ADVERTISEMENT

സ്വപ്നം തകർത്തെറിഞ്ഞൊരു പ്രതിസന്ധി അനായാസം ചാടിക്കടന്ന ആത്മവിശ്വാസം കൂടിയാണ് സ്വാതി എന്ന മിടുമിടുക്കി.

കായിക കരിയർ ആയിരുന്നു കുട്ടിക്കാലംതൊട്ടേ സ്വാതിയുടെ സ്വപ്നം. പരുക്കിനെത്തുടർന്ന് ആ സ്വപ്നവും സ്പോർട്സ് ക്വാട്ടയിലെ ജോലി സാധ്യതകളും തകർന്നപ്പോൾ തളരാതെ സ്വാതി ഒരു തീരുമാനമെടുത്തു, പിഎസ്‌സിയുടെ ട്രാക്കിലേക്കു ചുവടുമാറാൻ. 2019 വിജ്ഞാപനത്തിലെ എൽഡിസി പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം റാങ്ക് നേടിയാണ് മുൻ ലോങ്ജംപ് താരമായ ഈ താമരശ്ശേരി സ്വദേശി ആ മാറ്റത്തിന് മാറ്റു കൂട്ടിയത്.

പിഎസ്‌സിയിലേക്കുള്ള ‘ചാട്ടം’ തെല്ലും പിഴച്ചില്ലെന്നു തെളിയിക്കുന്നതാണു സ്വാതി സ്വന്തമാക്കിയ റാങ്കുകൾ. എൽഡിസി മാത്രമല്ല, സബ് ഇൻസ്പെക്ടർ പരീക്ഷയിലെ ഒന്നാം റാങ്കും സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ നാലാം റാങ്കും ഇപ്പോൾ താമരശ്ശേരി അസിസ്റ്റന്റ് ലേബർ ഓഫിസിൽ ക്ലാർക്കായ വി.സി.സ്വാതിയുടെ പേരിലുണ്ട്. അടുത്ത എസ്ഐ ബാച്ചിൽ പരിശീലനത്തിനു ചേരാന്‍ കാത്തിരിക്കുന്ന സ്വാതിയുടെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.

Turning Point

ചെറുപ്പം മുതലേ അത്‌ലറ്റിക്സിലായിരുന്നു താൽപര്യം. ലോങ്ജംപും ട്രിപ്പിൾ ജംപുമായിരുന്നു ഇനം. ദ്രോണാചാര്യ പുരസ്കാര ജേതാവ് കെ.പി.തോമസ് മാഷിന്റെ ശിഷ്യയായി ദേശീയ തലത്തിലൊക്കെ ജേതാവായിട്ടുണ്ട്. ട്രാക്കിൽ സജീവമായി, സ്പോർട്സ് ക്വാട്ടയിലൊരു ജോലിയൊക്കെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണു പരിശീലനത്തിനിടയിൽ പരുക്കേറ്റത്.

അതോടെ ട്രാക്കിലെ കരിയറും സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. കടുത്ത നിരാശ തോന്നിയ ആ നാളുകളിൽ നാട്ടിലെ ഒരു സുഹ‍ൃത്താണു പിഎസ്‌സി വഴി ജോലിക്കു ശ്രമിക്കാൻ ഉപദേശിച്ചത്. ബിഎസ്‌സി മാത്‌സും എംഎ ഇംഗ്ലിഷും പൂർത്തിയാക്കിയ ശേഷമാണു പിഎസ്‌സി പരിശീലനത്തിലേക്കു തിരി‍ഞ്ഞത്. സ്പോർട്സിന്റെ വെയ്റ്റേജ് മാർക്ക് കൂടിയുള്ളത് ആത്മവിശ്വാസം കൂട്ടി.

''ഞാൻ 99 തവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടു. പക്ഷേ ഞാൻ അവസാനിപ്പിക്കാൻ തയാറല്ലായിരുന്നു. നൂറാമത്തെ തവണ വിജയം എന്നെത്തേടി വരികതന്നെ ചെയ്തു''

Strategy
കോച്ചിങ്ങിനു ചേർന്നായിരുന്നു പഠനം. റാങ്ക് ഫയലുകളിലൂടെയുള്ള പഠനത്തിനൊപ്പം മുൻകാല പരീക്ഷാ ചോദ്യങ്ങൾക്കും നല്ല പ്രാധാന്യം കൊടുത്തിരുന്നു. തുടക്കം തൊട്ടേ കറന്റ് അഫയേഴ്സിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. തൊഴിൽവീഥിയിൽനിന്നും പത്രത്തിൽനിന്നും ഓൺലൈൻ ചാനലുകളിൽ നിന്നുമെല്ലാം കുറിപ്പുകൾ തയാറാക്കി. കൃത്യമായി അവ റിവിഷൻ ചെയ്തു. ഓർമയിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ള വർഷങ്ങളും ഫോർമുലകളുമൊക്കെ നോട്ട് ബുക്കിൽ കുറിച്ചെടുത്തു. ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ വസ്തുതകളെല്ലാം റിവിഷൻ ചെയ്ത് ഓർമ പുതുക്കാനും ശ്രദ്ധിച്ചു.

