ADVERTISEMENT

ജീവിതത്തിൽ പ്രാരബ്ധങ്ങൾ ഏറിയപ്പോഴാണ് ഒരു സർക്കാർ ജോലിയുടെ മേന്മയും ഉറപ്പും ഷഹ്ന മനസ്സിലാക്കിയത്. ഭാര്യയും രണ്ട് കുട്ടികളുടെ ഉമ്മയുമായ ഷഹ്ന ഇന്ന് സെക്രട്ടേറിയറ്റിൽ ഫിനാൻസ് വിഭാഗത്തിൽ എൽഡി ടൈപ്പിസ്റ്റാണ്. ആദ്യമെഴുതിയ എൽഡി ടൈപ്പിസ്റ്റ് പരീക്ഷയിൽ തന്നെ നാലാം റാങ്കോടെയാണ് ഷഹ്ന പാസായത്. പരിശ്രമങ്ങൾക്ക് അവധി കൊടുക്കാതെ തുടർന്നെഴുതിയ കംപ്യൂട്ടർ അസിസ്റ്റന്റ് സെക്രട്ടേറിയറ്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, വാട്ടർ അതോറിറ്റി, കമ്പനി ബോർഡ് ടൈപ്പിസ്റ്റ് പരീക്ഷകളെല്ലാം ഷഹ്ന ഉയർന്ന റാങ്കുകളോടെ സ്വന്തമാക്കി. എഴുതിയ പരീക്ഷകളിലെല്ലാം മികച്ച വിജയം നേടാൻ സാധിച്ചതിനെ കുറിച്ചു പറയുകയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി എസ്. ഷഹ്ന.

പഠിക്കാൻ സ്മാർട്ടല്ലായിരുന്ന ഷഹ്ന സർക്കാർ ജോലിയെന്ന ആഗ്രഹത്തിലേക്ക് വന്നത് എങ്ങനെയായിരുന്നു?

പ്ലസ് ടു കഴിഞ്ഞ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർന്നു പഠിക്കാൻ പോകാതെ ടൈപ്പിങ്ങിനു ചേർന്നു. പിന്നീട് വിദൂര പഠനത്തിലൂടെ ബികോം ബിരുദമെടുത്തു. വിവാഹം കഴിഞ്ഞ് കുട്ടികളായതോടെ ചെറിയ ജോലിയിൽ നിന്നുള്ള തുച്ഛമായ ശമ്പളം തികയാതെയായി. അപ്പോഴാണ് എത്ര കഷ്ടപ്പെട്ടു പഠിച്ചിട്ടാണെങ്കിലും ഒരു സർക്കാർ ജോലി നേടണമെന്ന് തീരുമാനിച്ചത്. അവസരങ്ങൾ ഉണ്ടായിരുന്നപ്പോൾ ശ്രമിച്ചില്ലെന്ന നഷ്ടബോധവും തീരുമാനത്തിന് ആക്കം കൂട്ടി.

പിഎസ്‌സി എഴുതാൻ പെട്ടെന്നു തീരുമാനിച്ചപ്പോൾ പഠനം എളുപ്പമായിരുന്നോ?

നേടിയെടുക്കാൻ സമയം വൈകിയിട്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ചാണ് പിഎസ്‌സി പരീക്ഷയ്ക്ക് തയാറെടുപ്പ് ആരംഭിച്ചത്. പഠനം തുടങ്ങി ആറുമാസത്തിനുള്ളിൽ എഴുതിയ എൽഡി ടൈപ്പിസ്റ്റ് പരീക്ഷ നാലാം റാങ്കോടെ പാസ്സാകാൻ കഴിഞ്ഞു.

