ADVERTISEMENT

അമേരിക്കയില്‍ കഴിഞ്ഞ ഏതാനും മാസത്തെ കണക്കുവച്ച് ഐഫോണിനേക്കാള്‍ കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ വിറ്റഴിഞ്ഞിരിക്കുന്നു എന്ന് അപ്രതീക്ഷിത റിപ്പോര്‍ട്ട്. അതേപോലെ കൊട്ടിഘോഷിച്ചെത്തിയ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്‌സെറ്റിന്റെ കാര്യത്തിലും ആരംഭത്തില്‍ ഉണ്ടായിരുന്ന ജ്വരം അടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഐഫോണ്‍ നിര്‍മാതാവ് ആപ്പിള്‍ അവതരിപ്പിച്ച ഏറ്റവും നൂതനമായ ഉപകരണമാണ് വിഷന്‍ പ്രോ എന്ന പേരില്‍ അറിയപ്പെടുന്ന മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ്. 

തുടക്കത്തില്‍ നല്ല വില്‍പ്പന കാണിച്ച വിഷന്‍ പ്രോയുടെ ബാക്കിയിരിക്കുന്ന സ്‌റ്റോക്ക് വിറ്റഴിക്കാന്‍ ആപ്പിള്‍ ആയാസപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതത്രെ. ഈ ഉപകരണത്തിന്റെ ഡെമോ കാണാന്‍ എത്തിയിരുന്നവരുടെ എണ്ണം പോലും ഇപ്പോള്‍ കുറഞ്ഞു എന്ന് ബ്ലൂംബര്‍ഗിന്റെ മാര്‍ക ഗുര്‍മന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

vision-pro-1 - 1

പ്രതീക്ഷിച്ച വില്‍പ്പന ഉണ്ടായേക്കില്ല

കഴിഞ്ഞ മാസം ദിവസവും രണ്ട് വിഷന്‍ പ്രോ ഒക്കെ വില്‍ക്കാന്‍ ആപ്പിളിന് സാധിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ അത് ആഴ്ചയില്‍ ഏതാനും എണ്ണം എന്നായി കുറഞ്ഞു എന്നാണ് തനിക്കു ലഭിക്കുന്ന അറിവെന്ന് ഗുര്‍മന്‍ പറഞ്ഞു. അതേസമയം, തുടക്കത്തില്‍ കണ്ട വിഷന്‍ പ്രോ ഭ്രമം മുതലാക്കാന്‍ ആപ്പിളിന് നല്ലതുപോലെ സാധിച്ചിട്ടുമുണ്ട്.

മറ്റൊരു വിശകലന വിദഗ്ധനായ മിങ്-ചി കുവോയുടെ റിപ്പോര്‍ട്ട് പ്രകാരം ആപ്പിളിന് ഇതുവരെ ഏകദേശം 400,000-450,000 എണ്ണം വില്‍ക്കാന്‍ സാധിച്ചിട്ടുണ്ടാകാം. എന്നാല്‍, ഹെഡ്‌സെറ്റ് പുറത്തിറക്കുന്ന സമയത്ത് പ്രവചിച്ചിരുന്നത് 700,000-800,000 എണ്ണം എങ്കിലും വിറ്റേക്കുമെന്നായിരുന്നു. അത് ഇനി നടന്നേക്കില്ലെന്ന് കുവോയും പറയുന്നു. അതേസമയം, വിഷന്‍ പ്രോയുടെ പരസ്യങ്ങള്‍ നല്‍കുന്നത് ആപ്പിള്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

Image Credit: Apple
Image Credit: Apple

വിഷന്‍ പ്രോ ഉപയോക്താക്കളുടെ അനുഭവം എന്ത്?

ആപ്പിള്‍ വിഷന്‍ പ്രോ വിറ്റിരുന്നത് അതു വാങ്ങി ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ടില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കാം എന്നു പറഞ്ഞായിരുന്നു. ഇത് ധാരാളം പേര്‍ മുതലെടുത്തു. താന്‍യൂട്യൂബ് വിഡിയോ കാണാനായി തുടക്കത്തില്‍ വിഷന്‍ പ്രോ ഉപയോഗിച്ചിരുന്നു എന്നും, എന്നാല്‍ അത് ദിവസവും ഉപയോഗിക്കാനുള്ള ഒതുക്കം ഒന്നുമില്ലാത്ത (unwieldy) ഉപകരണമാണെന്ന് ഗുര്‍മനും സാക്ഷ്യപ്പെടുത്തുന്നു. ഓരോതവണയും ബാറ്ററി പിടിപ്പിച്ച്, ബൂട്ട്-അപ് നടത്തി ഇന്റര്‍ഫെയ്‌സില്‍നാവിഗേറ്റ് ചെയ്ത്, അത് ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഗുര്‍മന്‍ പറയുന്നു. 