സ്കോർ ചെയ്യാൻ സാധിക്കുന്ന ഇംഗ്ലിഷും മലയാളവും പഠിക്കാൻ ദിവസേന സമയം മാറ്റിവച്ചു. ബിരുദത്തിലെ മെയിനായ ഗണിതം പ്രയാസമല്ലാത്തതും പഠനത്തിൽ തുണച്ചു.

Key to Success

ആദ്യ ജോലി സിപിഒ തസ്തികയിലാണ്. ട്രെയിനിങ് സമയത്തായിരുന്നു എൽഡിസി മെയിൻ പരീക്ഷ. സിലബസ് പൂർണമായി പിന്തുടരാൻ സമയം ലഭിച്ചില്ല. ഇംഗ്ലിഷ്, മാത്‌സ്, മലയാളം, കറന്റ് അഫയേഴ്സ് വിഷയങ്ങൾക്കു പ്രാധാന്യം നൽകി. സിലബസ് പിന്തുടർന്നുള്ള മാതൃകാ പരീക്ഷകൾ സ്ഥിരമായി പരിശീലിച്ചത് ഏറെ ഗുണം ചെയ്തു. ചോദ്യങ്ങളുടെ തെറ്റായ ഓപ്ഷനുകൾക്കു പിന്നാലെ പോകുന്നതു വഴിയുള്ള ആശയക്കുഴപ്പവും സമയനഷ്ടവുമെല്ലാം ഒഴിവാക്കാനായതു ധാരാളം മോക് ടെസ്റ്റുകൾ ചെയ്തു ശീലിച്ചതിന്റെ ഫലമാണ്.

Get Ready
പിഎസ്‌സി പഠനം തുടങ്ങി ആദ്യ പരീക്ഷയിൽത്തന്നെ മികച്ച മാർക്ക് കിട്ടണമെന്നില്ല. ജോലിയാണു ലക്ഷ്യമെങ്കിൽ നിരന്തരം പരിശ്രമിക്കണം. ഇതിനിടയ്ക്കു പലതരം തടസ്സങ്ങളും ബുദ്ധിമുട്ടും നിരാശയുമെല്ലാം നേരിടേണ്ടി വരും. ജോലി വേണമെന്ന തീവ്ര ആഗ്രഹംകൊണ്ടേ ഇതിനെ അതിജീവിക്കാനാകൂ. ഓരോ പരീക്ഷ കഴിയുന്തോറും അറിവും ആത്മവിശ്വാസവും കൂടുകയേയുള്ളൂ. ക്ഷമയോടെ ശ്രമം തുടരുക, ലക്ഷ്യം നേടാനാകും. ജോലി ഉറപ്പാക്കിക്കഴിഞ്ഞാലും പ്രായവും സാഹചര്യവും അനുവദിക്കുമെങ്കിൽ ആഗ്രഹിച്ച ജോലി നേടുംവരെ പഠിക്കാൻ തയാറാകണം.

Success Mantra
ഇത്തവണ എൽഡിസി ഒറ്റപ്പരീക്ഷയായതുകൊണ്ടു സിലബസ് മനസ്സിലാക്കി വെയ്റ്റേജ് കൂടുതലായുള്ള മേഖലകൾ കാര്യമായി പഠിക്കണം. മാത്‌സ്, ഇംഗ്ലിഷ്, മലയാളം വിഷയങ്ങൾ മനസ്സിലാക്കി പഠിച്ചാൽ സ്കോർ ചെയ്യാൻ വളരെ എളുപ്പമാണ്. മുൻകാല ചോദ്യ പേപ്പറിനു പ്രാധാന്യം കൊടുത്തു പഠിക്കാൻ ശ്രദ്ധിക്കുക. എത്രത്തോളം പഠിച്ചു എന്നതിലല്ല, പരീക്ഷാഹാളിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതിലാണു കാര്യം. ദിവസേന മോക് ‌ടെസ്റ്റുകൾ എഴുതി തയാറെടുക്കുന്നത് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിക്കും. 

English Summary:

PSC LDC Rank Holder Swathi Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com