യൂണിവേഴ്സിറ്റി എൽജിഎസ് സാധ്യതാ ലിസ്റ്റ്: അടയ്ക്കരുത്, സാധ്യതകൾ
Mail This Article
സർവകലാശാലകളിലേക്കുള്ള ആദ്യ ഓഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്) സാധ്യതാ ലിസ്റ്റ് പിഎസ്‌സിയിൽ തയാറാകുമ്പോഴും ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്യാത്തതു നിരാശാജനകമാണ്. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവിന്റെ എണ്ണത്തിന് ആനുപാതികമായി സാധ്യതാ ലിസ്റ്റ് വന്നാൽ ഉദ്യോഗാർഥികൾക്ക് അതു വലിയ തിരിച്ചടിയാകും.
സംസ്ഥാനത്തെ 13 സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനമാണു പിഎസ്‌സിക്കു വിട്ടത്. ഇതിൽ കാലിക്കറ്റ്, കണ്ണൂർ, എംജി, വെറ്ററിനറി, കുഫോസ്, കാർഷിക, ആരോഗ്യ, സംസ്കൃത സർവകലാശാലകൾ മാത്രമാണ് ഇതുവരെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്. കൂടുതൽ ഒഴിവുള്ള കേരള ഉൾപ്പെടെ മറ്റു സർവകലാശാല കളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവിധ സർവകലാശാലകളിലായി ആയിരത്തോളം ഒഴിവുണ്ടെന്നാണു വിവരം. എന്നാൽ, എട്ട് സർവകലാശാലകളിലെ 209 ഒഴിവു മാത്രമാണ് ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാഷ്ട്രീയപ്രവർത്തകരുടെയും സർവകലാശാലാ ജീവനക്കാരുടെയും എതിർപ്പുകൾ മറികടന്നാണു സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് നിയമനം പിഎസ്‌സിക്കു വിട്ടത്. നിയമനച്ചട്ടം തയാറാകാൻ പിന്നെയും വർഷങ്ങളെടുത്തു. തൊഴിൽവീഥി ഉൾപ്പെടെ മാധ്യമങ്ങളുടെ നിരന്തര ശ്രമങ്ങൾ ഇതിനു പിന്നിലുണ്ടായിരുന്നു. ചട്ടം തയാറാക്കി നിയമനനടപടി തുടങ്ങിയപ്പോൾ ഒഴിവു റിപ്പോർട്ട് ചെയ്യാതെ തുരങ്കം വയ്ക്കാനാണ് ഇപ്പോഴത്തെ ശ്രമം.
പ്രിലിമിനറി, മെയിൻ പരീക്ഷകൾ എഴുതി ലിസ്റ്റിൽ വരുന്നവർക്കു നിയമനം ലഭിക്കാതെ പോകുന്നതു സങ്കടകരമാണ്. സിവിൽ പൊലീസ് ഓഫിസർ മുൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഈ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും നിരാശരാകുകയും ചെയ്തത് അടുത്തിടെ നമ്മൾ കണ്ടതാണ്. ആ അവസ്ഥ സർവകാലാശാലാ ഓഫിസ് അറ്റൻഡന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയ്ക്ക് 14 ജില്ലയിലും ഇപ്പോൾ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് പരിമിതമാണ് ഇത്തവണ നിയമനം. ഈ സാഹചര്യത്തിൽ സർവകലാശാലാ ഓഫിസ് അറ്റൻഡന്റ് തസ്തികയിലെ നിയമനം ഏറെ പ്രതീക്ഷയോടെയാണ് ഉദ്യോഗാർഥികൾ കാണുന്നത്. ഇവരെ നിരാശരാക്കാതെ, നിലവിലുള്ളതും അടുത്ത വർഷങ്ങളിൽ പ്രതീക്ഷിക്കുന്നതുമായ എല്ലാ ഒഴിവും ഏറ്റവും വേഗം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ തയാറാകണം. ആദ്യ തിരഞ്ഞെടുപ്പായതിനാൽ പരമാവധി ഉദ്യോഗാർഥികളെ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പിഎസ്‌സിയും ശ്രദ്ധിക്കണം.