ആപ് സ്റ്റോറില്‍ നിന്ന് വാട്‌സാപ് നീക്കിയേക്ക് എന്ന് ചൈന; ദേ,നീക്കിയെന്നു ആപ്പിള്‍
Mail This Article
മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപും, ത്രെഡ്‌സും ചൈനയിലെ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്ന് നീക്കംചെയ്തതായി ദ് വാള്‍ സ്ട്രീറ്റ് ജേണല്‍. ഇക്കാര്യം ആപ്പിള്‍ ശരിവച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. ആപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന ആപ്മാജിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം വാട്‌സാപ്പിന്റെ എതിരാളികളായ ടെലഗ്രാമും, സിഗ്നലും ചൈനയില്‍ നീക്കംചെയ്ത ആപ്പുകളുടെ പട്ടികയില്‍ പെടും. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്നു പറഞ്ഞാണ് ആപ്പുകള്‍ നീക്കംചെയ്യാന്‍ ചൈന തങ്ങളോട് ചൈന ആവശ്യപ്പെട്ടതെന്നാണ്ആപ്പിള്‍ പ്രതികരിച്ചിരിക്കുന്നത്.
നിയന്ത്രിക്കാന്‍ സാധിക്കാത്ത വിദേശ ആപ്പുകളോടുള്ള അസഹിഷ്ണുത ചൈനയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, മെറ്റാ ആപ്പുകളായ ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയെ പുറത്താക്കേണ്ട ആപ്പുകളുടെ പട്ടികയില്‍ ചൈന ഇത്തവണ പെടുത്തിയിട്ടില്ല. യൂട്യൂബും എക്‌സ് പ്ലാറ്റ്‌ഫോമും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാമെന്നും റോയിട്ടേഴ്‌സ് പറയുന്നു.
വ്യക്തതയില്ല
വാട്‌സാപ് പോലെയുള്ള എന്‍ഡ്-ടു-എന്‍ഡ് എൻക്രിപ്റ്റഡ് ആപ്പുകള്‍ എന്തു ഭീഷണിയാണ് തങ്ങള്‍ക്ക് ഉയര്‍ത്തിയത് എന്ന കാര്യം ചൈന വ്യക്തമാക്കിയിട്ടില്ല. ആപ്പുകള്‍ നീക്കംചെയ്യണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടത് സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന ആണെന്ന് ആപ്പിള്‍ പറഞ്ഞു. ഉത്തരവിനോട് യോജിപ്പില്ലെങ്കിലും, തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ആപ്പിള്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇത്തരം നീക്കങ്ങള്‍ ഏതു ഗവണ്‍മെന്റ് നടത്തിയാലും തങ്ങള്‍ക്ക് അനുസരിക്കേണ്ടതായി വരും എന്ന് സ്പഷ്ടമാക്കിയിരിക്കുകകൂടിയാണ് ആപ്പിള്‍. പുതിയ സംഭവവികാസത്തെക്കുറിച്ച് പ്രതികരിക്കാന്‍ മെറ്റാ വിസമ്മതിച്ചു.
വലിയ പ്രചാരമൊന്നുമില്ല
വാട്‌സാപ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, അതടക്കം ചൈന ഇപ്പോള്‍ നിരോധിച്ച നാല് ആപ്പുകള്‍ക്കും ആ രാജ്യത്ത് വലിയ പ്രചാരമൊന്നുമില്ല. ചൈനയിലെ സമൂഹ മാധ്യമ രംഗം അടക്കിവാഴുന്നത് ടെന്‍സന്റ് കമ്പനിയുടെ വീചാറ്റ് ആണ്. നിരോധിച്ച നാല് ആപ്പുകളും ഉപയോഗിക്കുന്നചൈനക്കാര്‍ക്ക് വിപിഎന്‍ അല്ലെങ്കില്‍ ഏതെങ്കിലും പ്രോക്‌സി ഉപയോഗിച്ചേ മതിയാകുമായിരുന്നുള്ളു.
