ADVERTISEMENT

ഏറ്റവും വിലപ്പെട്ട ഗുരുദക്ഷിണ എന്താണെന്നു ചോദിച്ചാൽ അത് ഗുരുവിനു കൊടുത്ത വാക്ക് പാലിക്കുകയെന്നതാണെന്നു മലപ്പുറം സ്വദേശി ജിഷി പറയും. കാരണം ജിഷി തനിക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപികയ്ക്കു നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ്. അധ്യാപികയാകണമെന്ന സ്വപ്നം ജിഷിയുടെ മനസ്സിൽ പകർന്നത് ഹൈസ്കൂൾ ക്ലാസിൽ മലയാളം പഠിപ്പിച്ച ലതിക ടീച്ചറായിരുന്നു. അങ്കണവാടി അധ്യാപികയായ അമ്മ ജിഷിക്കു പ്രചോദനം പകർന്നു. താങ്ങും തണലുമായി കൂടെനിന്ന അച്ഛൻ പാതിവഴിയിൽ വിട്ടുപിരിഞ്ഞതോടെ, ജോലി ഒരു അത്യാവശ്യമായി മാറിയപ്പോൾ, ജിഷി ലതിക ടീച്ചർക്കു കൊടുത്ത വാക്ക് വീണ്ടുമോർമിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഡിഗ്രിക്കും പിജിക്കും ബിഎഡിനും മലയാളം ഐശ്ചിക വിഷയമായി പഠിച്ച്, പിഎച്ച്ഡിയും പൂർത്തിയാക്കിയ ജിഷി എച്ച്എസ്എ പരീക്ഷയ്ക്കുള്ള തയാറെടുപ്പു തുടങ്ങുകയായിരുന്നു. പത്തുവർഷത്തെ പഠനവും പരിശ്രമവും വെറുതെയായില്ല. ആറാം റാങ്കിന്റെ തിളക്കത്തോടെ, അതിലേറെ ആത്മസംത‍ൃപ്തിയോടെ ജിഷി കോട്ടക്കുന്നിന്മേൽ ലതികടീച്ചർക്കു നൽകിയ വാക്ക് ഇന്ന് യാഥാർഥ്യമാക്കിയിരിക്കുന്നു.

അധ്യാപികയാകുകയെന്ന സ്വപ്നം, അതും സർക്കാർ സർവീസിൽ. എങ്ങിനെയാണ് ആ നേട്ടത്തിലേക്കെത്തിയത്?

അച്ഛന്റെ വരുമാനം കൊണ്ടുമാത്രം കഴിഞ്ഞുപോയൊരു കുടുംബമായിരുന്നു എന്റേത്. പെട്ടെന്നായിരുന്നു അച്ഛന്റെ മരണം. പ്രതിസന്ധിയിലായിപ്പോയ കുടുംബത്തെ അങ്കണവാടിയിൽ ജോലിയ്ക്കു പോയാണ് അമ്മ കരയ്ക്കടുപ്പിച്ചത്. അന്നുമുതൽ സ്ഥിരവരുമാനം തരുന്ന ജോലിയുടെ പ്രാധാന്യം എത്രയാണെന്നു മനസിലാക്കിയാണ് ഞാൻ വളർന്നത്. അധ്യാപികയാകുക എന്നതായിരുന്നു എന്റെ ആഗ്രഹം. സ്കൂളിൽ മലയാളം അധ്യാപികയായിരുന്ന ലതിക ടീച്ചറാണ് അങ്ങനെയൊരു ആഗ്രഹം മനസിൽ വരാൻ കാരണമായത്. ടീച്ചർ ഇപ്പോൾ എവിടെയാണെന്നു പോലും അറിയില്ല. എങ്കിലും ടീച്ചർ പഠിപ്പിച്ച അതേ വിഷയത്തിൽ എനിക്കും അധ്യാപികയാകാൻ കഴിഞ്ഞത് ടീച്ചർക്ക് ഞാൻ കൊടുക്കുന്ന ദക്ഷിണ പോലെയാണ്.

lathika-teacher-new-gif
ലതിക ടീച്ചർ

പിഎസ്‌സി പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ എങ്ങനെയെല്ലാമായിരുന്നു?

