ADVERTISEMENT

ഒരു ക്വിസ് മത്സരത്തിന്റെ ചടുലതയും ആവേശവുമുണ്ട് ആലപ്പുഴക്കാരൻ ആന്റണി ജോൺ ജോസഫിന്റെ പിഎസ്‌സി വിജയഗാഥയ്ക്ക്. ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി ഡിഗ്രി ലെവൽ പരീക്ഷയെഴുതി സർക്കാർ ജോലി ലക്ഷ്യമിട്ട ആന്റണി ഒന്നിനു പിറകെ ഒന്നായി അതിവേഗമാണ് മിന്നുംവിജയങ്ങൾ സ്വന്തമാക്കിയത്. ഒന്നാം റാങ്ക് നേടിയ ആലപ്പുഴ ജില്ലയിലെ എൽ‍ഡിസി പരീക്ഷയ്ക്കു പുറമേ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ (7–ാം റാങ്ക്), സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (59 –ാം റാങ്ക്), സെക്രട്ടേറിയറ്റ് ഓഫിസ് അസിസ്റ്റന്റ് (81–ാം റാങ്ക്) ഹൈക്കോടതി അസിസ്റ്റന്റ് (189–ാം റാങ്ക്) എന്നീ പരീക്ഷകളും പാട്ടുംപാടി പാസായ ആന്റണി അടുത്ത ലക്ഷ്യവും കുറിച്ചുകഴിഞ്ഞു. യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയാണ് ആലപ്പുഴ തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് സ്വദേശിയായ ആന്റണിയുടെ സ്വപ്നം. ഇപ്പോൾ ഗവൺമെന്റ് സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിൽ അസിസ്റ്റന്റായ ആന്റണി ജോണിന്റെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

∙സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ശീലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊതുവിജ്ഞാനം ഇഷ്ടമുള്ള മേഖലയായി. ബിരുദം പൂർത്തിയാക്കുമ്പോൾ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലേക്ക് ആദ്യം വന്ന ഉത്തരം സർക്കാർ ജോലി നേടുക എന്നതാണ്.

പൊതുവിജ്ഞാനത്തിൽ ഒരു പിടിപിടിക്കാനാകുമെന്ന ആത്മവിശ്വാസം അതിനു ധൈര്യമേകി. അച്ഛനും അമ്മയും സർക്കാർ സർവീസിലായിരുന്നതും പ്രചോദനമായി.

My Strategy

∙ഡിഗ്രി ലെവൽ പരീക്ഷകൾ ‘ക്രാക്ക്’ ചെയ്യണമെന്ന ലക്ഷ്യത്തോടെയാണു പഠനം ആരംഭിച്ചത്. ഡിഗ്രി ലെവൽ പ്രിലിംസ് പരീക്ഷ മാറ്റിവച്ചപ്പോൾ അത് എൽഡിസി മെയിൻസിനൊപ്പം നടക്കുന്ന സാഹചര്യം വന്നു. നവംബർ 13 നു ഡിഗ്രി ലെവൽ പ്രിലിംസും നവംബർ 20 ന് എൽഡിസി മെയിൻസും വന്നതോടെ ഒരുമിച്ചുള്ള പഠനം എൽഡിസിക്കു ഗുണം ചെയ്തു. തൊഴിൽവീഥിയും ഓൺലൈൻ ആപ്പുകളും ഉപയോഗിച്ചാണ് പ്രധാനമായി പഠിച്ചത്. സിലബസ് നന്നായി മനസ്സിലാക്കി മുഴുവനും പിന്തുടർന്നാണു പഠനം മുന്നോട്ടു കൊണ്ടുപോയത്. ധാരാളം മോക് ടെസ്റ്റുകളും ഗുണം ചെയ്തു.

"ഭൂതകാലത്തിൽനിന്നു പഠിക്കുക,

വർത്തമാനകാലത്തു ജീവിക്കുക,

നാളേക്കായി പ്രതീക്ഷിക്കുക"

Key to Success

∙പിഎസ്‌സി ഉൾപ്പെടെയുള്ള പരീക്ഷകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരീക്ഷാ ഹാളിലെ ‘പെർഫോമൻസ്’. സിലബസ് അരച്ചുകലക്കി പഠിച്ചതു കൊണ്ടുമാത്രം പരീക്ഷയിൽ തിളങ്ങാനാവില്ല. പരീക്ഷാസമയത്തെ സമ്മർദം എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചാണു വിജയം. പഠനത്തോടൊപ്പം അതിനുവേണ്ട തയാറെടുപ്പും നടത്തണം.