തുടക്കത്തിൽ അത്മവിശ്വാസക്കുറവ് നല്ലപോലെ ഉണ്ടായിരുന്നു. എങ്കിലും പിന്മാറിയില്ല. ഭർത്താവിന്റേയും കുട്ടികളുടെയും സപ്പോർട്ട് കൂടി കിട്ടിയതോടെ ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് നേരെ പിഎസ്‌സി കോച്ചിങ്ങിനു ചേർന്നു. ആദ്യമെഴുതിയത് എൽഡി ടൈപ്പിസ്റ്റ് പരീക്ഷയാണ്. 6 മാസമാണ് പഠിക്കാൻ കിട്ടിയത്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച് പഠനം തുടങ്ങി. 22 മണിക്കൂർ വരെ തുടർച്ചയായി പഠിച്ച ദിവസങ്ങളുണ്ട്. ടിവിയും, ഫേയ്സ്ബുക്കും, വാട്സ്ആപ്പുമൊക്കെ കുറച്ചു കാലത്തേക്ക് വേണ്ടെന്നു വച്ചു. മുൻകാല പിഎസ്‌സി ചോദ്യങ്ങളും സ്റ്റഡി മെറ്റീരിയലുകളും തിരയാൻ മാത്രമാണ് ഫോൺ ഉപയോഗിച്ചത്.

പരീക്ഷകൾക്ക് എന്തൊക്കെയായിരുന്നു തയാറെടുപ്പുകൾ?

അടുക്കള ജോലി ചെയ്യുന്നതിനിടയിലും ഓഡിയോ സ്റ്റഡി മെറ്റീരിയലുകൾ ഹെഡ്സെറ്റ് വച്ച് കേട്ടുപഠിക്കും. കോച്ചിങ് സ്ഥാപനത്തിൽ നിന്നുള്ള നോട്ട്സുകൾക്കു പുറമേ സ്വന്തമായി നോട്ട്സുകൾ തയാറാക്കുമായിരുന്നു.

കടം വാങ്ങിയ പണം കൊണ്ട് റാങ്ക് ഫയലുകൾ വാങ്ങി. റാങ്ക് ഫയലുകളുടെ വലിപ്പവും അതിലെ പഠനഭാഗങ്ങളുടെ ആധിക്യവും കണ്ട് ഭയന്നു പോയെങ്കിലും വിട്ടുകൊടുക്കാൻ മനസ്സുവന്നില്ല. ഓരോ റാങ്കുഫയലും പേജുകൾ അടർത്തിമാറ്റി ഇരുപതോളം ചെറിയ ബുക്‌ലെറ്റുകളുടെ രൂപത്തിലാക്കി. ഭീമാകാരമായ റാങ്ക് ഫയലുകൾ ചെറുരൂപത്തിലേക്ക് മാറ്റിയതോടെ പഠിക്കാനെളുപ്പമായി. സമയം അധികമില്ലായിന്നു, എങ്കിലും കിട്ടിയ സമയം ചുറുചുറുക്കോടെ, വാശിയോടെ പഠിച്ചു.

"പഠനത്തിനു കൂടുതൽ സമയമല്ല വേണ്ടത് കൂടുതൽ ചുറുചുറുക്കും വാശിയുമാണ്. അതുണ്ടെങ്കിൽ എത്ര ചുരുങ്ങിയ സമയംകൊണ്ടും പഠിക്കാം; ഏതുപ്രായത്തിലും ഏതു പരീക്ഷയെയും നേരിടാം"

പിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്ക് ഷഹ്ന കൊടുക്കുന്ന ടിപ്സ് എന്തൊക്കെയായിരിക്കും?

സ്വന്തമായി ആത്മവിശ്വാസം ഉണ്ടാക്കിയെടുത്ത് വാശിയോടെ പഠിക്കാൻ തയാറായാൽ മാത്രം മതി, പ്രായവും സമയവും ഒന്നിനും തടസ്സമല്ല. കോച്ചിങ്ങിനു പോയാലും സ്വന്തമായി നോട്സ് ഉണ്ടാക്കി പഠിക്കുന്നത് കൂടുതൽ ഉപകാരപ്പെടും. പരമാവധി മാതൃകാ പരീക്ഷകൾ ചെയ്തു പഠിക്കണം.

English Summary:

LD Typist PSC Exam Rank Holder Shahna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com