ADVERTISEMENT

സർക്കാർ വകുപ്പുകളിലെയും നിയമനം പിഎസ്‌സിക്കു വിട്ട വിവിധ സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ നിയമനാധികാരികൾ തയാറാവാത്ത പ്രശ്നം വീണ്ടും വീണ്ടും ചർച്ച ചെയ്യേണ്ടിവരുന്നത് നിരാശാജനകമാണ്. നിശ്ചിത കാലാവധിക്കുള്ളിൽ ഒഴിവു റിപ്പോർട്ട് ചെയ്യപ്പെടാതെ പോയാൽ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് അതുണ്ടാക്കുന്ന തിരിച്ചടി അറിയാത്തവരല്ല അധികാരസ്ഥാനത്തുള്ളവർ. എന്നിട്ടും, അർഹമായ ഒഴിവുകൾ പുറത്തുവരാതെ പോകുന്നതിന് ആരും ഉത്തരവാദികളാവുന്നില്ല.

വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയിൽ നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണമെന്നു ചൂണ്ടിക്കാട്ടി സർക്കാർ മുൻപൊക്കെ സർക്കുലർ പുറത്തിറക്കുമായിരുന്നു. വർഷാവസാനം ഇറക്കുന്ന സർക്കുലറിൽ അടുത്ത വർഷം പ്രതീക്ഷിക്കുന്ന ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നു വ്യക്തമാക്കാറുണ്ട്. എന്നാൽ, കുറച്ചു കാലമായി ഇത്തരം സർക്കുലറുകൾ കാണാനില്ല. സർക്കുലറുകൾ ഇറങ്ങുമ്പോൾപോലും ഒഴിവ് റിപ്പോർട്ടിങ് ശുഷ്കമായിരുന്നു. എങ്കിലും, വലിയ പരാതിക്ക് ഇടനൽകാതെ ഒഴിവു റിപ്പോർട്ടിങ് ചെയ്തുകണ്ടിരുന്നു. വകുപ്പുകളിൽ നേരിട്ടു ചെന്ന് ഒഴിവു റിപ്പോർട്ട് ചെയ്യിക്കാൻ ഉദ്യോഗാർഥികൾക്ക് ഇത്തരം സർക്കുലറുകൾ വലിയ ബലമായിരുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തുന്നതു കേരള പിഎസ്‌സി ആണെന്ന് സർക്കാർ അഭിമാനത്തോടെ വ്യക്തമാക്കാറുണ്ട്. നിയമന ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ജോലിയിൽ പ്രവേശിക്കാത്തവരുടെ ഒഴിവിൽ (എൻജെഡി ഒഴിവ്) നടത്തുന്ന നിയമന ശുപാർശകൂടി ഇതിൽപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സിവിൽ പൊലീസ് ഓഫിസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽനിന്ന് മാർച്ച് അവസാനംവരെ 4,454 നിയമന ശുപാർശ നൽകി. ഇതിൽ 1,018 എണ്ണം എൻജെഡിയാണ്. 4,454 നിയമന ശുപാർശ എന്ന കണക്കാണു പുറത്തുവരുന്നതെങ്കിലും യഥാർഥ നിയമനം 3,436 മാത്രമണ്. ആകെ നിയമന ശുപാർശയുടെ കണക്കല്ല, ആകെ നിയമനത്തിന്റെ കണക്ക് എന്നു ചുരുക്കം.

എൽഡിസി, ലാസ്റ്റ് ഗ്രേഡ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തുടങ്ങി പ്രധാന തസ്തികകളിലെല്ലാം ഇപ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. മുൻ ലിസ്റ്റുകളിൽനിന്നു നടന്ന നിയമനത്തേക്കാൾ വളരെ കുറവാണ് പുതിയ ലിസ്റ്റുകളിൽ നടക്കുന്നത്. ഒഴിവ് റിപ്പോർട്ടിങ് കൂടുതൽ ഊർജിതമാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ഈ റാങ്ക് ലിസ്റ്റുകളിലെയെല്ലാം നൂറുകണക്കിന് ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാവും. 

English Summary:

Vacancy Reporting Circular Editorial PSC Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com