രേഖകൾ കൊടുത്തില്ലെങ്കിൽ സിം കട്ടാകുമെന്ന സന്ദേശം ലഭിച്ചോ? കരുതിയിരിക്കണം
Mail This Article
സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്‌സാപ് കോളുകൾ ലഭിച്ചേക്കാമെന്നും കരുതിയിരിക്കണമെന്നും കേന്ദ്ര സർക്കാർ. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിക്കേഷന്‍സ് (ഡോട്ട്), മിനിസ്ട്രി ഓഫ് കമ്യൂണിക്കേഷന്‍സ് എന്നീ ഓഫിസുകളാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നല്‍കുന്നത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ മൊബൈല്‍ നമ്പര്‍ റദ്ദാക്കുമെന്നാണ് ഡോട്ട് ഉദ്യോഗസ്ഥനെന്നു പറഞ്ഞ് ഫോണ്‍ വിളിക്കുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നതത്രേ. സ്വകാര്യ ഡേറ്റ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കോളുകളെന്നും കേന്ദ്രം പറയുന്നു.
(+92-xxxxxxxxxx) പോലെയുള്ള നമ്പറുകളില്‍ ആയിരിക്കാം വിളി വരിക. ഇന്ത്യയില്‍ നിന്നുളള നമ്പര്‍ ആണെങ്കില്‍ +91 ആണ് തുടങ്ങേണ്ടത്. ഇതല്ലാതെ മറ്റേതെങ്കിലും നമ്പറില്‍ തുടങ്ങുന്ന കോളുകളെല്ലാം വിദേശ രാജ്യങ്ങളിലേതായിരിക്കു. +92 പാക്കിസ്ഥാന്റെ കോഡ് ആണ്. വാട്‌സാപ്പില്‍ അപരിചിതരില്‍ നിന്നുള്ള കോളുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് മുൻപും നിർദ്ദേശങ്ങൾ നൽകിയിരുന്നു.
അപരിചിതര്‍ വാട്‌സാപ്പില്‍ വിളിക്കുന്ന വിഡിയോ കോളുകള്‍ ഒരു കാരണവശാലും സ്വീകരിക്കരുതെന്നും പറയുന്നു. ഇത്തരം കോളുകള്‍ വന്നാല്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള വെബ്‌സൈറ്റും ഡോട്ട് നല്‍കിയിട്ടുണ്ട്: www.sancharsaathi.gov.in. സൈബര്‍ ക്രൈം ഹെല്‍പ്‌ലൈന്‍ നമ്പറാണ് 1930. കൂടാതെ, സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ എല്ലാം റിപ്പോര്‍ട്ടു ചെയ്യാനുള്ള വെബ്‌സൈറ്റും അറിഞ്ഞുവയ്ക്കാം: www.cybercrime.gov.in
ഇന്ത്യന്‍ ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രിയും ഗേറ്റ്‌സും
ഇന്ത്യ സന്ദര്‍ശിക്കുന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. നിര്‍മിത ബുദ്ധി (എഐ) അടക്കമുള്ള നൂതന സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചു ഗേറ്റ്സ് പ്രധാനമന്ത്രിയുമായി സംസാരിച്ചു.
ഇന്തൊനീഷ്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ലോകമെമ്പാടും നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ കാണിച്ചെന്നും കുത്തക ഒഴിവാക്കാനായി രാജ്യം ടെക്‌നോളജിയെ ജനാധിപത്യവല്‍ക്കരിച്ചെന്നു താന്‍ അവരോട് പറഞ്ഞതായും പ്രധാനമന്ത്രി ഗേറ്റ്‌സിനെ അറിയിച്ചു. അതേസമയം, ഇന്ത്യ ടെക്‌നോളജി മേഖലയെ നയിക്കുക തന്നെയാണെന്ന് ഗേറ്റ്സ് പറഞ്ഞു. എഎന്‍ഐ പങ്കുവച്ച കൂടിക്കാഴ്ചയുടെ വിഡിയോ:
കാണാകാഴ്ചകള്‍ കാണിച്ചു തരാന്‍ അതിവേഗ ക്യാമറയുമായി ഗവേഷകര്‍
അടുത്തിടെ പുറത്തിറക്കി അമ്പരപ്പിച്ച കണ്‍സ്യൂമര്‍ ക്യാമറ മോഡലായ സോണി എ9 3ക്ക് സെക്കന്‍ഡില്‍ 120 ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കും. അതിവേഗ ഷൂട്ടിങ്ങിന് ഏറ്റവും മികച്ച സ്മാര്‍ട്ഫോണുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ്23 അള്‍ട്രായ്ക്ക് കുറഞ്ഞ റസല്യൂഷനിൽ, സെക്കന്‍ഡില്‍ 960 ഫ്രെയിമുകള്‍ പകര്‍ത്താന്‍ സാധിക്കും. എന്നാല്‍, കാനഡയിലെ ഐഎന്‍ആര്‍എസിലെ ഗവേഷകര്‍ വികസിപ്പിച്ച ക്യാമറയുടെ ഷൂട്ടിങ് ശേഷി സമാനതകളില്ലാത്തതാണ്. സെക്കന്‍ഡില്‍ 156.3 ട്രില്യന്‍ ഫ്രെയിം! (156,300,000,000,000 ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്).
ആദ്യം പറഞ്ഞ കണ്‍സ്യൂമര്‍ ക്യാമറകളെ പോലെയല്ലാതെ, ഇത് ഗൗരവമുള്ള ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കാനുളള സംവിധാനമാണ്. ഇത്തരം ക്യാമറ വികസിപ്പിച്ചത് ഒരു ശാസ്ത്ര നേട്ടം തന്നെയാണ്. കാരണം, ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര മന്ദഗതിയില്‍ പ്രകൃതിയിലെ പല പ്രതിഭാസങ്ങളെയും സൂക്ഷ്മമായി പരിശോധിക്കാനും വിശകലനം ചെയ്യാനുമായിരിക്കും ഈ സയന്റിഫിക് ക്യാമറ പ്രയോജനപ്പെടുത്തുക.
