയിലെ യമാൽ പ്രദേശത്ത് വമ്പിച്ച ആന്ത്രാക്സ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ ആശുപത്രിയിലായി. വർഷങ്ങൾക്കു മുൻപ് മഞ്ഞിലാണ്ടു പോയ ആന്ത്രാക്സ് ബാധിച്ച ഒരു മാനിന്റെ ശരീരമാണ് വില്ലനായത്. മഞ്ഞുരുക്കത്തിൽ മറഞ്ഞിരുന്ന ഈ ശരീരം പുറത്തു വന്നു.അതിനുള്ളിൽ കാലങ്ങളായി ഉറക്കത്തിലായിരുന്ന ആന്ത്രാക്സ് പരത്തുന്ന സൂക്ഷ്മാണുക്കൾ ഉണർന്നെണീക്കുകയും വായുവിലും വെള്ളത്തിലും കലരുകയും ചെയ്തു.ഇതാണു ബാധയ്ക്കു വഴി വച്ചത്.പെർമഫ്രോസ്റ്റിലെ സൂക്ഷ്മാണുക്കളെപ്പറ്റി ലോകം ആഴത്തിൽ ചിന്തിക്കാൻ ഇടവരുത്തിയ സംഭവമായിരുന്നു ഇത്.

പെർമഫ്രോസ്റ്റിനുള്ളിൽ അകപ്പെടുന്ന ജീവികളുടെ ശരീരം അഴുകി നശിക്കില്ല.ഇന്നും ധ്രുവപ്രദേശങ്ങളിൽ നിന്ന് മാമോത്ത് പോലെ ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ജീവികളുടെ ശവശരീരങ്ങൾ ലഭിക്കാറുണ്ട്.ഇതു പോലെ തന്നെ സൂക്ഷ്മകോശജീവികളെയും പെർമഫ്രോസ്റ്റ് സംരക്ഷിക്കും.2005ൽ നാസാ ഗവേഷകർ 32000 വർഷം പഴക്കമുള്ള ചില സൂക്ഷ്മകോശജീവികളെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെടുത്തു.മഞ്ഞിൽ നിന്നു മുക്തരായ നിമിഷം തന്നെ ഇവ സജീവമായി.2014ൽ പിതോവൈറസ്, മോളിവൈറസ് തുടങ്ങിയ വലുപ്പമേറിയ വൈറസുകളെയും ശാസ്ത്രജ്ഞർ ഇതിൽ നിന്നു വേർതിരിച്ചു. ഇവയും സജീവമായി.പക്ഷേ ഇവ മനുഷ്യരെ ആക്രമിക്കുന്നവയല്ല.

Image : Canva
Image : Canva

പക്ഷേ പെർമഫ്രോസ്റ്റിൽ ആദിമമനുഷ്യരായ നിയാണ്ടർത്താലുകൾ വരെ പുതഞ്ഞു കിടപ്പുണ്ടെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. പല നൂറ്റാണ്ടുകളിൽ വൈറസ് ബാധ മൂലം മരിച്ചവരുടെയൊക്കെ ശരീരങ്ങൾ ഇങ്ങനെ കിടപ്പുണ്ടാകാം.ഇവയൊരിക്കൽ പുറത്തു വന്നാൽ മനുഷ്യരാശിക്ക് തീർത്തും അപരിചിതരായ, ഭീകര സൂക്ഷ്മകോശജീവികൾ ഭൂമിയെങ്ങും പരക്കാനിടയാകും. പെർമഫ്രോസ്റ്റിനെ സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്ന് വ്യക്തം. എന്നാൽ ഉത്തരധ്രുവത്തിൽ സ്ഥിതി അത്ര നന്നല്ല. ആഗോളതാപനത്തിനു പുറകേ വൻകിട വ്യാവസായിക പ്രവർത്തനങ്ങളും ഖനനവും കൂടുന്നത് ഉത്തരധ്രുവത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്.

Image Credit: D-Keine
Image Credit: D-Keine

പെർമഫ്രോസ്റ്റ് ഉരുകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളെ പുറത്തുവിടുമെന്നും ബ്രിട്ടിഷ് ശാസ്ത്രജ്ഞരുടെ പഠനം ഇടക്കാലത്തുണ്ടായിരുന്നു.ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു പഠനം നടത്തിയത്. മഞ്ഞുരുകുന്നത് റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് ഇവർ കണ്ടെത്തിയത്. ഗുരുതരമായ ശ്വാസകോശ കാൻസറിനു വഴിവയ്ക്കുന്നതാണു റേഡോൺ വാതകം. ഇതിനെ അന്തരീക്ഷത്തിൽ പരക്കുന്നതിനു തടയായി പെർമഫ്രോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അപകടകരമായ വിധത്തിൽ മഞ്ഞുരുകുന്നത് ഈ സംരക്ഷണശേഷി ഇല്ലാതെയാക്കും. റേഡോൺ പുറന്തള്ളപ്പെടുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com