മലയാളം പ്രധാനവിഷയമായി പഠിച്ച ഞാൻ പത്തുവർഷത്തിനുള്ളിൽ വന്ന എല്ലാ പരീക്ഷകളും എഴുതി. റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടു. എന്നിട്ടും ജോലി കിട്ടിയില്ല. ആ സമയത്ത് താൽക്കാലിക വ്യവസ്ഥയിൽ അധ്യാപികയായി ജോലി ചെയ്തിരുന്നതു കൊണ്ടു പഠനത്തിനും സമയം കുറവായിരുന്നു. എന്നാൽ നിരന്തരം പരീക്ഷകൾ എഴുതുകയും വിചാരിച്ച നേട്ടം കിട്ടാതെയുമായപ്പോൾ കണ്ണൂർ ബ്രില്യൻസ് കോളജിൽ പരിശീലനത്തിനു ചേർന്നു. അതിനു ശേഷം വ്യക്തമായൊരു പഠനക്രമം ഉണ്ടായി. സിലബസ് മനസിലാക്കി പഠിക്കാൻ തുടങ്ങി. കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന വിഷയങ്ങൾക്ക് കൂടുതൽ സമയം കൊടുത്തു. രാവിലെ ജോലിക്കു പോയിരുന്നതു കൊണ്ട് രാത്രി സമയത്തായിരുന്നു പഠനം അധികവും. ആഴ്ചയിൽ ഒരു ദിവസം റിവിഷൻ നടത്തും. ഇവയ്ക്കെല്ലാം പുറമേ കൂട്ടുകാരികളുമായി കംബൈൻഡ് സ്റ്റഡിയ്ക്കും കോൺഫറൻസ് കോളുകളിലൂടെ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കാനും സമയം കണ്ടെത്തുമായിരുന്നു.

ഒാൺലൈൻ കോച്ചിങ്ങിനു പുറമേ തൊഴിൽവീഥിയും വിജയത്തിനൊരു വലിയ പങ്കുവഹിച്ചിട്ടുണ്ട്. സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങൾ വിശദീകരണം സഹിതം നൽകിക്കൊണ്ടുള്ള തൊഴിൽവീഥിയുടെ പരിശീലനം റാങ്ക് നേടാൻ ഏറെ സഹായിച്ചിട്ടുണ്ട്.

പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്ക് എന്തൊക്കെ ടിപ്സ് ആണ് കൊടുക്കാനുള്ളത്?

പിഎസ്‌സി പരീക്ഷ എഴുതാൻ വ്യക്തമായ പ്ലാൻ വേണം. പ്ലാനിങ് ഇല്ലെങ്കിൽ സിലബസ് പഠിച്ചുതീരില്ല. ആഗ്രഹിക്കുന്ന ജോലി നേടിയെടുക്കണമെന്ന നിശ്ചയദാർഢ്യം എപ്പോഴും വേണം. എന്റെ പഠനം പ്ലാൻ ചെയ്യാൻ സഹായിച്ചതു തൊഴിൽവീഥിയാണ്. സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങൾ വിശദീകരണ സഹിതം നൽകിക്കൊണ്ടുള്ള പരിശീലനം റാങ്ക് നേടാൻ ഏറെ സഹായകമായിട്ടുണ്ട്.

വിദ്യാഭ്യാസം, കുടുംബം?

ബിരുദവും, പിജിയും ബിഎഡും മലയാളം ഐച്ഛിക വിഷയമായാണ് പഠിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നു മലയാളത്തിൽ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്. ഭർത്താവ് ജയപ്രകാശ് കണ്ണൂർ ഗവ. ആയുർവേദ കോളജിൽ ഇലക്ട്രിഷ്യനാണ്.

English Summary:

Jishi PSC HSA Exam Rankholder Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com