വെംബ്ലിക്കു സെഞ്ചറി; ഇംഗ്ലണ്ടിലെ വിഖ്യാത സ്റ്റേഡിയം വെംബ്ലിക്കു 100 വയസ്സ്
Mail This Article
ലോക ഫുട്ബോളിന്റെ തറവാട്’ എന്നറിയപ്പെടുന്ന ലണ്ടനിലെ വെംബ്ലി സ്റ്റേഡിയം ശതാബ്ദി പ്രഭയിൽ. എംപയർ സ്റ്റേഡിയം എന്നുകൂടി വിളിപ്പേരുണ്ടായിരുന്ന വെംബ്ലി സ്റ്റേഡിയം 1923 ഏപ്രിൽ 28നാണ് തുറന്നുകൊടുത്തത്. ലണ്ടനിൽനിന്ന് 16 കിലോ മീറ്റർ അകലെ വെംബ്ലി ഹിൽസ് ഇടിച്ചുനിരത്തിയാണു മനോഹരമായ സ്റ്റേഡിയം പണിതത്. സർ റോബർട്ട് മക്അലപിൻ ആയിരുന്നു മുഖ്യ ശിൽപി. വെറും 300 ദിവസം കൊണ്ടായിരുന്നു സ്റ്റേഡിയ നിർമാണം.
ബ്രസീലുകാർക്കു മാരക്കാന സ്റ്റേഡിയം പോലെയാണ് ഇംഗ്ലിഷുകാർക്കു വെംബ്ലി സ്റ്റേഡിയം. വെംബ്ലിയിൽ നടന്ന 1966ലെ ലോകകപ്പ് ഫുട്ബോൾ ഫൈനലിലാണ് ഇംഗ്ലണ്ട് ടീം പശ്ചിമ ജർമനിയെ തോൽപിച്ചു തങ്ങളുടെ ഒരേയൊരു ലോകകിരീടം ചൂടിയത്. ബോക്സിങ് ഇതിഹാസം മുഹമ്മദലി ഉൾപ്പെടെ ലോകതാരങ്ങളുടെ പോരാട്ടങ്ങൾക്കും ആതിഥ്യം വഹിച്ചിട്ടുള്ള വെംബ്ലി ഇന്ത്യയ്ക്കും സുവർണ ഓർമകളുടെ വേദിയാണ്. 1948 ലണ്ടൻ ഒളിംപിക്സിന്റെ മുഖ്യ വേദി വെംബ്ലിയായിരുന്നു. ആ മേളയിൽ ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയതു വെംബ്ലി സ്റ്റേഡിയത്തിലാണ്. പഴയ സ്റ്റേഡിയം പൊളിച്ച് ഇന്നു കാണുന്ന വെംബ്ലി സ്റ്റേഡിയം 2007ലാണ് തുറന്നത്.