ലോകം നമ്മെ കണ്ട് ചിരിക്കും, 'എക്‌സ്' നിരോധനത്തിനെതിരെ പാക് കോടതി
Mail This Article
കുറച്ചു നാളുകളായി പാക്കിസ്ഥാനിലുള്ളവർക്ക് 'എക്‌സ്' പ്ലാറ്റ്‌ഫോം (ട്വിറ്റര്‍) ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനു കാരണമെന്താണെന്ന് പാക് സർക്കാർ വ്യക്തമാക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കാത്ത കാര്യം കണ്ടുപിടിച്ചു റിപ്പോര്‍ട്ടു ചെയ്യുന്ന ഡൗണ്‍ഡിറ്റെക്ടര്‍ എക്‌സ് പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നുവത്രെ. അതിനിടയിലാണ് പാക്കിസ്ഥാന്‍കാര്‍ക്ക് കാര്യം പിടികിട്ടിയത്. ഈ സമൂഹ മാധ്യമം ഗവണ്‍മെന്റ് തന്നെ നിരോധിച്ചതാണ്.
ഇതേ തുടര്‍ന്ന് സറാര്‍ കുറോ ( Zarrar Khuhro), ജിബ്രാന്‍ നിസിര്‍ തുടങ്ങി പല വ്യക്തികള്‍ ചേര്‍ന്ന് സിന്ധ് ഹൈക്കോടതിയില്‍ (എസ്എച്‌സി) എക്‌സ് നിരോധനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഏപ്രില്‍ 17ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അക്വീല്‍ അഹമ്മദ് അബ്ബാസിയാണ് രാജ്യത്തിന്റെ ഇന്റീരിയര്‍ മന്ത്രാലയത്തെ(ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്ന മന്ത്രാലയം) കണക്കിന് കളിയാക്കിയത്. ഇത്തരം കൊച്ചു കാര്യങ്ങള്‍ക്കു വേണ്ടി നിരോധനം നടത്തിയാല്‍ ലോകം നമ്മെ കണ്ടു ചിരിക്കും, എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ദ് ന്യൂസ്.കോം.പികെ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ നിരോധനം നീക്കി കൊള്ളണമെന്നും കോടതി
ഇന്റീരിയര്‍ മന്ത്രാലയത്തെ ശകാരിച്ച സിന്ധ് ഹൈക്കോടതി ഒരാഴ്ചയ്ക്കുള്ളില്‍ നിരോധനം നീക്കി കൊള്ളണമെന്നും ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉള്ള സമൂഹ മാധ്യമമാണ് എക്‌സ്. ഫെബ്രുവരി മുതല്‍ ഇത് പ്രവര്‍ത്തിക്കാതെ ആയതാണ്.
ദേശീയ സുരക്ഷാ ഭീഷണി എന്ന്
സമൂഹ മാധ്യമങ്ങള്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നു പറഞ്ഞാണ് ഗവണ്‍മെന്റ് നിരോധിച്ചതത്രെ.ഇന്റീരിയര്‍ മന്ത്രാലയം ആവശ്യപ്പെട്ടതിന്‍ പ്രകാരമാണ് തങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോം രാജ്യത്ത് ലഭ്യമല്ലാതാക്കി മാറ്റിയതെന്ന് പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍സ് അതോറിറ്റി (പിടിഎ) കോടതിയോട് പറഞ്ഞിരുന്നു. രാജ്യത്തെ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത്തരം ഒരു ഭീഷണിയുണ്ടെന്ന് ഗവണ്‍മെന്റിനെ ധരിപ്പിച്ചതത്രെ. ഇന്റര്‍നെറ്റ് ഡേറ്റാ ഉപയോഗം, സമൂഹ മാധ്യമങ്ങള്‍, ആപ്പുകള്‍ തുടങ്ങിയവ ഗവണ്‍മെന്റ് നിരോധിക്കുന്നത് കൃത്യമായ കാര്യങ്ങള്‍ ഉള്ളതിനാലാണെന്നും പിടിഎ കോടതിയോട് പറഞ്ഞിരുന്നു.
ഇന്റര്‍നെറ്റില്‍ കണ്ടെന്റ് അപ്‌ലോഡ് ചെയ്യുന്നത് ദേശീയ സുരക്ഷയെ ബാധിക്കും
ഇസ്‌ലമാബാദ് ഹൈകോടതി പരിഗണിക്കുന്ന മറ്റൊരു കേസില്‍ ഹാജരായ ഇന്റീരിയര്‍ മന്ത്രാലയ പ്രതിനിധി പറഞ്ഞത്, ഇന്റര്‍നെറ്റില്‍ കണ്ടെന്റ് അപ്‌ലോഡ് ചെയ്യുന്നത് പാക്കിസ്ഥാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വാദിച്ചിരുന്നു.