ക്യാമറയുടെ എന്‍കോഡിങ് റേറ്റ് 156.3 ടെട്രാഹെടസ് ആണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയെ 'സ്വെപ്റ്റ് കോഡഡ് അപര്‍ചര്‍ റിയല്‍-ടൈം ഫെംടോഫോട്ടോഗ്രാഫി' (സ്‌കാര്‍ഫ്) എന്നാണ് വിളിക്കുന്നത്. ഷോക് വേവ് മെക്കാനിക്‌സിലും പുതിയ മരുന്നുകള്‍ കണ്ടുപിടിക്കുന്നതിലും ഒക്കെ ഇതിന്റെ അപാരശേഷി പ്രയോജനപ്പെടുത്താനാകും. ഇതു വികസിപ്പിച്ച ഗവേഷകരുടെ ടീമിന് നേതൃത്വം നല്‍കിയത് പ്രൊ. ജിന്യാങ് ലിയാങ് ആണ്.
അതിവേഗ ഫൊട്ടോഗ്രഫിയുടെ കാര്യത്തില്‍ പുതിയ പാതകള്‍ വെട്ടിത്തുറക്കുന്ന ഗവേഷകരില്‍ ഒരാളായാണ് ജിന്യാങ് അറിയപ്പെടുന്നത്. ആറു വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ ഒരു കണ്ടെത്തലിനെ ആശ്രയിച്ചാണ് പുതിയ ക്യാമറയും വികസിപ്പിച്ചിരിക്കുന്നത്. പുതിയ ഗവേഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ ജേണലിലാണ്.
ഫെയ്‌സ്ബുക്ക് ന്യൂസ് ടാബ് താമസിയാതെ നിർത്തിയേക്കും
''ഫെയ്‌സ്ബുക്ക് ന്യൂസ്'' ടാബ് ഘട്ടംഘട്ടമായി നിർത്തിയേക്കുമെന്ന് എപി. ഏപ്രില്‍ ആരംഭത്തില്‍ തന്നെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഇതു നിർത്തും. യുകെ, ബ്രിട്ടൻ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ 2023ല്‍ നിർത്തി. പ്രാദേശിക വാര്‍ത്താ പ്രസിദ്ധീകരണങ്ങളില്‍നിന്ന് അടക്കമുള്ള ഉള്ളടക്കം നല്‍കാന്‍ ഇത് ഉപയോഗിച്ചിരുന്നു. ടാബ് അപ്രത്യക്ഷമായാലും പ്രസാധകര്‍ക്കും സംഘടനകള്‍ക്കും ലിങ്കുകള്‍ എഫ്ബി വഴി പങ്കുവയ്ക്കാനുള്ള അവസരം നിലനിര്‍ത്തുമെന്നും മെറ്റാ അറിയിച്ചു. കൂടാതെ, ആളുകള്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളില്‍ നിന്നുളള വാര്‍ത്താ ലിങ്കുകളും ഒരു പ്രശ്‌നവുമില്ലാതെ എത്തും.
2500 വേരിഫൈഡ് ഫോളോവര്‍മാരുള്ള എക്‌സ് യൂസര്‍മാര്‍ക്ക് പ്രീമിയം ഫീച്ചേഴ്‌സ്
എക്‌സ് പ്ലാറ്റ്‌ഫോമില്‍ 2500 വേരിഫൈഡ് ഫോളോവര്‍മാരുള്ള അക്കൗണ്ട് ഉള്ളവര്‍ക്ക് പ്രീമിയം ഫീച്ചറുകള്‍ നല്‍കുമെന്ന് ഇലോണ്‍ മസ്‌ക്. കൂടാതെ, 5000ത്തില്‍ ഏറെ വേരിഫൈഡ് ഫോളോവര്‍മാരുള്ളവര്‍ക്ക് പ്രീമിയം പ്ലസ് പാക്കേജ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരസ്യരഹിത ബ്രൗസിങ്, ട്വീറ്റ് എഡിറ്റിങ്, ഗ്രോക് എഐ അക്‌സസ് തുടങ്ങിയ ഫീച്ചറുകള്‍ ആയിരിക്കും ഫ്രീയായി ലഭിക്കുക. പ്രീമിയംപ്ലസ് പാക്കേജിന് പ്രതിമാസം 1300 രൂപ, അല്ലെങ്കില്‍ പ്രതിവര്‍ഷം 13600 രൂപ വരിസംഖ്യ നല്‍കിയാണ് സബ്‌സ്‌ക്രൈബര്‍മാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.
പ്രഫഷനലുകള്‍ക്കായി ടിക്‌ടോക് രീതിയിലുള്ള വിഡിയോയുമായി ലിങ്ക്ട്ഇന്‍
പ്രഫഷനലുകള്‍ക്കുള്ള നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ ലിങ്ക്ട്ഇന്‍ പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിച്ചു. ഹ്രസ്വ വിഡിയോ പങ്കുവച്ച് പ്രശസ്തമായ ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക്കിന്റെ രീതിയാണ് ലിങ്ക്ട്ഇന്‍ അവലംബിക്കുന്നത്. ലിങ്ക്ട്ഇന്‍ ആപ്പിന്റെ വിഡിയോ ടാബിലാണ് വെര്‍ട്ടിക്കല്‍ വിഡിയോ കാണാനും പങ്കുവയ്ക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.