മാപ്പ്..മാപ്പ്..പരസ്യം കെണിയായി, ക്ഷമ ചോദിച്ച് ആപ്പിൾ ; 'ആ പൊളിക്കൽ അത്ര ഇഷ്ടമായില്ല'
Mail This Article
നിരവധി പുതിയ സവിശേഷതകളുമായി ഐപാഡ് പ്രോ കഴിഞ്ഞദിവസം ആപ്പിൾ പുറത്തിറക്കിയിരുന്നു .35 മിനിറ്റുകൾ മാത്രം നീണ്ടുനിന്ന ലെറ്റ് ലൂസ് ഇവന്റ് ഉണ്ടാക്കിയ ഹൈപ് കൂട്ടാനായി, ആപ്പിൾ ഒരു പരസ്യവും പിന്നാലെ പുറത്തിറക്കി. ഒരു പിയാനോ, ഓഡിയോ പ്ലേയര്‍, വിഡിയോ ഗെയിം, പുസ്തകം, ഒരു പെയിന്റ് ക്യാൻ പോലും ഹൈഡ്രോളിക് പ്രസിൽ തകർക്കുന്ന കാഴ്ചയാണ് ആരാധകരെ ഞെട്ടിച്ചത്.
ഐപാഡിന്റെ സർഗാത്മകതയെ ആഘോഷിക്കുന്നതിനായി മറ്റുള്ള മാർഗങ്ങളെ തകർക്കുന്നതായി കാണിക്കുന്ന അത്ര നല്ലതല്ലെന്ന നിലപാടോടെ സെലബ്രിറ്റികളുൾപ്പടെയുള്ളവർ രംഗത്തിറങ്ങി. ഏറ്റവും പുതിയ ഐപാഡിലേക്ക് സർഗ്ഗാത്മകത എങ്ങനെ കംപ്രസ്സുചെയ്‌തുവെന്ന് കാണിക്കുന്നതാണ് വിഡിയോ ഉദ്ദേശിച്ചതെന്നൊക്കെ പറഞ്ഞെങ്കിലും സർഗാത്മകതയെ എങ്ങനെ സാങ്കേതികവിദ്യ ഞെരുക്കുന്നുവെന്നതാണ് ആളുകളിലേക്കു എത്തിയതെന്നു ഒരു വിഭാഗം ആരോപിച്ചു.
സിനിമാ വ്യവസായത്തിലെ എഐയുടെ അമിത ഉപയോഗം വിമർശിക്കുന്നവരെല്ലാം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ആളുകളുടെ ജോലി ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്കളും പങ്കുവച്ചു. അതേസമയം എക്സിലെ കെപാനോ(kepano) എന്നയാൾ ഇതേ പരസ്യം റിവേഴ്സ് ചെയ്ത് അവതരിപ്പിച്ചത് നിരവധി ആളുകളാണ് ഷെയർ ചെയ്തത്. ആപ്പിൾ സിഇഒ ടിം കുക്ക് എക്സിൽ പോസ്റ്റ് ചെയ്ത പരസ്യത്തിനു താഴെ ഈ വിഡിയോ നിരവധിപ്പേർ പങ്കുവച്ചു.
അനുമതിയില്ലാതെ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ തങ്ങളുടെ കലാസൃഷ്ടികൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ചാറ്റ്ജിപിടിയും ഡാൾഇ സ്രഷ്ടാവായ ഓപ്പൺഎഐയും മറ്റ് എഐ ഭീമന്മാരും കലാകാരന്മാരിൽ നിന്നും പ്രസാധകരിൽ നിന്നും വ്യവഹാരങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പരസ്യം വന്നിരിക്കുന്നത്.