മാതൃകാപരീക്ഷകളാണ് അതിനുള്ള മുഖ്യ ആയുധം. പരമാവധി പരീക്ഷകൾ സോൾവ് െചയ്തായിരുന്നു തയാറെടുപ്പ്. തൊഴിൽവീഥിയിലൊക്കെ വരുന്ന മോക് ടെസ്റ്റുകൾ നിർദിഷ്ട കട്ട് ഓഫിനെക്കാൾ 10 മാർക്കെങ്കിലും കൂടുതൽ നേടണമെന്ന ലക്ഷ്യത്തോടെയാണു ചെയ്തു പഠിച്ചത്. മോക് ടെസ്റ്റിൽ തെറ്റിപ്പോയ ചോദ്യങ്ങളും കറക്കിക്കുത്തി ശരിയാക്കിയ ഉത്തരങ്ങളും ഉൾപ്പെടുന്ന വിഷയങ്ങൾ ഒരു വട്ടംകൂടി പഠിച്ചുറപ്പിച്ചു.

Get Ready

∙എല്ലാ വിഷയങ്ങളും അറിഞ്ഞിട്ടാവില്ല ആരും പിഎസ്‌സി പഠനം ആരംഭിക്കുന്നത്. പഠനം തുടങ്ങുമ്പോൾ മാത്രമേ സ്ട്രെങ്തും വീക്ക്നെസും അറിയാനാകൂ. ബുദ്ധിമുട്ടായി തോന്നുന്ന വിഷയങ്ങൾക്കു കൂടുതൽ ഊന്നൽ നൽകി പഠിക്കാൻ ശ്രദ്ധിക്കുക. ഏതു പരീക്ഷയാണോ ലക്ഷ്യമിടുന്നത് ആ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കി വേണം പഠനം.

കറന്റ് അഫയേഴ്സിനു പത്രവായനയും തൊഴിൽവീഥി കോംപറ്റീഷൻ വിന്നറിലെ വീക്‌ലി ആനുകാലികങ്ങളുമെല്ലാം നിർബന്ധമായും പിന്തുടരണം. പ്രസ്താവനാചോദ്യങ്ങളും വരുന്നതിനാൽ ആഴത്തിലുള്ള പഠനത്തിൽ ശ്രദ്ധ വേണം. പരമാവധി മാതൃകാപരീക്ഷകൾ എഴുതി പരിശീലിക്കുക. പഠനത്തിലെ കുറവുകൾ തിരിച്ചറിഞ്ഞു സ്വയം ‘അപ്ഗ്രേഡ്’ ചെയ്യാനുള്ള അവസരം കൂടിയാണു മാതൃകാപരീക്ഷകൾ.

Success Mantra

∙ഏതു ജില്ലയിലേക്ക് അപേക്ഷിക്കണം എന്ന കാര്യത്തിൽ ഉൾപ്പെടെ അറിവുള്ളവരുടെ ഉപദേശം സ്വീകരിക്കുന്നതു നല്ലതാണ്. റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിൽ വരുമെന്ന ലക്ഷ്യം ഉറപ്പിച്ച് തയാറെടുപ്പു തുടങ്ങാം. കട്ട് ഓഫിൽനിന്ന് 10 മാർക്ക് കൂടുതൽ നേടാനുള്ള ശ്രമമാണു നടത്തേണ്ടത്. ധൃതിപ്പെട്ടുള്ള പഠനം ഒഴിവാക്കി റിലാക്സ് ചെയ്തുള്ള തയാറെടുപ്പിലാകണം ശ്രദ്ധ.

എൽഡിസി വിജ്ഞാപനം വന്നതേയുള്ളൂ. പഠനത്തിനു വേണ്ടുവോളം സമയമുണ്ട്. ആനുകാലികവും മലയാളവും ഇംഗ്ലിഷും ഗണിതവുമൊക്കെ ദിവസേന പഠിക്കേണ്ട വിഷയങ്ങളാണ്. പരീക്ഷയിലെ മാർക്ക് പരിശോധിച്ചു വെയ്റ്റേജ് കൂടുതലുള്ള വിഭാഗങ്ങൾക്ക് ഊന്നൽ നൽകണം. മാതൃകാ രീക്ഷകൾ എഴുതുന്ന കാര്യത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ല. 

English Summary:

LDC Rankholder Antony John Joseph Thozhilveedhi Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com