ശാസ്ത്രത്തിൽ ലോകശ്രദ്ധ നേടുമോ ഇന്ത്യ; ചെലവഴിക്കുന്നത് ജിഡിപിയുടെ 0.64 ശതമാനം
Mail This Article
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ്.വിജയികൾ ആരായാലും അവർ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയുടെ സാരഥ്യമാണ് ഏറ്റെടുക്കുന്നത്.ഈ ദശാബ്ദം അവസാനിക്കുന്നതോടെ ഇന്ത്യ യു.എസിനും ചൈനയ്ക്കും മാത്രം പിന്നിലാകുന്ന മൂന്നാമത്തെ സമ്പദ്ഘടനയായി മാറുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ലോക പ്രസിദ്ധ സയൻസ് ജേണലായ നേച്ചർ അടുത്തിടെയെഴുതിയ തങ്ങളുടെ മുഖപ്രസംഗത്തിൽ ഉന്നയിക്കുന്ന പ്രസക്തമായ ഒരു ചോദ്യമുണ്ട്. സാമ്പത്തിക ശേഷിയിലെ മുന്നേറ്റത്തിനൊപ്പം ശാസ്ത്ര മേഖലയിൽ ലോകത്തിലെ ശക്തി കേന്ദ്രമാകാൻ ഇന്ത്യയ്ക്കു സാധിക്കുമോ?
പുതിയ സർക്കാരിനു മുന്നിൽ ഉയർത്തപ്പെടുന്ന വെല്ലുവിളിയാണിതെങ്കിലും തികച്ചും അസാധ്യമല്ലാത്ത, ഭാവിയിൽ നേടിയെടുക്കാവുന്ന ഒരു ലക്ഷ്യമായി ഈ തിരഞ്ഞെടുപ്പുകാലത്ത് നമ്മെ ഓർമിപ്പിക്കുകയാണ് നേച്ചർ ജേണൽ ചെയ്യുന്നത്.അടിസ്ഥാന ശാസ്ത്ര ഗവേഷണത്തെ അവഗണിക്കുകയും ഗവേഷണമേഖലയുടെ ജീവവായുവായ സ്വയം ഭരണാധികാരം നിഷേധിക്കുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യയിലെ മാറിമാറി വരുന്ന സർക്കാരുകൾ അവലംബിച്ചിട്ടുള്ളതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്.
ഗവേഷണ ഫണ്ടിന്റെ അപര്യാപ്തതയെന്ന മറ്റൊരു പ്രശ്നത്തെപുതിയ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സാമ്പത്തിക ശേഷിയിൽ മുൻ നിരയിലുള്ള രാജ്യങ്ങൾ ചെയ്യുന്നതു പോലെ ബിസിനസ് - വ്യവസായ സ്ഥാപനങ്ങളെ ഗവേഷണ -വികസനമേഖലയിൽ ( Research & Development - R & D) കൂടുതലായി ഭാഗമാക്കുക എന്ന നയമായിരിക്കുമോ പുതിയ ഗവൺമെന്റ് സ്വീകരിക്കുക എന്നതും ശാസ്ത്രലോകം ഉറ്റുനോക്കുന്നു. അങ്ങനെയാണെങ്കിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യയുടെ കുതിച്ചു ചാട്ടത്തിന് അതു വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് നേച്ചർ ജേണലിൻ്റെ മുഖപ്രസംഗം പങ്കുവയ്ക്കുന്നത്.
നേട്ടങ്ങൾ നിരവധി, പണം ജാസ്തി
ഇന്ത്യാ ഗവൺമെന്റിന്റെ കണക്കുകളനുസരിച്ച് 2021-22 വർഷത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് ഇന്ത്യയിലുള്ളത്. താങ്ങാവുന്ന വിലയിൽ ലോകത്തിനു മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിൽ വാക്സീനുകളും ഔഷധങ്ങളും സംഭാവന ചെയ്ത് ഇന്ത്യയുടെ ഔഷധ മേഖല ലോകത്തിൻ്റെ ശ്രദ്ധ നേടിയിരുന്നു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തിയ നാലാമത്തെ രാജ്യമായും, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് ലാൻഡ് ചെയ്ത ആദ്യത്തെ രാജ്യമായും ഇന്ത്യ മാറിയത് കഴിഞ്ഞ വർഷമായിരുന്നല്ലോ? റിമോട്ട് സെൻസിങ്ങ് ഉപഗ്രഹങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ വൃന്ദവും ഇന്ത്യയുടേതാണ്.
ഗവേഷണ ഉത്പാദനത്തിൻ്റെ അളവിൻ്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ യു.എസും ചൈനയും മാത്രമാണുള്ളത്.2014 മുതൽ 2021 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ സർവകലാശാലകളുടെ എണ്ണം 760-ൽ നിന്ന് 1113 ആയി ഉയർന്നു.കഴിഞ്ഞ ദശാബദ് ത്തിൽ പുതിയ 7 ഐ.ഐ.റ്റികൾ കൂടി വന്നതോടെ മൊത്തം എണ്ണം 23 ആയി.
ഇതേ കാലയളവിൽ 2 പുതിയ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആന്റ് റിസർച്ച് കൂടി സ്ഥാപിതമായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ മാറിമാറി വന്ന സർക്കാരുകളുടെ പ്രവർത്തനങ്ങളുടെ ആകെ നേട്ടമായി ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ വിവരിക്കാമെങ്കിലും ഈ നേട്ടങ്ങൾ കൊയ്തെടുക്കാൻ ഗവൺമെൻ്റുകൾ ചിലവഴിച്ച തുക പരിശോധിച്ചാൽ നമ്മുടെ രാജ്യം പിറകിലാണെന്നു കാണാം. കേന്ദ്ര സർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് ഗവേഷണത്തിനും വികസനത്തിനുമായി ( R&D ) 2020-21 വർഷത്തിൽ രാജ്യം ചിലവിട്ടത് ജി.ഡി.പി യുടെ കേവലം 0.64 ശതമാനം മാത്രമാണ്.
