വികൃതികളുടെ ലിസ്റ്റിൽ ഇന്ത്യ ഒന്നാമത്, 2.25 ദശലക്ഷം വിഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; കാരണമറിയാം
Mail This Article
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ യൂട്യൂബ് അവരുടെ പ്ലാറ്റ്ഫോമിൽ 'ഡിലീറ്റടിച്ചത്' ഏകദേശം 9 ദശലക്ഷം വിഡിയോകൾക്കാണ്. ഇതിൽ 2023 അവസാന പാദത്തിൽ 2.25 ദശലക്ഷം വിഡിയോകളാണ് ഇന്ത്യയിൽ മാത്രം നീക്കം ചെയ്തിരിക്കുന്നത്. 96 ശതമാനത്തിലധികം വിഡിയോകളും നീക്കം ചെയ്തിരിക്കുന്നത് എഐ സംവിധാനം ഉപയോഗിച്ചാണ്. പകുതിയിലധികം വിഡിയോകൾ ഒരാളിലെങ്കിലും എത്തുന്നതിനു മുൻപേ നീക്കം ചെയ്തെന്നതാണ് കൗതുകം. 27 ശതമാനം വിഡിയോകൾ ഏകദേശം 3 പേരെങ്കിലും കണ്ടതിനുശേഷമാണ് നീക്കം ചെയ്തത്.
ഒന്നാമത് ഇന്ത്യ
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിഡിയോ നീക്കം ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. 22,54,902 വിഡിയോകൾ നീക്കംചെയ്‌തു, തൊട്ടുപിന്നാലെ സിംഗപ്പൂരും യുഎസുമാണ്. സിംഗപ്പൂർ 1,243,871 വിഡിയോകൾ നീക്കം ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 788,354 വിഡിയോകളാണ് അമേരിക്ക നീക്കം ചെയ്തത്.
ഏകദേശം 3 ലക്ഷം വിഡിയോകൾ ഉപയോക്താക്കൾ ഫ്ലാഗുചെയ്‌തു, അതേസമയം 52000 വിഡിയോകൾ സംഘടനകൾ ഫ്ലാഗ് ചെയ്‌തു, 4 വിഡിയോകൾ മാത്രമാണ് സർക്കാർ ഏജൻസികൾ ഫ്ലാഗ് ചെയ്‌തത്.
കാരണങ്ങൾ
39.4% വിഡിയോകൾ അപകടകരമോ ഹാനികരമോ ആണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നീക്കം ചെയ്തിട്ടുള്ളത്, 32.4% വിഡിയോകൾ കുട്ടികളുടെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം നീക്കം ചെയ്‌തു.7.5% വിഡിയോകൾ അക്രമമോ അശ്ലീലമോ ആണെന്ന് കണ്ടെത്തി. നഗ്നത അല്ലെങ്കിൽ ലൈംഗിക ഉള്ളടക്കം, അക്രമവും അക്രമാസക്തമായ തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതും മറ്റും വിഡിയോകൾ നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങളിൽ ഉൾപ്പെടുന്നു.