ടിഷ്യു പേപ്പർ നിർമ്മാണം: വേസ്റ്റാവാത്ത മുതൽമുടക്ക്
Mail This Article
മുൻപ് വലിയ സൽക്കാരങ്ങളിലും ഹോട്ടലുകളിലുമൊക്കെ മാത്രം കണ്ടിരുന്ന ടിഷ്യു പേപ്പർ ഇപ്പോൾ എല്ലാ വീട്ടകങ്ങളുടെയും ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. വീട്ടിലും കാറിലും ഹാൻഡ് ബാഗിലുമടക്കം ടിഷ്യു പേപ്പർ സൂക്ഷിച്ച് ഉപയോഗിക്കുന്നവരാണേറെയും. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സ്വയംസംരംഭത്തിനു സാധ്യതയുമേറി.
സംരംഭത്തെ അറിയാം
പൊതുവേ റിസ്ക് കുറഞ്ഞൊരു ബിസിനസ് ആണ് ടിഷ്യു പേപ്പർ നിർമാണവും വിൽപനയും. തികച്ചും ലളിതമായി നടത്താവുന്ന, സാങ്കേതികപ്രശ്നങ്ങൾ തീരെയില്ലാത്ത സംരംഭമാണിത്. വളരെ വേഗം ചുവടുവയ്ക്കാൻ കഴിയുന്ന ഒന്നുമാണ്. കസ്റ്റമറുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു വേണം ഇവയുടെ സ്വഭാവം നിശ്ചയിക്കാൻ. ഹോട്ടലുകൾ, ലോഡ്ജുകൾ, കേറ്ററിങ് സർവീസുകാർ, സ്റ്റേഷനറി മൊത്തവിതരണക്കാർ എന്നിവരിൽനിന്നെല്ലാം മികച്ച ഓർഡർ കിട്ടാൻ സാധ്യതയുണ്ട്. ഏറെ ജോലിക്കാർ ആവശ്യവുമില്ല. എക്സ്പയറി ഡേറ്റ് പ്രശ്നമല്ലാത്ത ഉൽപപന്നമായതിനാൽ അത്തരം ആശങ്കയും വേണ്ട. ഈ രംഗത്തു മോശമില്ലാത്ത മത്സരമുണ്ടെങ്കിലും ധാരാളം അവസരവും ആവശ്യക്കാരുമുള്ളതിനാൽ താൽപര്യമുള്ളവർ മുന്നിട്ടിറങ്ങാൻ മടിക്കേണ്ട.
അടിസ്ഥാനസൗകര്യം
ഏകദേശം എട്ടു ലക്ഷം രൂപയുടെ നിക്ഷേപത്തിൽ പൂർണസജ്ജമായൊരു സ്ഥാപനം ആരംഭിക്കാൻ കഴിയും. പേപ്പർ കൺവേർട്ടിങ് മെഷിനാണ് ഇതിനു വേണ്ട പ്രധാന മെഷിനറി. പ്രിന്റിങ് ആവശ്യമെങ്കിൽ ഒരു പ്രിന്റർകൂടി വാങ്ങി സ്ഥാപിക്കേണ്ടിവരും. ഇതിനായി പല പദ്ധതികളും ലഭ്യമാണ്. മൂന്നു തൊഴിലാളികളാണ് അത്യാവശ്യം വേണ്ടത്. ഉൽപാദനത്തിനും മാർക്കറ്റിങ്ങിനുംകൂടി മൂന്നു പേർ മതിയാകും. 800 ചതുരശ്ര അടി കെട്ടിടവും 10 HP പവറും ഒരു യൂണിറ്റിന് ആവശ്യമുണ്ട്. വാടകക്കെട്ടിടത്തിലും സ്ഥാപനം പ്രവർത്തിപ്പിക്കാം.