ഇന്റീരിയര്‍ മന്ത്രാലയത്തിന് നിരോധനാധികാരം ഇല്ലെന്ന് കോടതി
ഗവണ്‍മെന്റ് ഏജന്‍സികള്‍ ഫോര്‍വേഡ് ചെയ്ത റിപ്പോര്‍ട്ടുകളെ മുന്‍നിറുത്തി ഇത്തരം നിരോധനം നടത്താന്‍ ഇന്റീരിയര്‍ മന്ത്രാലയത്തെ നിയമം അനുവദിക്കുന്നില്ലെന്നും എസ്എച്‌സി ഏപ്രില്‍ 17ന് നടന്ന വാദത്തിനിടയില്‍ നിരീക്ഷിച്ചു. സമൂഹ മാധ്യമം ഉപയോഗിക്കുന്നത് സ്‌ഫോടനങ്ങളിലേക്ക് നയിക്കുകയും മറ്റുമൊന്നും ഇല്ലെന്ന് പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോം ഒരു കാരണവുമില്ലാതെയാണ് നിരോധിച്ചതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇന്റീരിയര്‍മന്ത്രാലയം എക്‌സ് നിരോധനം നീക്കി ഉത്തരവ് ഇറക്കുന്നില്ലെങ്കില്‍ കോടതി തന്നെ അതു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.മെയ് 9 വരെ കോടതി പിരിഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോം നിരോധിച്ചതിന് മറ്റെന്തെങ്കിലും കാരണം ബോധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ അത് അന്ന് ബോധിപ്പിക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
എക്‌സ് നിരോധനത്തിനെതിരെ കനത്ത പ്രതിഷേധം
ഫെബ്രുവരി മുതല്‍ എക്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കാത്തതില്‍ രാജ്യത്ത് കനത്ത പ്രതിഷേധം ഇരമ്പി എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്റര്‍നെറ്റിലെ അക്‌സസിബിലിറ്റി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മറ്റൊരു വെബ്‌സൈറ്റായ നെറ്റ്‌ബ്ലോക്‌സ് ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ചറിപ്പോര്‍ട്ടില്‍, പാക്കിസ്ഥാനില്‍ ദേശിയ തലത്തില്‍ തന്നെ എക്‌സ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു.
വോട്ട് തിരിമറി റിപ്പോര്‍ട്ടു ചെയ്തതോ പ്രശ്‌നം?
പാക്കിസ്ഥാനില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വ്യാപകമായി വോട്ട് തിരിമറി നടന്നു എന്നൊക്കെയുള്ള പോസ്റ്റുകള്‍ എക്‌സ് വഴി പ്രചരിച്ചതായിരിക്കാം നിരോധനത്തിനു കാരണമെന്ന് അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ് പ്രവര്‍ത്തിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോഴും ഗവണ്‍മെന്റ് അത്തരം പ്രശ്‌നമൊന്നും ഈ രാജ്യത്തില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
ഇന്റീരിയര്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന ഗൊഹര്‍ എജാസ് (Gohar Ejaz) അല്‍ജസീറയോട് പറഞ്ഞതും അത്തരത്തിലൊരു നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നായിരുന്നു. അതിനെക്കുറിച്ച് ഒരറിവും ഇല്ലെന്നും, അത് ഇന്റീരിയര്‍ മന്ത്രാലയത്തിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്നും എജാസ് ഒരു വാട്‌സാപ് സന്ദേശത്തിലൂടെ അല്‍ജസീറയോട് പറഞ്ഞിരുന്നു. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള മുര്‍ട്ടാസ സോളങ്കി (Murtaza Solangi) തങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെന്നും അല്‍ജസീറ പറയുന്നു.
വിപിഎന്‍ നിരോധിച്ചു
ചൈനയിലും ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടെങ്കിലും അവിടെ വെര്‍ച്വല്‍ നെറ്റ്‌വര്‍ക് പ്രോട്ടോക്കോള്‍ (വിപിഎന്‍) സേവനങ്ങള്‍ ഉപയോഗിച്ച് നിരോധിച്ച വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാറുണ്ട്. രാജ്യത്ത് എക്‌സ് നിരോധിച്ച സമയത്ത് വിപിഎനിനും പരിമിതികള്‍ ഏര്‍പ്പെടുത്തിയിരിക്കാമെന്ന് പാക്കിസ്ഥാനി വെബ്‌സൈറ്റായ നേഷന്‍.കോം.പികെ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
എന്തായാലും, ഒരാഴ്ചയ്ക്കുള്ളില്‍ എക്‌സ് പ്ലാറ്റ്‌ഫോമിനുള്ള വിലക്ക് നീക്കിക്കൊള്ളണമെന്നാണ് എസ്എച്‌സി ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് ഗവണ്‍മെന്റ് നടപ്പാക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നപ്ലാറ്റ്‌ഫോം ആണ് എക്‌സ്. മസ്‌ക് ആണെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന ആളുമാണ്.