സയൻസിൽ മുന്നേറണമെങ്കിൽ പുതുതായി വരുന്ന സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി
R & D ക്കായി മാറ്റിവെയ്ക്കുന്ന തുക ഉയർത്തുകയും അത് കൃത്യമായ ലക്ഷ്യങ്ങൾക്കായി ചിലവഴിക്കുകയും ചെയ്യുകയാണ്. ഉയർന്ന ദേശീയ വരുമാനമുള്ള 38 OECD രാജ്യങ്ങൾ 2022 വർഷത്തിൽ ഗവേഷണത്തിനും വികസനത്തിനുമായി ചിലവഴിച്ചത് ജി.ഡി.പിയുടെ 2.7 ശതമാനവും ,ചൈനയുടെ ചിലവ് 2.4 ശതമാനവുമായിരുന്നുവെന്ന കണക്കുകൾ കൂടി ഓർക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കണക്കനുസരിച്ച് 1991-ൽ സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പിലാക്കിയ ഇന്ത്യയിൽ ശാസ്ത്രവികസന മേഖലയിൽ ചെലവഴിക്കുന്ന തുക വർധിച്ചുവരികയും 2009-10 കാലഘട്ടത്തിൽ അത് ജി.ഡി.പിയുടെ 0.82 ശതമാനം വരെ എത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.
ഗവേഷണ- വികസനത്തിന് ആര് പണം നൽകും?
ശാസ്ത്ര മേഖലയിൽ ഇന്ത്യ ചിലവഴിക്കുന്ന പണത്തിന്റെ 60 ശതമാനവും പൊതുമേഖലയിൽ നിന്നാണ്. അതായത് കേന്ദ്ര, സംസ്ഥാന സർക്കാരുകളും സർവകലാശാലകളും മാറ്റി വയ്ക്കുന്ന പണം. സ്വകാര്യമേഖലയുടെ സംഭാവന 40 ശതമാനം മാത്രമാണ്.2022-ൽ OECD രാജ്യങ്ങളിൽ സ്വകാര്യമേഖല ചിലവഴിച്ചത് മൊത്തം R & D ഫണ്ടിന്റെ 74 ശതമാനമായിരുന്നു എന്നതു ചേർത്തുവായിക്കുക. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഇത് 66 ശതമാനമാണ്. നിർമ്മാണമേഖല, വിവര സാങ്കേതികവിദ്യ, ഔഷധ നിർമ്മാണം തുടങ്ങിയ നിരവധി മേഖലകളിൽ നിരവധി ആഗോള കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യ വികസനത്തിലും ഇവർ എത്ര മാത്രം പണം ചിലവഴിക്കുമെന്നത് വരും കാലങ്ങളിൽ നിർണായകമായിരിക്കും.
2023 ആഗസ്റ്റിൽ ഇന്ത്യൻ പാർലമെന്റ് , അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ( ANRF) സ്ഥാപിച്ചുകൊണ്ടുള്ള ബിൽ പാസാക്കിയിരുന്നു. ഭാവിയിൽ ശാസ്ത്ര മേഖലയിൽ ധനസഹായം നൽകുന്ന സംവിധാനം ANRF ആയിരിക്കും. വരുന്ന 5 വർഷം കൊണ്ട് സർവകലാശാലകൾക്കും ലബോറട്ടറികൾക്കുമായി ഏകദേശം 500 ബില്യൺ രൂപ വിതരണം ചെയ്യുകയാണ് ഫണ്ടിന്റെ ദൗത്യം.ഇതിൽ 70 ശതമാനവും സ്വകാര്യ മേഖലയിൽ നിന്നായിരിക്കുമത്രേ! .എന്തായാലും ശാസ്ത്രമേഖലയിൽ പൊതു, സ്വകാര്യ മേഖലകൾ നിക്ഷേപിക്കുന്ന തുകയാണ് സാമ്പത്തിക രംഗത്തിന് കുതിപ്പു നൽകാൻ പോകുന്നത്. അതു വഴി സമൂഹവും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുമെന്നാണ് വിദഗ്ദാഭിപ്രായം.
അതിനാലാണ് ലോകത്തിൽ സാമ്പത്തികമായി മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾ തങ്ങളുടെ ബഡ്ജറ്റുകളിൽ ശാസ്ത്ര മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നത്. ഗവേഷണ വികസന പ്രവർത്തനങ്ങളിലുള്ള നിക്ഷേപം ശരിയായി വിനിയോഗിച്ചാൽ ഒരിക്കലും പാഴാവില്ലെന്ന തിരിച്ചറിവാവണം ജൂൺ ആദ്യ ആഴ്ചയിൽ ഇന്ത്യയിൽ വിജയം കൈവരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ടാവേണ്ടതെന്നും നേച്ചർ ജേണൽ തങ്ങളുടെ എഡിറ്റോറിയലിൽ പറഞ്ഞു വെയ്ക്കുന്നുണ്ട്.
(മണ്ണുത്തി വെറ്ററിനറി കോളജ് അസി. പ്രൊഫസറാണ് ലേഖകൻ)