നിർമാണരീതി
ടിഷ്യു പേപ്പർ നിർമിക്കാൻ പേപ്പർ റോളുകളാണു വാങ്ങുന്നത്. പൊതുവിപണിയിൽ ഇതു സുലഭമായി ലഭിക്കും. ധാരാളം സ്വകാര്യ കച്ചവടക്കാരിൽനിന്നും ഇവ ലഭിക്കുന്നുണ്ട്. സോഫ്റ്റ്, ഹാർഡ്, സെമി ഹാർഡ് എന്നിങ്ങനെ വ്യത്യസ്തമായ പേപ്പർ റോളുകളുണ്ട്. വെർജിൻ പേപ്പറുകളാണു ടിഷ്യു പേപ്പർ നിർമിക്കാൻ ഉപയോഗിക്കുന്നത്. ഇവ കൊണ്ടുവന്ന് ടിഷ്യു പേപ്പർ നിർമിക്കുന്ന കൺവേർട്ടിങ് മെഷിനുമായി ഘടിപ്പിക്കുകയും അതിന്റെ ആകൃതിയും വലിപ്പവും സെറ്റ് ചെയ്യുകയും അതനുസരിച്ചു മെഷിൻ പ്രവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ നൂറിന്റെ ബണ്ടിലുകളായി ഇവ രൂപപ്പെടുത്തി പായ്ക്ക് ചെയ്തുവരുന്നു. ഇവ പായ്ക്കറ്റുകളാക്കി വിപണിയിലെത്തിക്കുന്നു.
വിപണിസാധ്യത
ഓർഡർ എടുത്തശേഷം സപ്ലൈ ചെയ്യുന്നതാണു നല്ലത്. ഹോട്ടലുകൾ, മൊത്ത വിതരണക്കാർ എന്നിവരിൽനിന്നെല്ലാം മുൻകൂട്ടി ഓർഡർ പിടിച്ച് വിൽപന നടത്താം. ക്വാളിറ്റി പേപ്പറുകൾ വേണ്ടവർക്കു പ്രീമിയം ഇനവും അല്ലാത്തവർക്ക് അതനുസരിച്ചുമുള്ള ടിഷ്യു പേപ്പർ ആണു നൽകേണ്ടത്. ടിഷ്യു പേപ്പറിൽ പ്രിന്റിങ് ആവശ്യമില്ലാത്തവർക്ക് അതേ രീതിയിൽ നൽകാം. പ്രിന്റിങ്ങും നടത്തി കൊടുക്കേണ്ടതായി വരുമ്പോൾ അതിനുള്ള സൗകര്യംകൂടി ഉണ്ടാകണം.
100 പേപ്പർ അടങ്ങിയ പായ്ക്കറ്റ് ആയാണു സാധാരണ കൊടുക്കുന്നത്. അഞ്ചു മുതൽ 25 വരെ രൂപയാണ് മൊത്തവിതരണത്തിൽ സാധാരണ വരുന്ന വില. വിതരണക്കാർ വഴിയാണെങ്കിൽ ക്രെഡിറ്റ് വിൽപനയാകാനും സാധ്യതയുണ്ട്. വികസിച്ചുവരുന്ന ഒരു വിപണിയാണ് ഇതിനുള്ളത്. കോവിഡ് മുതൽ ബിസിനസിന്റെ സാധ്യതകൾ കൂടുകയാണു ചെയ്തത്. പൊതുവേ ലാഭവിഹിതം കുറഞ്ഞ ബിസിനസ് ആണെങ്കിലും 10 മുതൽ 15 വരെ ശതമാനം അറ്റാദായം ടിഷ്യു പേപ്പർ നിർമാണത്തിൽനിന്നു ലഭിക്കാൻ വഴിയുണ്ട്.
മാതൃകാസംരംഭം
എറണാകുളം കൊങ്ങോർപ്പിള്ളി യിലെ റൈസൺ പേപ്പർ ടിഷ്യൂസ് പുതിയ സംരംഭകർക്ക് ഒരു മാതൃകയാണ്. വിമുക്തഭടനായ മനീഷ് ആണ് ഈ സംരംഭത്തിനു പിന്നിൽ. രണ്ടു സെറ്റ് മെഷിനറികൾ സ്ഥാപിച്ച് ഉൽപാദനം നടത്തി മികച്ച രീതിയിൽ സ്ഥാപനം മുന്നോട്ടുപോകുന്നു. പിഎംഇജിപി പദ്ധതിപ്രകാരം വായ്പയെടുത്താണ് അദ്ദേഹം സംരംഭം നടത്തുന്നത്. ഏകദേശം 10 ലക്ഷം രൂപയോളം അദ്ദേഹത്തിന് നിക്ഷേപമായി വന്നിട്ടുണ്ട്. ടോയ്‌ലറ്റ് റോളുകൾ കൂടി നിർമിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
(വ്യവസായ വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)