മറ്റ് വിമര്‍ശനങ്ങള്‍

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

വിഷന്‍ പ്രോ ഉപയോഗിക്കുന്ന ആളുടെ യഥാര്‍ത്ഥ ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു എന്നും വിഷന്‍ പ്രോയ്‌ക്കെതിരെ വിമര്‍ശനമുണ്ട്. പൊതുസ്ഥലത്ത് ഈ ഹെഡ്‌സെറ്റുമണിഞ്ഞ് എത്തിയവരെക്കുറിച്ചുള്ള വിഡിയോകള്‍വരെ വ്യാപകമായി പ്രചരിച്ചിരുന്നല്ലോ. വിഷന്‍ പ്രോയെക്കുറിച്ച് പൊതുവെയുളള പ്രതികരണങ്ങള്‍ ഇങ്ങനെ ചുരുക്കാം: അതിഗംഭീരം! പക്ഷെ, വല്ലപ്പോഴും ഉപയോഗിക്കാന്‍ പോകുന്ന ഹെഡ്‌സെറ്റിന് 3500 ഡോളര്‍ മുടക്കുന്നതില്‍ അര്‍ത്ഥമില്ല. അതേസമയം, വിഷന്‍ പ്രോ ഒരു ആദ്യ തലമുറ ഉപകരണമാണ്. അടുത്ത തലമുറ ഹെഡ്‌സെറ്റ് സാരമായ മാറ്റങ്ങളുമായി എത്തിയേക്കാം. 

ആന്‍ഡ്രോയിഡിന്റെ ഐഫോണ്‍ വധം ആട്ടക്കഥ

വിഷന്‍ പ്രോ വില്‍പ്പനയുടെ പ്രശ്‌നം അവിടെ നില്‍ക്കട്ടെ. അമേരിക്കയിലെ ഐഫോണ്‍ വില്‍പ്പനയെക്കുറിച്ച് കണ്‍സ്യൂമര്‍ ഇന്റലിജന്‍സ് റീസേര്‍ച് പാര്‍ട്‌നേഴ്‌സ് (സിഐആര്‍പി) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഐഫോണ്‍ വില്‍പ്പനയിലുള്ള ഇടിവ് ആപ്പിളിന് കൂടുതല്‍ ഉൽകണ്ഠ പരത്തുന്ന ഒന്നാണ് എന്നാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കണ്ടതില്‍ ഏറ്റവും കുറഞ്ഞ ഐഫോണ്‍ ആക്ടിവേഷനാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് സംഖ്യകള്‍ സംസാരിക്കുന്നത് ഇങ്ങനെ:

സിഐആര്‍പി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 9ടു5മാക് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്, 2023 ആദ്യ രണ്ടു പാദങ്ങളില്‍ ഐഫോണ്‍ ആക്ടിവേഷന്‍ 40 ശതമാനമായിരുന്നു എന്നാണ്. ഇത് ആരോഗ്യകരമായ ഒരു സംഖ്യയാണ്. എന്നാല്‍, അതിനു ശേഷമുള്ള 2024 ആദ്യ പാദം വരെയുള്ള കണക്കു പ്രകാരം, ആക്ടിവേഷന്‍ 33 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ഇതു കാണിക്കുന്നത് ഇപ്പോള്‍ അമേരിക്കയില്‍ വില്‍ക്കുന്ന മൂന്നില്‍ ഒന്ന് ഫോണുകളും ആന്‍ഡ്രോയിഡ് ഓഎസില്‍ പ്രവര്‍ത്തിക്കുന്നവയാണ് എന്നാണ്. ഇത് 2017നു ശേഷംസംഭവിക്കാത്ത ഒരു കാര്യമാണെന്ന് റിപ്പോര്‍ട്ട് ചുണ്ടിക്കാണിക്കുന്നു. 

ഐഫോണ്‍ വില്‍പ്പന ഇടിയാനുള്ള കാരണങ്ങള്‍

Iphone-13 - 1

സിഐആര്‍പി പറയുന്നത് ഐഫോണിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ആപ്പിളിന്റെ ശ്രമം ഒക്കെ നല്ലതു തന്നൊയണ് എന്നാണ്. പക്ഷെ, ശ്രദ്ധേയമായ പുതിയ ഫീച്ചറുകളൊന്നും പുതിയ ഫോണുകളില്‍ കാണാനില്ല. നൂതനത്വം കൊണ്ടുവരുന്നതില്‍ആപ്പിള്‍ എടുത്തുപറയത്തക്ക മുന്നേറ്റം നടത്തുന്നില്ല. വില വര്‍ദ്ധനയാണ് മറ്റൊന്ന്. വില ഉയര്‍ന്നുയര്‍ന്നു പോകുന്നതോടെ, ഒരോ വര്‍ഷവും അല്ലെങ്കില്‍ ഈ രണ്ടു വര്‍ഷം കൂടുമ്പോഴെങ്കിലും പുതിയൊരു ഹാന്‍ഡ്‌സെറ്റ് വാങ്ങണം എന്ന തോന്നലൊക്കെ പലരും അടക്കി വയ്ക്കുന്നു. തത്കാലംപഴയ ഫോണ്‍ മതി എന്നു തീരുമാനിക്കുന്നു. ഈ ട്രെന്‍ഡ് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ കാണാനില്ലെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 

