ഐഫോണ്‍ വില കുറയുമോ? നടപടിയെടുക്കാൻ അമേരിക്ക; ഫാൻസാണ് ഇവിടെയും പ്രശ്നം
Mail This Article
ആപ്പിളിനെതിരെ അമേരിക്ക ഇത്തരത്തില്‍ ‘വടിയെടുക്കുമെന്ന്’ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യുഎസ് സർക്കാർ നടത്തുന്ന നീക്കം വിജയം കണ്ടാല്‍ ടെക്‌നോളജി മേഖല ഇനിയൊരിക്കലും പഴയതു പോലെയായിരിക്കില്ല. അമേരിക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡോജ്) ആപ്പിളിനെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന 88 പേജ് കുറ്റപത്രത്തിലുള്ളത് കടുത്ത ആരോപണങ്ങളാണ്.
കുത്തക നിലനിര്‍ത്താനായി കമ്പനി കാലാകാലങ്ങളായി അനുവര്‍ത്തിച്ചുവന്ന നയങ്ങള്‍ ഇനി വച്ചുപൊറുപ്പിക്കാനാവില്ല എന്ന വ്യക്തമായ സന്ദേശമാണ് അതിലുള്ളത്. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്ന് ആപ്പിളും പ്രഖ്യാപിച്ചു കഴിഞ്ഞു. ആപ്പിളിനെ പോലെ 2.7 ട്രില്യൻ ആസ്തിയുള്ള, എന്തും വിലയ്‌ക്കെടുക്കാന്‍ കഴിവുള്ള ഒരു കമ്പനിക്കെതിരെ വിജയം കാണല്‍ എളുപ്പമാവില്ലെന്ന് ഡോജും പറയുന്നു. രണ്ടു കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തിന് വിസില്‍ മുഴങ്ങിക്കഴിഞ്ഞു. ടെക് മേഖലയുടെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്ന പോരിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞു വയ്ക്കാം:
പ്രതികരണങ്ങള്‍
ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ടെക്‌നോളജിയാണ് തങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതെന്നാണ് ആപ്പിളിന്റെ ആദ്യ പ്രതികരണം. എന്നാൽ അതിന് തടയിടാനുള്ള നീക്കമാണ് ഡോജിന്റേത്. തങ്ങളുടെ ഹാര്‍ഡ്‌വെയര്‍-സോഫ്റ്റ്‌വെയര്‍ പരിസ്ഥിതി അതേപടി നിലനിര്‍ത്തിയാല്‍ മാത്രമേ ആപ്പിള്‍ ഉപകരണ ഉടമകള്‍ക്ക് മികച്ച സേവനം നല്‍കാന്‍ സാധിക്കൂ എന്ന വാദമാണ് കമ്പനി ഉന്നയിച്ചിരിക്കുന്നത്.
കാള്‍ പെയ് പറയുന്നു:
വണ്‍പ്ലസ് കമ്പനിയുടെ സഹസ്ഥാപകനും നതിങ് കമ്പനിയുടെ സ്ഥാപകനുമായ കാള്‍ പെയ് ഈ സുപ്രധാന സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചവരില്‍ പെടും. ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിന്റെ ദാക്ഷിണ്യമില്ലാത്ത വാക്കുകളാണ് അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത്. 'നമ്മുടെ പരിസ്ഥിതിയിലേക്ക് ഉപയോക്താക്കളെ തളച്ചിടുക' എന്ന ജോബ്‌സിന്റെ ഉദ്ധരണിയാണ് പെയ് എടുത്തെഴുതിയിരിക്കുന്നത്.
അമേരിക്കന്‍ വിപണിയില്‍ വില്‍ക്കപ്പെടുന്ന 60 ശതമാനത്തിലേറെ ഫോണുകളും ആപ്പിളിന്റേതാണ്. കൂടാതെ, ആ രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ള 90 ശതമാനം യുവജനങ്ങളും ഐഫോണ്‍ മാത്രം ഉപയോഗിക്കുന്നു. അപ്പിളിന്റെ 'അടച്ചുകെട്ടിയ' നയം തുടരുന്നതിനാല്‍ തങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയിലേക്ക് ശക്തിയോടെ കടക്കാന്‍ സാധിച്ചിട്ടില്ലെന്ന് പെയ് ആരോപിക്കുന്നു. അതിനാല്‍തന്നെ ഡോജിന്റേത് വമ്പന്‍ നീക്കമാണ്, അദ്ദേഹം പറയുന്നു.
ഗെയിം നിര്‍മാതാവ് എപിക്, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്പുകള്‍ക്ക് അംഗത്വമുള്ള കോഅലിഷന്‍ ഓഫ് ആപ്പ് ഫെയര്‍നെസ് ഡോജിന്റെ നീക്കത്തെ സ്വാഗതം ചെയ്തു. ആപ്പിളിന്റെ നിയമലംഘനങ്ങൾ കുറ്റപത്രത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ടെന്നും കോഅലിഷന്‍ ചൂണ്ടിക്കാണിക്കുന്നു.