അല്ലാത്തവര്‍ക്ക് ഇവ നാലും ചൈനയുടെ 'ഗ്രേറ്റ് ഫയര്‍വാളില്‍' തട്ടി കിടക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി ചൈന പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനമാണ് ഗ്രേറ്റ് ഫയര്‍വാള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ആപ്പുകളെല്ലാംഇപ്പോഴും ചൈനയുടെ അഡ്മിനിസ്‌ട്രേറ്റിവ് മേഖലകളായ ഹോങ്കോങിലും, മക്കാവുവിലും ലഭ്യമാണ്.
റജിസ്റ്റര്‍ ചെയ്യാത്തതോ കാരണം?
ചൈനീസ് ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പറഞ്ഞത്, രാജ്യം കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമം അനുസരിക്കാത്തത് ആയിരിക്കാം ആപ്പുകള്‍ നീക്കംചെയ്യാന്‍ ഇടവരുത്തിയത് എന്നാണ്. ആ നിയമം പ്രകാരം ചൈനയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആപ്പുകളെല്ലാം രാജ്യത്ത് റജിസ്റ്റര്‍ചെയ്തിരിക്കണം. അല്ലെങ്കില്‍ നീക്കം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതാദ്യമായല്ല ആപ്പിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്ന് ചൈനയുടെ നിര്‍ദ്ദശം അനുസരിച്ച് ആപ്പുകള്‍ നീക്കംചെയ്യുന്നത്. ന്യൂ യോര്‍ക് ടൈംസ് ന്യൂസ് ആപ്പ് 2017ല്‍ ആപ്പിള്‍ നീക്കംചെയ്തിരുന്നു.
ആന്‍ഡ്രോയിഡ് 15ല്‍ ആന്റി-വൈറസും?
ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പില്‍ ആന്റി-വൈറസ് ഉള്‍പപെടുത്തിയേക്കുമെന്ന് ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വ്യക്തമായ സൂചന ആന്‍ഡ്രോയിഡ് 15 ബീറ്റയില്‍ ഇപ്പോള്‍ കാണാം.
തങ്ങളുടെ എഐ ഗൂഗിള്‍ ജെമിനിയെക്കാള്‍ കേമമെന്ന് മെറ്റാ
ലാമാ 3 (Llama 3) ലാര്‍ജ് ലാംഗ്വെജ് മോഡല്‍ ശക്തിപകരുന്ന തങ്ങളുടെ മെറ്റാ എഐ ഗൂഗിളിന്റെ ജെമിനൈ തുടങ്ങിയ അസിസ്റ്റന്റുകളെക്കാള്‍ മികച്ച പ്രകടനം നടത്താന്‍ ശേഷി ആര്‍ജ്ജിച്ചെന്ന് കമ്പനി. ഓപ്പണ്‍-സോഴ്‌സ് ജനറേറ്റിവ് എഐ അസിസ്റ്റന്റ ആണ് ഇത്. ലാമാ 3 ഇപ്പോള്‍ 8ബി, 70ബി എന്നീരണ്ടു പാരമീറ്ററുകളില്‍ ലഭ്യമാണ്.
ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐയുടെ ജിപിറ്റി-4നെ വെല്ലാന്‍ സാധിച്ചിട്ടില്ലെങ്കിലും, ജിപിറ്റി-3.5നെക്കാള്‍ മികവ് ആര്‍ജ്ജിച്ചു കഴിഞ്ഞു എന്നും മെറ്റാ അവകാശപ്പെട്ടു. മെറ്റാ എഐ ഇന്ത്യയില്‍ ചില വാട്‌സാപ് ഉപയോക്താക്കള്‍ക്കു മാത്രമാണ് ഇപ്പോള്‍ലഭ്യമാക്കിയിരിക്കുന്നത്.
