ADVERTISEMENT

ജാക്ക്മാ..അമേരിക്കയിലെയും യൂറോപ്പിലെയുമൊക്കെ ശതകോടീശ്വരൻമാർ നമുക്ക് പരിചിതരാണെങ്കിലും ചൈനയിൽ നിന്നുള്ളവരിൽ നമുക്ക് പെട്ടെന്ന് ഓർമയിൽ വരുന്നത് ജാക്ക്മായെ ആണ്. സാധാരണ നിലയിൽ നിന്ന് ഉയർന്നുവന്ന് ശതകോടികൾ സമ്പാദിച്ചുകൂട്ടിയതും നിരവധി വേദികളിലെയും സമൂഹമാധ്യമങ്ങളിലെയും സ്ഥിരസാന്നിധ്യമായതും മാത്രമല്ല ജാക്ക്മായുടെ പ്രശസ്തിക്ക് കാരണമായത്. ചൈനീസ് സർക്കാർ പിൽക്കാലത്ത് ജാക്ക്മായുടെ കമ്പനികൾക്ക് മേൽ അച്ചടക്കനടപടികൾ നടത്തിയതും ഇതിനു വഴിവച്ചു. 2020 മുതൽ പൊതുരംഗത്തു നിന്നു ജാക്ക് മാ അപ്രത്യക്ഷനായതും അഭ്യൂഹങ്ങൾ കൂട്ടി. 

അവിശ്വസനീയമായ വളർച്ചയുടെ കഥ

ഒടുവിൽ കഴിഞ്ഞ വർഷം അദ്ദേഹം തിരികെ വന്നു. പിന്നീട് ജപ്പാനിൽ അൽപകാലം അധ്യാപകനായി. ഇന്ന് ആലിബാബയിലോ ആന്റ് ഗ്രൂപ്പിലോ നിയന്ത്രണ സ്ഥാനത്ത് ജാക്മായില്ല. അദ്ദേഹത്തിന്റെ ഉടമസ്ഥതതയിലുള്ള ആന്റ് ഗ്രൂപ്പ് ലോകമെങ്ങും വളരാനുള്ള ശ്രമത്തിലാണ്.അവിശ്വസനീയമായ വളർച്ചയുടെ കഥ പറയാനുള്ള ഒരു വ്യക്തിത്വമാണ് ജാക്ക് മാ.ചൈനയിലെ ഹാങ്സുവിൽ 1964ൽ ജനിച്ച മായ്ക്ക് ഇംഗ്ലിഷ് ഭാഷയോട് നല്ല താൽപര്യമുണ്ടായിരുന്നു.എന്നാൽ കണക്ക് അത്ര വഴങ്ങാത്തതു മൂലം രണ്ടു തവണ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയില്‍ മാ പരാജിതനായി.1988ൽ ഇംഗ്ലിഷിൽ ബിരുദം നേടിയ മാ, തുടർന്ന് അഞ്ച് വർഷത്തോളം ടീച്ചറായി ജോലി ചെയ്തു.

തൊണ്ണൂറുകളുടെ പകുതിയിലാണ് മാ തന്റെ ആദ്യ സംരംഭം തുടങ്ങിയത്.ഹായ്ബോ ട്രാൻസ്‌ലേഷൻ ഏജൻസി.ചൈനീസിൽ നിന്ന് ഇംഗ്ലിഷിലേക്കുള്ള തർജമകൾ ചെയ്തു കൊടുക്കലായിരുന്നു കമ്പനിയുടെ പ്രധാന ബിസിനസ്.തുടർന്നാണ് ജാക്ക് മായുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവം നടന്നത്.‌

ലോക സാമ്പത്തിക ഫോറത്തിൽ ജാക്ക് മാ. ഫയൽ ചിത്രം: REUTERS/Denis Balibouse/File Photo
ലോക സാമ്പത്തിക ഫോറത്തിൽ ജാക്ക് മാ. ഫയൽ ചിത്രം: REUTERS/Denis Balibouse/File Photo

1995ൽ അദ്ദേഹം യുഎസിലേക്ക് ഒരു യാത്ര പോയി.ഇന്ന് വിവരസാങ്കേതികമേഖലയിൽ മുൻപന്തിയിലാണെങ്കിലും ചൈനയിൽ 1994 വരെ ഇന്റർനെറ്റ് എത്തിയിരുന്നില്ല.യുഎസിൽ പോയ ജാക്ക് മായ്ക്ക് ഇന്റർനെറ്റ് എന്താണെന്ന് അറിയാനുള്ള അവസരമുണ്ടായി.ഇ–ലോകം ജാക്ക് മായെ വളരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ‘ബീയർ’ എന്നാണ് ആദ്യം താൻ ഇന്റർനെറ്റിൽ തിരഞ്ഞെതെന്ന് മാ പിന്നീട് ഓർത്തെടുത്തിട്ടുണ്ട്.

ആലിബാബയുടെ ജനനം

ഏതായാലും മാ ഒരുകാര്യം പ്രത്യേകം ശ്രദ്ധിച്ചു.ചൈനീസ് വെബ്സൈറ്റുകളുടെ സാന്നിധ്യം ഇന്റർനെറ്റിൽ വളരെ കുറവാണ്.ഇത് ഒരവസരം കൂടിയാണെന്ന് അദ്ദേഹം മനസ്സിലാക്കി.തുടർന്ന് ചൈനീസ് ബിസിനസുകൾക്കായി വെബ്സൈറ്റുകൾ നിർമിച്ചു നൽകുന്ന ‘ചൈനാപേജസ്’ എന്ന വെബ്സൈറ്റിനു തുടക്കമിട്ടു.ചൈനയിലെ ആദ്യ ഇന്റർനെറ്റ് കമ്പനിയായിരുന്നു ഇത്.

കുറച്ച് നാള്‍ കഴിഞ്ഞ് ഈ രംഗത്തു മത്സരം ഉടലെടുത്തതോടെ മാ ഈ കമ്പനി വിട്ടു. തുടർന്നാണ് ആലിബാബയുടെ ജനനം. ഇ- കൊമേഴ്സ് രംഗം ലക്ഷ്യമിട്ടു തുടങ്ങിയ ഈ കമ്പനി ചുരുങ്ങിയ കാലത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറി.2005ൽ യാഹൂ, കമ്പനിയുടെ 40 ശതമാനം ഷെയർ ഏറ്റെടുത്തതോടെ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

രാജ്യാന്തര തലത്തിൽ ജാക്ക് മാ പ്രശസ്തനായി.ലോകത്തിലെ വലിയ സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമയായിട്ടും ജാക്ക് മായ്ക്ക് കംപ്യൂട്ടറിൽ സാധാരണ ഉപയോക്താവിനുള്ള പരിജ്ഞാനമേ ഉള്ളൂ.സാങ്കേതികമായ അറിവോ ഉയർന്ന ഐക്യുവോ അല്ല മറിച്ച് നിരീക്ഷണപാടവവും സ്ഥിരോൽസാഹവുമാണ് ജാക്ക് മാ എന്ന വ്യവസായ ചക്രവർത്തിയുടെ വളർച്ചയ്ക്ക് ഹേതുവായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com