എന്തു സംഭവിക്കാം?
നാടകീയമായ സംഭവവികാസങ്ങളാണ് ഇപ്പോള്‍ അരങ്ങേറിയിരിക്കുന്നതെങ്കിലും പെട്ടെന്ന് മാറ്റങ്ങളൊന്നും സംഭവിക്കില്ല. വര്‍ഷങ്ങള്‍ നീളുന്ന നിയമപോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അതില്‍ ഡോജിന് വിജയിക്കാനായാല്‍ ആപ് സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് അടയ്‌ക്കേണ്ട വരിസംഖ്യ കുറഞ്ഞേക്കാം. കൂടുതല്‍ സ്മാര്‍ട് ആപ്പുകള്‍ എത്തിയേക്കാം. ഐഫോണുകളുടെയും ആപ്പിള്‍ ഉപകരണങ്ങളുടെയും വില പോലും കുറഞ്ഞേക്കാം.
ആന്‍ഡ്രോയിഡ് ഫോണുകളോടുള്ള അയിത്തം
ഐഫോണിലേക്ക് എത്തുന്ന സന്ദേശങ്ങള്‍ മറ്റൊരു ഐഫോണ്‍ ഉപയോക്താവിന്റേതാണെങ്കില്‍ അത് നീല നിറത്തിലും ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നാണെങ്കില്‍ പച്ച നിറത്തിലും കാണിക്കുന്ന കാര്യം കുറ്റപത്രത്തില്‍ പറയുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ഉപയോഗിക്കുന്നത് കുറഞ്ഞ കാര്യമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആപ്പിള്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. നാണക്കേട് ഒഴിവാക്കാനായി അമേരിക്കയില്‍ പലരും ഐഫോണ്‍ തന്നെ വാങ്ങിക്കുന്നു, പ്രത്യേകിച്ചും ടീനേജിലുള്ളവര്‍.
ആപ്പിളിന്റെ സ്വന്തം സന്ദേശക്കൈമാറ്റ ആപ്പായ ഐമെസേജ് ആന്‍ഡ്രോയിഡിലേക്കും ഇടുന്ന കാര്യം കമ്പനി ഒരിക്കല്‍ പരിഗണിച്ചിരുന്നു. 'ഇത് നമുക്ക് ഒരു നഷ്ടക്കളി' ആയിരിക്കുമെന്ന് ആപ്പിള്‍ എക്‌സിക്യൂട്ടിവ്മാര്‍ തമ്മില്‍ പറയുന്ന കാര്യം കുറ്റപത്രത്തില്‍ എടുത്തുപറയുന്നു. പച്ചനിറത്തില്‍ സന്ദേശങ്ങള്‍ കാണിച്ച് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അപമാനിക്കുന്നു എന്നത് ഡോജിന്റെ പ്രധാന ആരോപണങ്ങളില്‍ പെടുന്നു.
ഏകദേശം 25 വര്‍ഷം മുമ്പ് പഴ്‌സനല്‍ കംപ്യൂട്ടര്‍ മേഖല അടക്കി വാണിരുന്ന മൈക്രോസോഫ്റ്റിനെതിരെ സമാനമായ ഒരു നീക്കം ഡോജ് കൊണ്ടുവന്നതോടെ ഒട്ടനവധി പുതിയ കമ്പനികള്‍ ഉടലെടുത്തു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങി പല ഭീമന്മാര്‍ക്കും തലപൊക്കാന്‍ സാധിച്ചത് ആ നീക്കത്തിന്റെ ഫലമാണ്. ആപ്പിള്‍ പോലും അതിന്റെ ഗുണഭോക്താവാണെന്ന് മറക്കരുതെന്ന് ഡോജിന്റെ കുറ്റപത്രത്തില്‍ ഓര്‍മിപ്പിക്കുന്നു. സമാനമായ രീതിയില്‍ മൊബൈല്‍ വിപണിയില്‍ കുത്തകയായി മാറിയിരിക്കുകയാണ് ആപ്പിള്‍ എന്നാണ് ആരോപണം.
ആപ്പിളിനെതിരെ മാത്രമല്ല നീക്കം
ഡോജിന്റെ നീക്കം ആപ്പിളിനെതിരെ മാത്രമല്ല. ഗൂഗിള്‍, ആമസോണ്‍, മെറ്റാ തുടങ്ങിയ കുത്തക ടെക്‌നോളജി കമ്പനികളെയെല്ലാം വരുതിയില്‍ കൊണ്ടുവരാനുള്ള ബൃഹത്തായൊരു പരിശ്രമത്തിന്റെ ഭാഗമാണ് ഡോജ് ആപ്പിളിനെതിരെ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. സാമാന്യ ജനങ്ങളില്‍ നിന്ന് ഒഴുകുന്ന ഡേറ്റ മുഴുവന്‍ ചുരുക്കം ചില കമ്പനികള്‍ കുത്തകയാക്കി വയ്ക്കുന്നത് ഭാവിയില്‍ ദോഷകരമായിരിക്കുമെന്നും ഡോജ് വിലയിരുത്തുന്നു.