ചാറ്റ്ജിപിറ്റി ഉള്‍പ്പെടുത്തിയ നതിങ് 'ഇയര്‍' വരുന്നു
നതിങ് കമ്പനിയുടെ ഇയര്‍ഫോണ്‍ ശ്രേണിയാണ് ഇയര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. പുതിയ രണ്ടു മോഡലുകള്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിച്ചേക്കും. ഇവയില്‍ എഐ ഇന്റഗ്രേഷന്‍ നടത്തിയിരിക്കുകയാണ് കമ്പനി. പുതിയ നതിങ്ഓഎസുമായി ബന്ധിപ്പിക്കുമ്പോഴാണ് ചാറ്റ്ജിപിറ്റി പ്രവര്‍ത്തിപ്പിക്കാന്‍സാധിക്കുക. എന്നു പറഞ്ഞാല്‍ നതിങ് ഫോണും വേണ്ടിവന്നേക്കുമെന്നാണ് സൂചന.
അതോ നതിങ് ഇയറിന്റെ കംപാനിയന്‍ ആപ്പ് മതിയോ ചാറ്റ്ജിപ്റ്റി പ്രവര്‍ത്തിപ്പിക്കാന്‍ എന്ന കാര്യത്തില്‍ അല്‍പ്പം വ്യക്തതക്കുറവുണ്ട്. നതിങ് ഇയറിന് 11,999 രൂപയാണ് വില. ഇയര്‍ (എ) 7,999 രൂപയ്ക്കായിരിക്കും വില്‍ക്കുക. ഇവ രണ്ടും ഏപ്രില്‍ മാസത്തില്‍ തന്നെ ഫ്‌ളിപ്കാര്‍ട്ടില്‍വില്‍പ്പനയ്‌ക്കെത്തും. തുടക്ക ഓഫറുകളും ഉണ്ടാകുമെന്നാണ് സൂചന.
270 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമായി നെറ്റ്ഫ്‌ളിക്‌സ് കുതിപ്പ്
പ്രമുഖ കണ്ടെന്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് 2024ലും കുതിപ്പ്. ഏകദേശം 9.3 ദശലക്ഷം ഉപയോക്താക്കളെയാണ് ഈ വര്‍ഷം അധികമായി ലഭിച്ചിരിക്കുന്നത്. ഇതോടെ ഏകദേശം 270 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഇപ്പോള്‍ കമ്പനിക്കുള്ളതെന്ന് എപി.
ടെക്‌സസിലെ ചെറുപട്ടണത്തിലെ ജലവിതരണ സംവിധാനത്തിനു നേരെ സൈബര്‍ ആക്രമണം
അമേരിക്കയിലെ ടെക്‌സസിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ചെറുപട്ടണത്തിലെ ജലവിതരണ സംവിധാനത്തിനു നേരെ സൈബര്‍ ആക്രമണം നടന്നു എന്ന് എപി. റഷ്യന്‍ ഹാക്വിസ്റ്റ് ഗ്രൂപ്പ് ആയിരിക്കാം ഇതിനു പിന്നിലെന്നാണ് നിഗമനം. അമേരിക്കയില്‍ ഇങ്ങനെ നടന്നുവരുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്.
പുതിയ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് ഡെല്‍
തങ്ങളുടെ ലാറ്റിറ്റിയൂഡ്, പ്രിസിഷന്‍ ശ്രേണികളില്‍ പുതിയ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡെല്‍. ഒട്ടനവധി നൂതന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ പ്രീമയം ലാപ്‌ടോപ് ആയ ഡെല്‍ ലാറ്റിറ്റിയൂഡ് 9450 ടു-ഇന്‍-1 മോഡലിന്റെ തുടക്ക വേരിയന്റിനു വില 2,60,699 രൂപ. ലാറ്റിറ്റിയൂഡ് ഡിറ്റാച്ചബ്ള്‍ ശ്രേണിയുടെ വില തുടങ്ങുന്നത് 1,73,999 രൂപ മുതലാണ്. ലാറ്റിറ്റിയൂഡ് 5450 ശ്രേണിയുടെ തുടക്ക വില 1,10,999 രൂപ ആയിരിക്കും. പ്രിസിഷന്‍ 5490 ശ്രേണിയുടെ വില ആരംഭിക്കുന്നത് 2,19,999 രൂപ മുതല്‍.