ആപ്പിളിന് ഏറ്റവും പ്രധാനപ്പെട്ട അമേരിക്കന്‍ മാര്‍ക്കറ്റില്‍ ആക്ടിവേഷനുകള്‍ കുറയുന്നത് കടുത്തു വെല്ലുവിളി തന്നെയാണ്. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍, പല തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, പല വിലയ്ക്കായി, നിരവധി തരം ഫോണുകള്‍ വില്‍ക്കുന്നു. ഇത്തരം ഫോണുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതോടെ ആപ്പിള്‍ പ്രതിസന്ധി നേരിടുന്നു, എന്ന് റിപ്പോര്‍ട്ട് പറയുന്നു. പുതിയ എന്തങ്കിലും തന്ത്രം മെനഞ്ഞു വേണം ഇനി ആപ്പിളിന് മാര്‍ക്കറ്റ് തിരിച്ചുപിടിക്കാന്‍. 

ശ്രദ്ധേയവും, ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദവുമായ നൂതന ഫീച്ചറുകള്‍ അവതരിപ്പിക്കുക എന്നത് ഒരു ഉപായമായിരിക്കും. ഫോണുകളുടെ വിലയിടല്‍ രീതി മാറ്റുന്നതും, അമേരിക്കയിലെ അപ്‌ഗ്രേഡ് പോളിസിയില്‍മാറ്റംവരുത്തുന്നതും ഗുണംചെയ്‌തേക്കും. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിലെ അജയ്യമായ സാന്നിധ്യങ്ങളില്‍ ഒന്നായി ആപ്പിള്‍ തത്കാലം തുടരുമെങ്കിലും, ആഗോള തലത്തിലും ആന്‍ഡ്രോയിഡിന്റെ ആധിപത്യം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പറയുന്നു. 

റെഡ്മി നോട്ട് 13 പ്രോ പ്ലസ് വേള്‍ഡ് ചാംപ്യന്‍സ് എഡിഷന്‍ എപ്രില്‍ 30ന് അവതരിപ്പിക്കും

സ്‌പെഷ്യല്‍ എഡിഷന്‍ ഫോണായ റെഡ്മി നോട്ട് 13 പ്രോ പ്ലസ് വേള്‍ഡ് ചാംപ്യന്‍സ് എഡിഷന്‍ എപ്രില്‍ 30ന് ഇന്ത്യയില്‍ അവതരിപ്പിക്കും: 

ഡേറ്റിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ ഡേറ്റ വിറ്റേക്കാം

ടിന്‍ഡര്‍, ഹിഞ്ജ്, ബംബിള്‍ തുടങ്ങിയ ഡേറ്റിങ് ആപ്പുകള്‍ ഉപയോക്താക്കളുടെ ഡേറ്റ വില്‍ക്കുന്നുണ്ടാകാമെന്ന സൂചന നല്‍കിയിരിക്കുന്നത്, ഫയര്‍ഫോക്‌സ് ബ്രൗസര്‍ നിര്‍മ്മാതാവ് മോസില ഫൗണ്ടേഷന്‍ ആണ്. 

പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും ജെമിനി

തങ്ങളുടെ നിര്‍മിത ബുദ്ധി സജ്ജീകരണമായ ജെമിനി ഗൂഗിള്‍ പഴയ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും എത്തിക്കും. കുറഞ്ഞത് 4ജിബി റാം എങ്കിലും ഉള്ള ഫോണുകളില്‍ പ്രതീക്ഷിക്കാമെന്നാണ് ആന്‍ഡ്രോയിഡ് പൊലിസ് നല്‍കുന്ന സൂചന. ആന്‍ഡ്രോയിഡ് 10 ല്‍ വരെ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഇത് ലഭിച്ചേക്കും:

Image Credit: google
Image Credit: google

ആം-കേന്ദ്രീകൃത ചിപ്പുമായി ക്വാല്‍കം

സ്‌നാപ്ഡ്രാഗണ്‍ എക്‌സ് പ്ലസ് എന്ന പേരില്‍ ലാപ്‌ടോപ്പുകള്‍ക്കായി പുതിയ ആം-കേന്ദ്രീകൃത ചിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ക്വാല്‍കം കമ്പനി. ന്യൂറല്‍ പ്രൊസസിങ് യൂണിറ്റ് അടക്കം ഇതിലുണ്ട്. 

English Summary:

Apple Vision Pro sales are so weak that Apple is already slashing its forecasts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com