ജോബ്‌സിന്റെ പാക്കിങ്
ആപ്പിളിന്റെ ഇപ്പോഴത്തെ പ്രതാപത്തിനു പിന്നില്‍ സ്റ്റീവ് ജോബ്‌സിന്റെ നയങ്ങളാണെന്ന് എഎഫ്പി. ആപ്പിള്‍ 'ഹോട്ടല്‍ കലിഫോര്‍ണിയ' പോലെയാണ്. ‘മുറിയെടുത്തു കഴിഞ്ഞാല്‍' ചെക്-ഔട്ട് ചെയ്യാമെങ്കിലും, ആപ്പിളിന്റെ അടച്ചിട്ട പൂന്തോട്ടത്തിന് പുറത്തേക്കു പോകാനാവില്ലെ’ന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 50 വര്‍ഷം മുമ്പ്, കമ്പനിയുടെ ആരംഭകാലത്തു തന്നെ തങ്ങളുടെ ഉപകരണങ്ങള്‍ മറ്റൊരു കമ്പനിയുടെ ഉപകരണങ്ങളുമായും സഹകരിപ്പിക്കാതെ പ്രവര്‍ത്തിക്കുന്നതായിരിക്കണം എന്ന തീരുമാനത്തിന്റെ തുടര്‍ച്ചയാണ് ഇതുവരെയുള്ള ആപ്പിന്റെ ചരിത്രം. ആപ്പിള്‍ ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയുടെയും മേന്മ കമ്പനിയുടെ ഫാന്‍സ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു താനും. ഒരു വിമര്‍ശനവും അവര്‍ ചെവിക്കൊള്ളുകയുമില്ല.
ഐഫോണ്‍ പുറത്തിറക്കുതിനു മുമ്പ് ആപ്പിള്‍ ഒരു ഹാര്‍ഡ്‌വെയര്‍ കമ്പനിയായിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസ് തങ്ങളുടെ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, സാധാരണ മൗസ് പ്രവര്‍ത്തിപ്പിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളായിരുന്നു അന്ന് പ്രധാനം. ഐഫോണ്‍ വന്നതോടെ സോഫ്റ്റ്‌വെയറിലേക്കായി ആപ്പിളിന്റെ ശ്രദ്ധ. ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിപ്പിക്കുക എളുപ്പമാക്കി.
ഉപകരണങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ടെക്‌നോളജിയേക്കാളേറെ ആപ്പിളിന്റെ ലോകമെന്നു പറയുന്നത് ആഡംബര പ്രൗഢി വിളിച്ചറിയിക്കുന്ന ഡിവൈസുകളായി. ആപ്പിള്‍ ഉപകരണങ്ങളില്‍ ആപ്പിള്‍ ഒഎസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിപ്പിക്കാതിരിക്കാനും കമ്പനി ശ്രമിച്ചു. ആപ്പിളിനെ സംബന്ധിച്ച് ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും രണ്ടല്ല ഒന്നാണ്, എഎഫ്പി പറയുന്നു.
ഐഫോണ്‍ ഇറക്കി ലോകത്തെ ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയായ ആപ്പിള്‍ അതു നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോകാന്‍ തുടങ്ങി. ലൈറ്റ്‌നിങ് പോര്‍ട്ട് വഴി കണക്ടു ചെയ്യേണ്ട ഇയര്‍ഫോണ്‍ ആദ്യമായി അവതരിപ്പിച്ചത് 2012ലായിരുന്നു. തങ്ങളുടെ തന്നെ പഴയ ചാര്‍ജിങ് പോര്‍ട്ടുകളെയും ഇതോടെ കാലഹരണപ്പെട്ടതാക്കി. ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ ഫയല്‍ ഷെയറിങ് എളുപ്പമാക്കി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളുമായി ഫയല്‍ പങ്കിടല്‍ വിഷമകരമാക്കി.
ഇപ്പോള്‍ ഐക്ലൗഡ്, ആപ്പിള്‍ മ്യൂസിക്, ആപ് സ്റ്റോര്‍ തുടങ്ങി പലതും ഐഫോണ്‍ഉടമകള്‍ക്ക് മാത്രമായി പ്രവര്‍ത്തിപ്പിച്ച് ആന്‍ഡ്രോയിഡുമായുള്ള വേര്‍തിരിവ് ഊട്ടിയുറപ്പിക്കുന്നു. ഇതെല്ലാം അധികാരികളുടെ ശ്രദ്ധിയില്‍ പെട്ടതാണ് പുതിയ നീക്കത്തിനു പിന്നിലുള്ള മറ്റൊരു കാരണം. ഡോജിന്റെ നീക്കം വിജയിക്കുമോ എന്നറിയാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കും.